ശാസ്ത്രവും യുക്തിചിന്തയും

വ്യക്തി – ശാസ്ത്രത്തിലെ ചില പ്രഹേളികകൾ

 വ്യക്തി - ശാസ്ത്രത്തിലെ ചില പ്രഹേളികകൾ (Person - some challenged in science)

 

ശാസ്ത്രം വളരെയേറെ പുരോഗമിച്ചിട്ടും വ്യക്തിയെ (person) – (ശാസ്ത്രനിരീക്ഷണങ്ങൾ നടത്തുന്ന വ്യക്തിയെ, അനുഭവങ്ങളും വികാരവിചാരങ്ങളും ഉള്ള വ്യക്തിയെ) – കുറിച്ച് ഇനിയും അടിസ്ഥാനപരമായ കണ്ടെത്തലുകൾ നടന്നിട്ടില്ല. പ്രകൃതിശാസ്ത്രങ്ങളെയും (Natural Sciences) സാമൂഹ്യശാസ്ത്രങ്ങളെയും (Social Sciences) കൂട്ടിയിണക്കുന്ന കണ്ണിയാണ് വ്യക്തി (Person). പക്ഷെ, അടിസ്ഥാനശാസ്ത്രമായ ഭൗതികശാസ്ത്രത്തിന് (Physical Science) വ്യക്തിയുടെ അടിത്തറ ഉൾകൊള്ളാൻ ഇന്നും കഴിഞ്ഞിട്ടില്ല. മനസ്, ബോധം, അനുഭവം, വികാരങ്ങൾ ഇത്യാദി പ്രതിഭാസങ്ങളെ ഉൾകൊള്ളാൻ ശ്രമിക്കുമ്പോൾ ഇന്നത്തെ ഭൗതികശാസ്ത്രത്തിൽ ഉയരുന്ന പ്രശ്നങ്ങൾ പലതാണ്. തത്വചിന്താപരമായി അത് തുറന്ന് കാണിക്കാൻ പല മാർഗങ്ങളുണ്ട്. ശാസ്ത്രത്തിന്റെ രണ്ടു പ്രധാന ധാരകളായ പ്രകൃതിശാസ്ത്രവും സാമൂഹ്യശാസ്ത്രവും തമ്മിലുള്ള ചില വൈരുദ്ധ്യങ്ങളിലൂടെ അത് അനാവരണം ചെയ്യുകയാണ് ഈ ലേഖനത്തിന്റെ ലക്‌ഷ്യം. ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടത് കൂടുതൽ ഗവേഷണങ്ങളിലൂടെ ഭൗതികശാസ്ത്രത്തിന്റെ അടിത്തറ വികസിപ്പിച്ചു കൊണ്ടാണ്.

 

പ്രകൃതിശാസ്ത്രത്തിലെ വ്യക്തി (Person in Natural Science)

പ്രകൃതിശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം വ്യക്തിയെ ഇന്നറിയുന്നത് ജൈവകോശങ്ങളുടെ (biological cells) ഒരു ആകെത്തുകയായി നിലവിൽ വരുന്ന ഒന്നായിട്ടാണ്. ഇന്നും പൂർണമായി കണ്ടെത്തപ്പെട്ടിട്ടില്ലെങ്കിലും വ്യക്തിയുടെ അനുഭവങ്ങളും ചിന്തയും വികാരങ്ങളും ഒക്കെ മസ്തിഷ്കത്തിലെ ന്യൂറോണുകളിലെ രാസപ്രവർത്തനങ്ങളുടെ ഫലമായിരിക്കണം എന്ന ധാരണയോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. വികാരവിചാരങ്ങളുടെ പ്രതിഫലനങ്ങൾ മസ്തിഷ്കത്തിലെ ന്യൂറോണുകളുടെ പ്രവർത്തനത്തിൽ കണ്ടെത്താൻ ഇന്ന് fMRI, PET scan, എന്നീ നിരീക്ഷണസംവിധാനങ്ങളിലൂടെ ശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ട്. അത് ഈ ദിശയിലെ ഗവേഷണത്തിന് ആവേശം പകരുന്നു.

