അവിദ്വേഷത്തിന്റെ ബലം – ധമ്മപാദം
ദ്വേഷത്താൽ ഒരിയ്ക്കലും ശമിപ്പതില്ലാ ദ്വേഷം,
ശമിപ്പതദ്വേഷത്താൽ, ഈ ധർമം സനാതനം
– ശ്രീ ബുദ്ധൻ (ധമ്മപാദം )
തികച്ചും ലളിതമായ സത്യം. എക്കാലത്തെയും സത്യം. മതങ്ങളുടെയും രാഷ്ട്രങ്ങളുടെയും മതിൽക്കെട്ടുകളിൽ ഒതുങ്ങാതെ, ഏതു സമൂഹത്തിലും കണ്ടെത്താവുന്ന സത്യം. എങ്കിലും, നാം ഇത് അറിയാറില്ല. അഥവാ, അറിഞ്ഞാലും മറന്നു പോകുന്നു.
അദ്വേഷം അന്യന്റെ ദ്വേഷം അലിയിക്കുക മാത്രമല്ല, അന്യത്വത്തെ തന്നെ അലിയിച്ചുകളയുന്നു. അതാണ് അദ്വേഷത്തിന്റെ ശക്തി.
ദ്വേഷത്തോട് ദ്വേഷം കൊണ്ട് പ്രതികരിച്ചാൽ അത് ദ്വേഷത്തെ ശമിപ്പിയ്ക്കില്ല. മറിച്ച്, ദ്വേഷത്തിന്റെ അഗ്നി ആളിപ്പടരും. അദ്വേഷപൂർവമായ (ദ്വേഷമില്ലാത്ത) സമീപനം കൊണ്ട് മാത്രമേ മറ്റുള്ളവരിൽ ആളിപ്പടരുന്ന ദ്വേഷാഗ്നി കെടുത്താൻ കഴിയൂ. ഈ സത്യം സനാതനമാണെന്ന് (എക്കാലവും നിലനിൽക്കുന്നതെന്ന്) ബുദ്ധൻ ഉദ്‌ബോധിപ്പിച്ചു.
ശാന്തിയുടെയും സമാധാനത്തിന്റെയും കുളിർമ ഈ ലോകത്ത് അനുഭവപ്പെട്ടിട്ടുള്ള ഓരോ സാഹചര്യത്തിലും, അതിന് പുറകിൽ, പരസ്പരവിശ്വാസത്തിന്റെയും ധാരണയുടെയും സഹവർത്തിത്വത്തിന്റെയും ഒരു അദ്ധ്യായമുണ്ടാകും. വ്യക്തികൾക്കിടയിൽ മാത്രമല്ല, സമൂഹത്തിന്റെ ഓരോ തലത്തിലും, രാഷ്ട്രങ്ങൾ തമ്മിൽപ്പോലും അത് അങ്ങനെ തന്നെയാണ്.
ഒരു വിഡ്ഢിയ്ക്ക് മാത്രമേ മറ്റുള്ളവരെ ഹനിച്ചിട്ട് സ്വസ്ഥമായി ഉറങ്ങാൻ കഴിയൂ.
അവിടെയൊന്നും ദ്വേഷത്തിന് സ്ഥാനമില്ല. അദ്വേഷമാണ് സഹിഷ്ണുതയുടെയും ക്ഷമയുടെയും മൈത്രിയുടെയും കാരുണ്യത്തിന്റെയും പരസ്പരം അറിയുന്നതിന്റെയും സഹവർത്തിത്വത്തിന്റെയും ഒക്കെ അടിത്തറ. അദ്വേഷം അന്യന്റെ ദ്വേഷം അലിയിക്കുക മാത്രമല്ല, അന്യത്വത്തെ തന്നെ അലിയിച്ചുകളയുന്നു. അതാണ് അദ്വേഷത്തിന്റെ ശക്തി.
ഒരു പരിഷ്‌കൃത സമൂഹത്തിൽ സ്നേഹത്തിന്റെ സന്ദേശം വെറുപ്പിന്റെ കോലാഹലങ്ങളെക്കാൾ ജനഹൃദയങ്ങളിൽ മാറ്റൊലി കൊള്ളും. സഹിഷ്ണുതയുടെയും സഹാനുഭൂതിയുടെയും സഹവർത്തിത്വത്തിന്റെയും സന്ദേശങ്ങളിൽ അവർ രോമാഞ്ചപുളകിതരാകും. അത്തരം സമൂഹങ്ങൾ സമാധാനത്തിന്റെയും പുരോഗതിയുടെയും പുതിയ മാനങ്ങൾ കണ്ടെത്തും.
