ഈ ശരീരം വിഘടിച്ചുപോകും മുമ്പേ…
On Purabedha Sutta
ജീവിതയാത്രയിൽ ഈ ശരീരം വിഘടിച്ചു പോകുന്നതിന് മുമ്പായി നാം അവശ്യം ചെയ്യേണ്ടത് എന്താണ്? വികാരങ്ങളുടെ ചങ്ങലകളിൽ നിന്നും സ്വാതന്ത്ര്യം നേടുക എന്നതാണ് അത്. ലൗകികമായാലും, മതത്തിന്റെയും ആദ്ധ്യാത്മികതയുടേയും പേരിലായാലും, നാം ഈ ജീവിതത്തിൽ ചെയ്തുകൂട്ടുന്ന ഏത് കാര്യത്തേക്കാളും, ഏത് മരണാനന്തര കർമ്മങ്ങളെക്കാളും, ഫലവത്താണ് ഈ ഒരു കാര്യം. ഈ ശരീരം മണ്ണടിയുന്നതിന് മുമ്പ് ഈ ഒരറ്റ കാര്യം – വികാരദാഹങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യം – നേടാമെങ്കിൽ സ്ഥായിയായ ശാന്തിയും സമാധാനവും ഈ ജന്മം തന്നെ, ഓരോ നിമിഷവും അനുഭവിച്ചറിയാൻ കഴിയും. അല്ലാതെ, ഭൂതകാലത്തിന്റെ കണക്കെടുപ്പുകളും ഭാവിയെ കുറിച്ചുള്ള വ്യാകുലതകളുമായി ജീവിതം തള്ളിനീക്കേണ്ടതില്ല. ആചാരങ്ങളിൽ തളയ്ക്കപ്പെട്ട് കഴിയേണ്ടതില്ല, മതങ്ങൾ നൽകുന്ന മരണാന്തര വാഗ്ദാനങ്ങളിൽ പ്രതീക്ഷ അർപ്പിക്കേണ്ടതില്ല. ഈ ജന്മത്ത് തന്നെ, ശാന്തി എന്തെന്നറിയാമെന്ന് മാത്രമല്ല, അപരനും ഉപകാരപ്പെടുന്ന അർത്ഥവത്തായ ജീവിതം നയിക്കാം.
പുരാഭേദസൂത്തം എന്ന പേരിൽ ബുദ്ധന്റെ ഒരു സൂത്തമുണ്ട്. ശരീരം വിഘടിച്ചു പോകുന്നതിന് മുമ്പേ ചെയ്യേണ്ടവ എന്നതാണ് പുരാഭേദത്തിന്റെ അർത്ഥം. ആ സൂത്തതിൽ നിന്നുള്ള ചില വരികളും അവയെ കുറിച്ചുള്ള വിശദീകരണവും താഴെ ചേർക്കുന്നു.
ഒരാൾ ബുദ്ധനോട് ചോദിച്ചു:
“ഗൗതമാ, ഏത് അറിവും ഏത് ശീലവും സ്വായത്തമാക്കിയാലാണ് ഒരാൾ ശാന്തി നേടിയവനാകുന്നത്? ആരാണ് അത്തരം ഒരു ഉത്തമ മനുഷ്യൻ?”,
ബുദ്ധൻ മറുപടി പറഞ്ഞു:
സ്വശരീരം വിഘടിച്ചു പോകുന്നതിന് മുമ്പേ ആരാണോ
തൃഷ്ണയിൽ (വികാരദാഹങ്ങളിൽ) നിന്നും സ്വതന്ത്രമാകുന്നത്,
കഴിഞ്ഞുപോയതിലും ഇനിയും വരാത്തതിലും കുരുങ്ങിക്കിടക്കാത്തത്,
അതിനിടയ്ക്ക്, വർത്തമാനത്തിൽ പോലും വലിഞ്ഞുമുറുകാത്തത്,
ആർക്കാണോ മുൻവിധികളില്ലാത്തത്, [അയാളാണ് ശാന്തി നേടിയവൻ].