ജീവിക്കാനുള്ള അവകാശവും (the right to live) സുഖദുഃഖാനുഭവങ്ങളും (experience of pain and pleasure) ഇച്ഛാശക്തിയും (willpower) ഉത്തരവാദിത്വബോധവും (sense of responsibility) നൈതികബാധ്യതകളും (moral obligations) ഒക്കെയുള്ള ഒന്നാണ് സാമൂഹ്യശാസ്ത്രങ്ങളുടെ അടിസ്ഥാനഘടകമായ വ്യക്തി

വികാരവിചാരങ്ങളെയല്ല, അവയുമായി ബന്ധപ്പെട്ട് മസ്തിഷ്കത്തിലെ ന്യൂറോണുകളുടെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളെയാണ് ഇത്തരത്തിൽ നിരീക്ഷിച്ചുട്ടള്ളത് എന്നത് നാം ശ്രദ്ധിക്കേണ്ടതുണ്ട്. വ്യക്തിയുടെ അനുഭവങ്ങളും വികാരവിചാരങ്ങളും (experiences, emotions and thoughts) മസ്തിഷ്ക പ്രവർത്തനങ്ങളുമായി (neural activity in the brain) ബന്ധപ്പെട്ടിരിക്കുന്നെങ്കിലും (correlated) അവ മസ്തിഷ്കപ്രവർത്തനങ്ങൾ മാത്രമാണ് എന്ന നിഗമനത്തിലെത്താൻ യുക്തിപരമായി ചിന്തിച്ചാൽ ബുദ്ധിമുട്ടാണ്.

ജൈവഗുണങ്ങളെ രാസപ്രവർത്തനങ്ങളിലേക്കും രാസഗുണങ്ങളെ ഊർജതന്ത്രപ്രവർത്തനങ്ങളിലേക്കും വിശ്ലേഷണാത്മകമായി അപഗ്രഥിക്കുമ്പോൾ (reductionistic analysis) അവയുടെ ഗുണവിശേഷങ്ങളും അവയ്ക്കുള്ള കാരണങ്ങളും പൂർണമായും അനാവരണം ചെയ്യപ്പെടാറുണ്ടല്ലോ (കൂടുതൽ വിവരങ്ങൾക്ക് വിശ്ലേഷണപരമായ അപഗ്രഥനം  കാണുക). എന്നാൽ, വ്യക്തിയുടെ അനുഭവങ്ങളെയും വികാരവിചാരങ്ങളെയും ജൈവപ്രവർത്തനങ്ങളിലേക്കും രാസപ്രവർത്തനങ്ങളിലേക്കും വിശ്ലേഷണം ചെയ്യുമ്പോൾ വ്യക്തിയുടെ ഗുണവിശേഷങ്ങൾ പൂർണമായും അവിടെ പ്രതിഫലിക്കപ്പെടില്ല. സാമൂഹ്യശാസ്ത്രങ്ങൾ അവയുടെ അടിസ്ഥാനഘടകമായി കാണുന്ന വ്യക്തിയുടെ ഗുണസവിശേഷതകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും.

 

സാമൂഹ്യശാസ്ത്രത്തിലെ വ്യക്തി (Person in Social Science)

ജീവിക്കാനുള്ള അവകാശവും (the right to live) സുഖദുഃഖാനുഭവങ്ങളും (experience of pain and pleasure) ഇച്ഛാശക്തിയും (willpower) ഉത്തരവാദിത്വബോധവും (sense of responsibility) നൈതികബാധ്യതകളും (moral obligations) ഒക്കെയുള്ള ഒന്നാണ് സാമൂഹ്യശാസ്ത്രങ്ങളുടെ അടിസ്ഥാനഘടകമായ വ്യക്തി. ഇങ്ങനെയൊരു വ്യക്തിയെ ഇന്ന് പ്രകൃതി ശാസ്ത്രത്തിലെ വ്യക്തിയിൽ കാണാൻ കഴിയുന്നില്ല.