പ്രതികാരം ശാന്തി പടർത്തിയതായി നാം ഒരിക്കലും കേട്ടിട്ടില്ല. തളരുന്ന ശത്രു, പൂർവാധികം ശക്തനായി തിരികെ വരുന്നു. തലമുറകൾക്കപ്പുറവും ദ്വേഷാഗ്നി ഇരുഭാഗത്തേയും ഗ്രസിച്ച് ഭീകരാന്തരീക്ഷം നിലനിർത്തുന്നു. ദ്വേഷത്തിന്റെ അടിമകളായി മനുഷ്യർ കലഹിക്കുന്നു. മതങ്ങൾ കലഹിക്കുന്നു. രാഷ്ട്രങ്ങൾ കലഹിക്കുന്നു. എന്താണ് ലാഭം? അങ്ങേയറ്റം കിട്ടാവുന്നത് ശീതസമരത്തിന്റെ ഒരു താത്കാലിക ശാന്തി മാത്രം. പുറത്ത് ശാന്തമെങ്കിലും അകത്ത് ആശങ്കകൾ തളം കെട്ടിക്കിടക്കുന്ന ഒരു ഭയാനകമായ ശാന്തത! ശത്രു എന്നാണ് ശക്തമായി തിരിച്ചെത്തുക എന്ന ആശങ്ക. ശത്രുവിനെ പൂർണമായി നശിപ്പിച്ചാലും ആ ഭയം വിട്ടുമാറില്ല. ശത്രുപക്ഷത്ത് പുതിയ മുഖങ്ങൾ ഉയരുമെന്നത് സുനിശ്ചിതമാണ്. അത് എപ്പൊഴാകുമെന്നതിലേ അനിശ്ചിതത്വമുള്ളൂ. ഒരു വിഡ്ഢിയ്ക്ക് മാത്രമേ മറ്റുള്ളവരെ ഹനിച്ചിട്ട് സ്വസ്ഥമായി ഉറങ്ങാൻ കഴിയൂ.
യഥാർത്ഥ ധീരത ദ്വേഷത്തിന് അടിമപ്പെടുന്നതിലല്ല. മൈത്രീ-കരുണാ ഭാവങ്ങൾ ഉൾകൊണ്ട് ദ്വേഷത്തെ കീഴ്പ്പെടുത്തന്നതിലാണ്.
സത്യമിതായിരിക്കെ, പലപ്പോഴും നാം ഇന്ന് കേൾക്കുന്നത് തിരിച്ചാണ്. ദ്വേഷമാണ് ഊർജവും ധൈര്യവും പകരുന്നതെന്ന തെറ്റിദ്ധാരണ പടരുന്നു. അദ്വേഷം തെളിമയാർന്ന മനസ്സും അതിന്റെ തുറന്ന കാഴ്ചപ്പാടിൽ നിന്നും വരുന്ന സമചിത്തതയോടുള്ള ഊർജവും സമ്മാനിക്കുമ്പോൾ, ദ്വേഷം നമുക്ക് പകരുന്നത് കോപാഗ്നിയാൽ സമചിത്തത നഷ്ടപ്പെട്ട ഒരുവന്റെ വികാരവിക്ഷോഭങ്ങളുടെ അന്ധമായ ഊർജമാണ്. അത് നമ്മെ ശക്തിപ്പെടുത്തുന്നില്ല. മറിച്ച്, മറ്റുള്ളവരുടെ കൈകളിലെ പാവകളാക്കി മാറ്റുന്നു. യഥാർത്ഥ ധീരത ദ്വേഷത്തിന് അടിമപ്പെടുന്നതിലല്ല. മൈത്രീ-കരുണാ ഭാവങ്ങൾ ഉൾകൊണ്ട് ദ്വേഷത്തെ കീഴ്പ്പെടുത്തന്നതിലാണ്.