വിവരണം: ഈ ശരീരം വിഘടിച്ചു പോകുന്നതിന് മുമ്പ് നാം അവശ്യമായി നേടേണ്ടത് മനസ്സിനെ വികാരങ്ങളുടെ കുത്തൊഴുക്കിൽ നിന്നും ശാന്തമാക്കുകയാണ്. നമ്മുടെ ജീവിതത്തിന്റെ ഒരു വലിയ പങ്കും നാം പാഴാക്കുന്നത് കഴിഞ്ഞുപോയ സംഭവങ്ങളെ അയവിറക്കിയും, പഴയ ചില നഷ്ടങ്ങൾ ഓർത്ത് വീണ്ടും വീണ്ടും വേദനിച്ചും, നഷ്ടങ്ങൾക്ക് കാരണക്കാരെന്ന് നാം ചിന്തിക്കുന്നവരെ കുറിച്ച് ഉള്ളിൽ വെറുപ്പിന്റെ അഗ്നി നിറച്ച്, അതിൽ സ്വയം എരിഞ്ഞടങ്ങിയുമാണല്ലോ. ബാക്കി നേരം നാം ചിലവഴിക്കുന്നത്, ഇനിയും വന്നു ചേരാത്ത ഭാവിയിൽ ഉണ്ടായേക്കാവുന്ന ലാഭങ്ങളിൽ രമിച്ചും, നഷ്ടങ്ങളെ കുറിച്ച് വ്യാകുലത നിറച്ചുമാണല്ലോ. ഇങ്ങനെ ഭൂതത്തിലും ഭാവിയിലും കുരുങ്ങിക്കിടന്നാൽ, വർത്തമാനത്തിന്റെ ശാന്തതയും സൗന്ദര്യവും സാദ്ധ്യതകളും എങ്ങനെ അറിയാനാണ്! ഭാവി സുരഭിലമാക്കാൻ പോലും ഭാവിയെ കുറിച്ച് വ്യാകുലതകൾ നിറഞ്ഞ മനസ്സിനേക്കാൾ ഉത്തമം പൂർണ്ണ ഉണർവോടെ വർത്തമാനത്തിന്റെ സാദ്ധ്യതകൾ ഉപയോഗിക്കാൻ കഴിയുന്ന, ഉന്മേഷം തുളുമ്പുന്ന മനസ്സാണല്ലോ.
പഴമയിലും വരാനിരിക്കുന്നതിലും രമിക്കാതെ വർത്തമാനത്തിൽ സ്ഥിതമായാലും, മുൻവിധികളോടെയുള്ള സമീപനം അപ്പോഴും ശാന്തിക്ക് തടസ്സമാകാം. മനസ്സിൽ ഉറച്ചുപോയ ഇടുങ്ങിയ ദർശനങ്ങളുടെ, കേട്ട് വളർന്ന ആചാര കെട്ടുപാടുകളുടെ, മനുഷ്യത്വം കാണാൻ കഴിയാത്തവണ്ണം തിമിരമേകുന്ന വിദ്വേഷത്തിന്റെയും വർഗീയതയുടെയും ഒക്കെ , അടിമയായ ഒരാൾക്ക്, വർത്തമാനത്തിന്റെ സാദ്ധ്യതകൾ പരിമിതമാണ്. മനസ്സിനെ ഇത്തരം ചട്ടക്കൂടുകളിൽ നിന്ന് മോചിപ്പിച്ചാൽ മാത്രമേ മുന്നിലുള്ള സത്യം നേരാംവണ്ണം കാണാൻ കഴിയൂ. അല്ലെങ്കിൽ, ശാന്തിയുടെയും വികാസത്തിന്റെയും സാദ്ധ്യതകളെയാവും നാം വികാരവിക്ഷോഭത്താൽ തൊഴിച്ച് പുറത്താക്കുന്നത്. ഇത്തരം വികാരദാഹങ്ങളുടെ അന്ധത മാറ്റിയാൽ ഈ ശരീരം മണ്ണടിയുന്നതിന് വളരെ മുമ്പ് തന്നെ ശാന്തി എന്തെന്ന് ഓരോ ക്ഷണത്തിലും അറിയാൻ നമുക്കാകും.