 

ഇവിടെ ഉയരുന്ന സമസ്യകൾ

ഇതിനെ കുറിച്ച് ചിന്തിച്ചാൽ ചെന്നെത്തുക വ്യക്തിയുടെയും സമൂഹത്തിന്റെയും അടിത്തറ ഇളക്കുന്ന ചില സമസ്യകളിലായിരിക്കും. ഇന്നത്തെ അവസ്ഥയിൽ സാമൂഹ്യ ശാസ്ത്രങ്ങൾ വിഭാവന ചെയ്യുന്ന വ്യക്തിയെയും പ്രകൃതിശാസ്ത്രത്തിൽ കാണുന്ന വ്യക്തിയെയും അതേപടി ഉപരിപ്ലവമായി വിളക്കിചേർക്കുന്നതിന് തടസങ്ങൾ ഏറെയാണ്. അവയിൽ ചിലതിലേക്ക് നമുക്ക് കടന്നുചെല്ലാം.

 

സുഖദുഃഖങ്ങളും രാസപ്രവർത്തനവും

വ്യക്തിയുടെ സുഖാനുഭവം വർദ്ധിപ്പിക്കാനും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനുമാണല്ലോ സാമൂഹ്യശാസ്ത്രങ്ങൾ വിഭാവനം ചെയ്യുന്നത്. പക്ഷെ, പ്രകൃതിശാസ്ത്രത്തിൽ പഠിക്കപ്പെടുന്ന വ്യക്തിയിൽ – അതായത്, ദ്രവ്യമൂലകങ്ങളാൽ (elements of matter) നിർമ്മിതമായ വ്യക്തിയിൽ – സമൂഹ്യശാസ്ത്രങ്ങൾക്ക് അടിത്തറയായ വ്യക്തിയിൽ വേണ്ട സുഖദുഃഖാനുഭവങ്ങൾ കണ്ടെത്താൻ ഇന്ന് കഴിയുന്നില്ല.

ദ്രവ്യമൂലകങ്ങൾ തമ്മിലുള്ള രാസപ്രവർത്തനത്തിൽ ഓരോ മൂലകത്തിനും സുഖമോ ദുഖമോ ഉളവാകുന്നില്ല. രാസപ്രവർത്തനത്തിന്റെ എത്ര സങ്കീർണ തലമായാലും അതിൽ ഏർപ്പെടുന്ന ദ്രവ്യകണികകൾക്ക് അനുഭവങ്ങൾ സംജാതമാകുന്നില്ല. അതായത്, ഒരു വ്യക്തിക്ക് വേദന അനുഭവപ്പെടുമ്പോൾ, ആ വേദനയുടെ അംശം പോലും വ്യക്തിയിലെ ഒരു ദ്രവ്യ കണികയും അനുഭവിക്കുന്നില്ല. ദ്രവ്യ കണികകൾ ബോധരഹിതമാണല്ലോ. ഒരു കണികയ്ക്കും സുഖദുഃഖാനുഭവങ്ങൾ ഇല്ലെങ്കിൽ വ്യക്തിയിൽ മറ്റ് ഏത് ഘടകമാണ് അവ അനുഭവിക്കുന്നത്? എവിടെയാണ് അനുഭവം നിലനിൽക്കുന്നത്? ദ്രവ്യത്തിൽ നിന്ന് വേറിട്ട ഒരു അസ്‌തിത്വം അനുഭവങ്ങൾക്കുണ്ടോ? അങ്ങനെയെങ്കിൽ പ്രകൃതി ശാസ്ത്രം അത് ഉൾക്കൊള്ളാനായി ഇനിയും ഒരുപാട് കണ്ടെത്തലുകൾ നടത്താനുണ്ട്.