വെറുപ്പിന്റെ ശബ്ദവും പ്രതികാരകാഹളങ്ങളും ഒരു സമൂഹത്തിൽ നിറയുമ്പോൾ, ജാതി-മത-ഭാഷ-വർഗ-സംസ്കാര നാമങ്ങളിലുള്ള അന്യവൽക്കരണങ്ങളും പരസ്പര വിദ്വേഷവും സമൂഹത്തെ വിഭജിക്കുമ്പോൾ, മതേതരത്വവും അഹിംസയും സഹിഷ്ണുതയും പരിഹസിക്കപ്പെടുമ്പോൾ, ആ സമൂഹം ഒരു ഇരുണ്ട യുഗത്തിന്റെ വാതിൽപ്പടിയിൽ എത്തി എന്ന് തിരിച്ചറിയാം. അടിച്ചമർത്തലിന്റെയും വംശവെറിയുടെയും പരസ്പര വിശ്വാസമില്ലായ്മയുടെയും അസ്വാസ്ഥ്യത്തിന്റെയും ആശയദാരിദ്ര്യത്തിന്റെയും ഒരു ഇരുണ്ട യുഗം.
കൗശലികളായ രാഷ്ട്രീയക്കാരും മതനേതാക്കളും അവരുടെ അണികളിൽ ദ്വേഷം നിറയ്ക്കുക വഴി അവരിൽ അന്ധമായ തീ കത്തിയ്ക്കുകയും അങ്ങനെ അവരെ നേതാക്കളുടെ സ്വകാര്യ ലാഭങ്ങൾക്കായി ഉപയോഗിക്കാവുന്ന യന്ത്രമനുഷ്യരാക്കി മാറ്റുകയും ചെയ്യുന്നു. അന്ധമായ കോപാഗ്നി നാശം വിതയ്ക്കുമ്പോൾ, താൽക്കാലികമായി പോലും അതിന്റെ ലാഭം കൊയ്യുന്നത് ആ കോപത്തിൽ നിന്ന് മാറി നിന്ന് അവരെ നിയന്ത്രിക്കുന്ന കൗശലക്കാരാണ്. അത്തരം സ്വേച്ഛാധിപതികൾ തങ്ങളുടെ ജനങ്ങളിൽ ദ്വേഷം കുത്തിവച്ച് രാജ്യങ്ങളെ യുദ്ധത്തിലേക്ക് നയിക്കുന്നു. കാരണം, മറ്റാർക്കൊക്കെയോ എതിരെ ദ്വേഷം ജ്വലിപ്പിച്ച് അന്ധരാകുന്ന ജനതയെ, തങ്ങളുടെ വരുതിക്ക് നിർത്തുവാൻ സ്വേച്ഛാധിപതികൾക്ക് എളുപ്പമാകുമല്ലോ.
ഒരു പരിഷ്‌കൃത സമൂഹത്തിൽ സ്നേഹത്തിന്റെ സന്ദേശം വെറുപ്പിന്റെ കോലാഹലങ്ങളെക്കാൾ ജനഹൃദയങ്ങളിൽ മാറ്റൊലി കൊള്ളും. സഹിഷ്ണുതയുടെയും സഹാനുഭൂതിയുടെയും സഹവർത്തിത്വത്തിന്റെയും സന്ദേശങ്ങളിൽ അവർ രോമാഞ്ചപുളകിതരാകും. അത്തരം സമൂഹങ്ങൾ സമാധാനത്തിന്റെയും പുരോഗതിയുടെയും പുതിയ മാനങ്ങൾ കണ്ടെത്തും. ബുദ്ധന്റെ സന്ദേശം ഉൾക്കൊണ്ട അശോക ചക്രവർത്തി ഇന്ത്യയെ നയിച്ചതും അത്തരം ഒരു സുവർണ യുഗത്തിലേക്കാണ്.