ബുദ്ധൻ തുടർന്നു:
ആരാണോ ക്ഷുഭിതനാകാതെ, നിർഭയനായി,
ആത്മപ്രശംസയില്ലാതെ, വ്യാകുലതകളില്ലാതെ,
പൊങ്ങച്ചങ്ങളില്ലാതെ, ഉപദേശങ്ങൾ നൽകുന്നത്,
അയാൾ തീർച്ചയായും ഒരു മുനിവര്യനാണ്.
വിവരണം: ശാന്തി നേടിയ യഥാർത്ഥ മുനിവര്യൻ, തന്റെ അറിവും മാർഗ്ഗവും മറ്റുള്ളവർക്ക് കരുണയോടെ പകർന്നു നൽകും. പക്ഷെ, ആത്മപ്രശംസയോ, പൊങ്ങച്ചങ്ങളോ, തെറ്റായ അവകാശവാദങ്ങളോ അവിടെ ഉണ്ടാകില്ല. ഭരണകൂടത്തെയും സമ്പ്രദായങ്ങളെയും പേടിക്കാതെ, അയാൾ ശരിയായ ഉപദേശങ്ങൾ നൽകും. ജനം കേൾക്കാൻ ആഗ്രഹിക്കുന്നത് എന്ത് എന്നതിനേക്കാൾ, കേൾക്കുന്നവരിൽ ഗുണകരമായ മാറ്റത്തിന് നല്ലത് എന്ത് എന്നതായിരിക്കും അയാളുടെ ഉപദേശങ്ങൾക്ക് അടിസ്ഥാനം. അതായത്, ശാന്തിയും, സമാധാനവും, മൈത്രിയും, കരുണയും, എല്ലാ ജീവജാലങ്ങളോടുമുള്ള സമഭാവനയും, കാര്യങ്ങളെ കുറിച്ചുള്ള നേരായ അറിവും ഉണർത്തുന്നതായിരിക്കും അയാളുടെ ഉപദേശങ്ങൾ.
ബുദ്ധൻ തുടർന്നു:
വരാനിരിക്കുന്നതിനെ കുറിച്ച് അയാൾക്ക് വ്യാകുലതകളില്ല,
കഴിഞ്ഞുപോയതിനെ കുറിച്ച് അയാൾ വിലപിക്കുന്നില്ല,
ഇന്ദ്രിയവിഷയങ്ങൾക്കിടയിലും ഏകാന്തത ദർശിക്കുന്ന അയാൾ
ദർശനങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നില്ല.
വിവരണം: ഇന്ദ്രിയവിഷയങ്ങൾ വിട്ട് ഗുഹയിൽ ഒളിക്കുന്നവനാകണമെന്നില്ല യഥാർത്ഥ മുനിവര്യൻ. സാധാരണഗതിയിൽ വികാരങ്ങൾ ജനിപ്പിക്കാൻ ഇടയുള്ള സകല ലൗകിക വിഷയങ്ങൾക്കും ഇടയിൽ, അതിന്റെ കുത്തൊഴുക്കിൽ പെടാതെ, മനസ്സിന്റെ ഏകാന്തത ദർശിക്കാൻ അയാൾക്ക് കഴിയുന്നു – കൊടുങ്കാറ്റിലും ആഴക്കടലിന്റെ ശാന്തത പോലെ.. വിഷയാസക്തികളില്ലാതെ, അയാൾക്ക് മറ്റുള്ളവരുടെ സൗഖ്യത്തിനായി പ്രവർത്തിക്കാൻ കഴിയുന്നു. അത്തരമൊരു മുനിവര്യൻ, ഇടുങ്ങിയ ദർശനങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നില്ല. അതായത്, മനുഷ്യനെ വിഭജിക്കുന്ന മതാന്ധകാരത്തിൽ പെട്ടവനല്ല യഥാർത്ഥ മുനിവര്യൻ. സിദ്ധാന്തങ്ങളെക്കാൾ കാര്യങ്ങളുടെ നേരിട്ടറിവിനാണ് പ്രാധാന്യം.
ബുദ്ധൻ തുടർന്നു:
അയാൾക്ക് ബന്ധനങ്ങളില്ല.
ധമ്മം (സത്യം) അറിയുന്നതിലൂടെ അയാൾ സ്വതന്ത്രനാണ്.