 

സുഖദുഃഖാനുഭവങ്ങൾ ഉപരിപ്ലവമാണോ?

ഇത്തരം സമസ്യകളുടെ പ്രാധാന്യം കുറച്ച് കാണിക്കുന്നതിനായി ചിലർ വാദിക്കുന്നത്, മസ്തിഷ്കത്തിലെ രാസപ്രവർത്തങ്ങളാൽ സംജാതമാകുന്ന ഉപരിപ്ലവമായ (epiphenomenal) തോന്നൽ മാത്രമാണ് സുഖദുഃഖങ്ങൾ എന്നാണ്. ഉപരിപ്ലവമെങ്കിൽ സുഖദുഃഖങ്ങളും മറ്റ് അനുഭവങ്ങളും ഭൗതിക നിയമങ്ങൾക്ക് അനുസരിച്ചുള്ള മസ്തിഷത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ല. അങ്ങനെയെങ്കിൽ, ഭൗതികശാസ്ത്രത്തിൽ മാറ്റങ്ങളൊന്നും വേണ്ടിവരില്ല. ഇതാണ് ഈ വാദത്തിന്റെ (epiphenomenalism) ലാഭം. (മാതൃക 1, എന്ന ചിത്രം കാണുക.)

സുഖദുഃഖാനുഭവങ്ങൾ ഉപരിപ്ലവമാണെന്ന വാദം

 

ഈ വാദം തർക്കത്തിനായി അംഗീകരിച്ചാലും അവിടെ പ്രസക്തമായ മറ്റു പല സമസ്യകളും ഉയർന്ന് വരും. സുഖദുഃഖാനുഭവങ്ങൾ ഒരു വ്യക്തിയുടെ പ്രവൃത്തികളിൽ ഒരു സ്വാധീനവും ചെലുത്തുന്നില്ലെങ്കിൽ, വ്യക്തികളുടെ സുഖദുഃഖാവസ്ഥകൾ സമൂഹത്തിൽ ഒരു മാറ്റവും വരുത്തില്ല. മാത്രമല്ല, കൂടുതൽ സുഖകരമായ അവസ്ഥ വാഗ്ദാനം ചെയ്ത് ഒരു വ്യക്തിയെ പ്രോത്സാഹിപ്പിക്കാനോ ദുഖകരമായ പരിണിതഫലങ്ങൾ ചൂണ്ടിക്കാട്ടി ഒരു വ്യക്തിയെ നിയത്രിക്കാനോ സമൂഹത്തിനാവില്ല. അങ്ങനെയാണെങ്കിൽ, സാമൂഹ്യപ്രക്രിയകളിൽ വ്യക്തിയുടെ സുഖദുഃഖങ്ങൾ ഒരു വലിയ വിഷയമാകേണ്ടതില്ല.

പക്ഷെ, മറിച്ചാണ് സാമൂഹ്യരൂപകല്പനയിൽ സാമൂഹ്യശാസ്ത്രങ്ങൾ ചിന്തിക്കുന്നത്. പ്രകൃതിശാസ്ത്രത്തിന്റെ പരിമിതി മാറ്റിവച്ചാൽ, നാം സ്വതവേ ചിന്തിക്കുന്നതും സാമൂഹ്യശാസ്ത്രങ്ങൾ അനുമാനിക്കുന്നതും സുഖദുഃഖങ്ങൾ വ്യക്തിയെ സ്വാധീനിക്കുന്നു എന്നാണ്. സുഖദുഃഖങ്ങൾ വ്യക്തിയുടെ വികാരങ്ങളെയും പ്രവൃത്തിയെയും സ്വാധീനിക്കുന്നു. അതിനാൽ വ്യക്തികൾ തമ്മിലുള്ള പരസ്പര ബന്ധങ്ങളിലും സുഖദുഃഖങ്ങൾ വലിയ പങ്ക് വഹിക്കുന്നു. അത് നമുക്ക് അവഗണിക്കാനാവില്ല. ഇത് ശരിയാണെങ്കിൽ, സുഖദുഃഖാനുഭവങ്ങൾക്കും മറ്റ് ബോധപ്രക്രിയകൾക്കും മസ്തിഷ്കത്തെ സ്വാധീനിക്കാൻ കഴിയണം. (ഒരു ഏകദേശ ധാരണക്കായി മാതൃക 2, എന്ന ചിത്രം കാണുക.) ഇന്നത്തെ പ്രകൃതിശാസ്ത്രത്തിലെയും സാമൂഹ്യശാസ്ത്രത്തിലെയും വ്യക്തികൾ തമ്മിലുള്ള വലിയ ഒരു വൈരുദ്ധ്യമാണിത്.