എന്നാൽ, വെറുപ്പിന്റെ ശബ്ദവും പ്രതികാരകാഹളങ്ങളും ഒരു സമൂഹത്തിൽ നിറയുമ്പോൾ, ജാതി-മത-ഭാഷ-വർഗ-സംസ്കാര നാമങ്ങളിലുള്ള അന്യവൽക്കരണങ്ങളും പരസ്പര വിദ്വേഷവും സമൂഹത്തെ വിഭജിക്കുമ്പോൾ, മതേതരത്വവും അഹിംസയും സഹിഷ്ണുതയും പരിഹസിക്കപ്പെടുമ്പോൾ, ആ സമൂഹം ഒരു ഇരുണ്ട യുഗത്തിന്റെ വാതിൽപ്പടിയിൽ എത്തി എന്ന് തിരിച്ചറിയാം. അടിച്ചമർത്തലിന്റെയും വംശവെറിയുടെയും പരസ്പര വിശ്വാസമില്ലായ്മയുടെയും അസ്വാസ്ഥ്യത്തിന്റെയും ആശയദാരിദ്ര്യത്തിന്റെയും ഒരു ഇരുണ്ട യുഗം. ഇത്തരം ഇരുണ്ട യുഗങ്ങളിലൂടെ നമ്മളും ചില നൂറ്റാണ്ടുകളിൽ കടന്നു പോയിട്ടുണ്ട്. ഒരിയ്ക്കൽ കടന്നു കയറിയാൽ, നൂറ്റാണ്ടുകളെടുക്കും ചിലപ്പോൾ അത്തരം ഇരുണ്ട യുഗങ്ങളിൽ നിന്നും പുറത്ത് കടക്കാൻ. ദ്വേഷമില്ലായ്മയിൽ അടിയുറച്ച ഒരു സംസ്കാരത്തിന് മാത്രമേ നമ്മെ അത്തരം സാധ്യതകളിൽ നിന്ന് രക്ഷിയ്ക്കാൻ കഴിയൂ.
ഇവിടെ, ബുദ്ധൻ നമുക്ക് പകർന്ന് തരുന്ന പ്രത്യേക സന്ദേശം, ഉപരിപ്ലവമായ ഒരു സദാചാരചിന്തയ്ക്കപ്പുറം യാഥാർഥ്യബോധത്തിന്റെ പിൻബലത്തോടെ, നമ്മുടെ മനസ്സിൽ അനായാസം ഉദിച്ചുയരുന്ന ഒരു ഗുണമായി അദ്വേഷത്തെ വളർത്തിയെടുക്കുന്നത് എങ്ങനെ എന്നതാണ്.
ദ്വേഷത്തെ തിരസ്കരിക്കുന്ന സദാചാരബോധം ബുദ്ധന്റെ മാത്രം പ്രത്യേകതയല്ല. ശരിയായ ദിശയിൽ ചിന്തിക്കുന്നവരൊക്കെയും ഇതിനോട് യോജിക്കും. അനേകം തത്വശാസ്ത്രങ്ങളും ദാർശനികരും പലപ്പോഴും ഇത്തരം ആശയങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവിടെ, ബുദ്ധൻ നമുക്ക് പകർന്ന് തരുന്ന പ്രത്യേക സന്ദേശം, ഉപരിപ്ലവമായ ഒരു സദാചാരചിന്തയ്ക്കപ്പുറം യാഥാർഥ്യബോധത്തിന്റെ പിൻബലത്തോടെ, നമ്മുടെ മനസ്സിൽ അനായാസം ഉദിച്ചുയരുന്ന ഒരു ഗുണമായി അദ്വേഷത്തെ വളർത്തിയെടുക്കുന്നത് എങ്ങനെ എന്നതാണ്. ഞാനെന്താണെന്നും ഞാനും മറ്റുള്ളവരുമായുള്ള ബന്ധം എന്താണെന്നും ഉള്ള ഒരു നേരിട്ടറിവ് വികസിക്കുമ്പോൾ, വെറും സദാചാരവിചാരത്തിനപ്പുറം മനസ്സിന്റെ തനതായ ഭാവമായി അദ്വേഷം ഉണർന്നു വരുന്നു. ഉൾക്കാഴ്ച വഴി അദ്വേഷവും സഹാനുഭൂതിയും കരുണയും ഉണർത്തി സമചിത്തതയുള്ള യഥാർത്ഥ ധീരനാകേണ്ടത് എങ്ങനെയെന്നത് വളരെ വിശദമായി ബുദ്ധൻ പഠിപ്പിച്ചിട്ടുണ്ട്.
- മനസ്സ് – ഏറ്റവും വിനാശകരവും ഏറ്റവും ഗുണകരവും - September 11, 2023
- മാറ്റളക്കുക സ്വർണപ്പണിക്കാരനെപ്പോലെ - November 7, 2022
- ദാനവും ധ്യാനവും - November 6, 2022