അയാൾക്ക് എന്തെങ്കിലും ആകാനോ
ആകാതിരിക്കാനോ ദാഹമില്ല.
വിവരണം: ഇവിടെ ധമ്മം എന്നാൽ, അനുഭവങ്ങളുടെ, കാര്യകാരണങ്ങളുടെ, നിജസ്ഥിതിയെ കുറിച്ച് നേരിട്ട് മനസ്സിലാക്കിയുള്ള അറിവ് എന്നാണ് അർത്ഥം. ശരിയായ അറിവിലൂടെ ശാന്തി അനുഭവിച്ചറിയുമ്പോൾ, എല്ലാ സാഹചര്യങ്ങളിലും ആ ശാന്തി നിലനിൽക്കുന്നു. ഏതെങ്കിലും ബാഹ്യ വിഷയത്തിന്റെ പ്രഭാവമോ അഭാവമോ അല്ല ആ ശാന്തിക്ക് ആസ്പദം. എന്തെങ്കിലും ആയിത്തീരുന്നതിലൂടെയോ ആകാതിരിക്കുന്നതിലൂടെയോ അല്ല ശാന്തി പരക്കുന്നത്. കാര്യങ്ങളുടെ ശരിയായ തിരിച്ചറിവ് മാത്രം മതി.
ബുദ്ധൻ തുടർന്നു:
അത്തരമൊരാളെ ഞാൻ ശാന്തി നേടിയവൻ എന്ന് വിളിക്കുന്നു.
വിഷയാനുഭൂതികളിൽ അയാൾ പ്രതീക്ഷ വയ്ക്കുന്നില്ല.
അയാളിൽ കെട്ടുപാടുകൾ കണ്ടെത്താനാകില്ല.
അയാൾ ആസക്തിയെ തരണം ചെയ്തു.
അയാൾക്ക് ലോകത്തിലെ ഒന്നും തന്നെ തന്റേതല്ല.
ഇല്ലാത്തതിനെ കുറിച്ച് അയാൾ ശോകത്തിലാഴുന്നില്ല.
അയാൾ സിദ്ധാന്തങ്ങളിലേക്ക് ഒതുങ്ങുന്നില്ല.
തീർച്ചയായും അയാളാണ് ശാന്തി നേടിയവൻ.
വിവരണം: ഇത്തരത്തിൽ ശരിയായ ശാന്തി നേടിയ ഒരു മുനിവര്യന് വിഷയാനുഭൂതികളല്ല ശാന്തിയുടെ അടിസ്ഥാനം. അതിനാൽ, അവയെകുറിച്ച് പ്രത്യേക പ്രതീക്ഷ പുലർത്തേണ്ട കാര്യമില്ല. ആസക്തികളെ പൂർണമായി തരണം ചെയ്ത ഒരാൾ മനസ്സിന്റെ തനതായ സൗഖ്യവും ശാന്തിയും സദാ രുചിച്ചറിയുന്നു. ഈ ലോകത്തിലെ ഒന്നും അയാളുടെതാകേണ്ട ആവശ്യം അയാൾക്കില്ല. ഒന്നിന്റെയും അഭാവം അയാളെ ശോകത്തിലാഴ്ത്തുന്നില്ല. മതവാദികൾ സിദ്ധാന്തങ്ങളിലേക്ക് ചുരുങ്ങുമ്പോൾ, യഥാർത്ഥ മുനിവര്യൻ സകല മനുഷ്യരിലേക്കും സർവ്വ ജീവജാലങ്ങളിലേക്കും കരുണയുടെ സ്ഫുരണമായി പരന്നൊഴുകുന്നു.
ഈ ശരീരം വിഘടിച്ചുപോകുന്നതിന് മുമ്പേ, ആർക്കും സാദ്ധ്യമാണ് ഈ അവസ്ഥ പ്രാപിക്കാൻ.
- മനസ്സ് – ഏറ്റവും വിനാശകരവും ഏറ്റവും ഗുണകരവും - September 11, 2023
- മാറ്റളക്കുക സ്വർണപ്പണിക്കാരനെപ്പോലെ - November 7, 2022
- ദാനവും ധ്യാനവും - November 6, 2022