സുഖസുഖാനുഭവങ്ങൾ വ്യക്തിയെ സ്വാധീനിക്കുന്നു

 

മാത്രമല്ല, സുഖദുഃഖങ്ങൾ ഉപരിപ്ലവമാണെങ്കിൽ, വ്യക്തിയുടെ ദുഃഖമകറ്റാനും സുഖം വർദ്ധിപ്പിക്കാനും സങ്കീർണമായ സാമൂഹ്യ വ്യവസ്ഥകൾ നിർമ്മിക്കുന്നത് ഒരു വളഞ്ഞ വഴിയാണ്. ഒരു രാസ ഇടപെടൽ വഴി മസ്തിഷകത്തിൽ നിന്ന് ദുഃഖത്തെ മരവിപ്പിക്കുകയും സുഖത്തെ ഉയർത്തുകയും ചെയ്യുന്നതല്ലേ പ്രകൃതിശാസ്ത്രപരമായി കൂടുതൽ ശരിയായ മാർഗം? കാരണം, വ്യക്തിയിൽ നടക്കുന്ന രാസപ്രക്രിയകളുടെ പ്രതിഫലനങ്ങളാണ് അനുഭവങ്ങളെങ്കിൽ, പ്രത്യേകിച്ചും മറ്റാരെയും ബാധിക്കാതെ പരിമിതമായ സ്ഥാനത്ത് ഉപയോഗശൂന്യമായി സംഭവിക്കുന്ന പ്രതിഫലനങ്ങളാണെങ്കിൽ, പരിഹാരവും അവിടേക്ക് ഒതുക്കുന്നതാണല്ലോ നല്ലത്. (മാതൃക 1 എന്ന ചിത്രത്തിൽ ചുവന്ന X മാർക്ക് ചെയ്തിരിക്കുന്ന കണ്ണി പുനഃക്രമീകരിച്ചാൽ മതിയല്ലോ.) പക്ഷെ, അങ്ങനെ ചെയ്യുന്നത് കൃത്രിമമാണെന്നും സാമൂഹ്യവ്യവസ്ഥയിലൂടെ സുഖദുഃഖങ്ങളെ സ്വാധീനിക്കുന്നത് കൂടുതൽ ശരിയായ നടപടിയാണെന്നും ആണ് നമുക്ക് പൊതുവെ ഉള്ള ധാരണ.

വാസ്തവത്തിൽ, സുഖദുഃഖാനുഭവങ്ങൾ ഉപരിപ്ലവമായ തോന്നലാണെന്ന വാദം തന്നെ യുക്തിക്ക് നിരക്കാത്തതാണ്. ആർക്കാണ് ഉപരിപ്ലവമായ തോന്നൽ ഉണ്ടാകുന്നത്? ദ്രവ്യ കണികകൾക്ക് തോന്നലുകളില്ലല്ലോ. ഒരു കയർ പാമ്പാണെന്ന് ഒരാൾക്ക് തോന്നിയാൽ ആ പാമ്പ് ഉപരിപ്ലവമാണ്. ഉപരിപ്ലവമായ തോന്നലിന് കയറിൽ ഒരു അടിസ്ഥാനം ഉണ്ടാകേണ്ടതില്ല. പക്ഷെ, ആർക്കാണ് അങ്ങനെയൊരു തോന്നൽ വന്നതെന്ന ചോദ്യം അപ്പോഴും ബാക്കി നിൽക്കുന്നു. അത് ബോധരഹിതമായ വസ്തുവിന് ആകാൻ കഴിയില്ല. അതായത് ഉപരിപ്ലവമായ തോന്നലിന് ഒരു ദ്രവ്യത്തിന്റെ ആശ്രയം (supporting object for perception) ആവശ്യമില്ലെങ്കിലും ഒരു തോന്നൽ ഉണർന്നു വരാൻ ഉതകുന്ന തരത്തിലെ ഒരു ബോധപ്രക്രിയയുടെ തുടർച്ച (continuum of the process of consciousness) ആവശ്യമാണ്.

 

ദ്രവ്യത്തിന്റെ ഉത്തരവാദിത്വബോധവും നൈതികബാധ്യതയും (Responsibility and moral obligations of matter)

ദ്രവ്യമൂലകങ്ങളുടെ (material elements) രാസപ്രവർത്തനമാണ് വ്യക്തിയെങ്കിൽ, അയാളിൽ സദാചാരബോധവും (ethics) ഉത്തരവാദിത്വബോധവും (sense of responsibility) നൈതികബാധ്യതകളും (moral obligations) ഒക്കെ പ്രതിഷ്ഠിക്കുന്നത് ശരിയാണോ? സാമൂഹ്യശാസ്ത്രങ്ങൾ അനുമാനിക്കുന്ന ഇച്ഛാശക്തി (willpower) വ്യക്തിയിൽ ഉണ്ടോ?

രാസപ്രവർത്തനങ്ങൾ ഒരു ലക്ഷ്യബോധത്തോടെ അല്ലല്ലോ നടക്കുന്നത്. ഒരു ദ്രവ്യ കണികയും താൻ ഒരു രാസപ്രവർത്തനത്തിൽ ഏർപ്പെട്ടാൽ അതിന്റെ പരിണിത ഫലം എന്താകുമെന്ന് ചിന്തിക്കുകയോ ഫലം കാംഷിക്കുകയോ ഫലത്തോടുള്ള താൽപര്യക്കുറവ് മൂലം രാസപ്രവർത്തനം ഒഴിവാക്കുകയോ ഇല്ലല്ലോ. അത്തരം യാതൊരു ചിന്തയോ ഇച്ഛാശക്തിയോ കൂടാതെ ഒരു രാസപ്രവർത്തനത്തിൽ നിന്നും മറ്റൊന്നിലേക്ക് ഹേതു-ഫല പ്രക്രിയകളുടെ ഒരു ശൃംഖലയായാണ് ദ്രവ്യമൂലകങ്ങൾ കടന്നു പോകുന്നത്. ആ നിലയ്ക്ക്, ദ്രവ്യനിർമ്മിതമായ വ്യക്തിയോട് സദാചാര മര്യാദകൾ നിഷ്കർഷിക്കുന്നതിൽ എന്താണ് അർത്ഥം?

വ്യക്തിയുടെ സ്വാതന്ത്രവും അവകാശങ്ങളും ഒക്കെ നാം ഒരു യന്ത്രത്തിൽ നിന്നും വിഭിന്നമായി തിരിച്ചറിയുന്നുണ്ട്.

പക്ഷെ, വ്യക്തിക്ക് ഇച്ഛാശക്തിയോടെയുള്ള ഒരു മാറ്റം സാധ്യമാണെന്ന് നമുക്കറിയാം. ഭൗതിക ശാസ്ത്രങ്ങളുടെ അടിത്തറയിൽ നിന്ന് എങ്ങനെ ഇച്ഛാശക്തിയും ലക്ഷ്യബോധവും ഉണരുന്നു എന്ന് കണ്ടെത്തേണ്ടതുണ്ട്. വ്യക്തിയുടെ ഇത്തരം സ്വഭാവവിശേഷങ്ങൾ ഉൾകൊള്ളാൻ ഭൗതിക ശാസ്ത്രങ്ങളുടെ അടിത്തറ വികസിപ്പിക്കേണ്ടി വന്നേക്കാം.

ഇവിടെ ഉയർന്നുവന്നേക്കാവുന്ന ഒരു ഉപചോദ്യം ഇതാകാം. കമ്പ്യൂട്ടറുകൾ പൂർണമായും ദ്രവ്യമൂലകങ്ങളാൽ നിർമ്മിതമാണല്ലോ. എന്നിട്ടും അവ നാം ഏൽപ്പിക്കുന്ന ദൗത്യം നിറവേറ്റുന്നു. ചില പരിധികൾ നിഷ്‌കർഷിച്ചാൽ ആ പരിധികൾക്കുള്ളിൽ പ്രവർത്തിക്കുന്നു. ആ നിലയ്ക്ക് ദ്രവ്യനിർമ്മിതമായ കമ്പ്യൂട്ടറിൽ ലക്‌ഷ്യബോധവും ഇച്ഛാശക്തിയും സംജാതമായോ? ഇല്ലെന്നാണ് ഉത്തരം. വാസ്തവത്തിൽ കംപ്യുട്ടർ പ്രവർത്തിക്കുന്നത് ഇച്ഛാശക്തിയില്ലാത്ത ഹേതു-ഫല പ്രക്രിയകളുടെ ശൃംഖലയായി (a cause and effect continuum) തന്നെയാണ് (artificial intelligence എന്ന് അറിയപ്പെടുന്ന machine learning-ന്റെ കാര്യവും അങ്ങനെതന്നെയാണ്). കംപ്യുട്ടർ മറ്റൊരു ലക്ഷ്യത്തിലേക്ക് പ്രവർത്തിക്കണമെങ്കിൽ അതിന് നിയന്ത്രിക്കുന്ന വ്യക്തിയാണ്, തന്റെ ഇച്ഛാശക്തിയിലൂടെ, കമ്പ്യൂട്ടറിന്റെ ഹേതു-ഫല പ്രക്രിയകളുടെ ശൃംഖല പുനഃക്രമീകരിക്കുന്നത്. കമ്പ്യൂട്ടറിനെ സംബന്ധിച്ചിടത്തോളം നാം ഏൽപ്പിക്കുന്ന കൃത്യം ചെയ്യണം എന്ന ഒരു ബോധം ഇല്ല. ഹേതു-ഫല ശൃംഖലയിലൂടെ ലക്ഷ്യബോധമില്ലാതെയാണ് നീങ്ങുന്നത്. കമ്പ്യൂട്ടറിന് സദാചാരബോധമോ ശരിതെറ്റുകളോ ഇല്ല. നമ്മുടെ ശരിതെറ്റുകൾക്ക് അനുസരിച്ച് നാം അവയെ ക്രമീകരിക്കുന്നെന്നേയുള്ളൂ.

ഇവിടെ മറ്റൊരു ചോദ്യം ഉയരാം. ഒരു പക്ഷെ, വ്യക്തിക്കും ശരിതെറ്റുകൾ ഉണ്ടാകില്ല എന്നാണെങ്കിലോ? വ്യക്തി കമ്പ്യൂട്ടർ ക്രമീകരിക്കുന്നത് പോലെ സമൂഹം വ്യക്തിയെ സമൂഹത്തിന്റെ സദാചാരബോധത്തിന് അനുസരിച്ച് ക്രമീകരിക്കുന്നതായിക്കൂടെ? ഉത്തരം, വ്യക്തിക്ക് സദാചാരബോധം ഇല്ലാത്തിടത്തോളം വ്യക്തികളുടെ കൂട്ടമായ സമൂഹത്തിനും അത് ഉണ്ടാകാൻ കഴിയില്ല.

 

ദ്രവ്യത്തിന്റെ അവകാശങ്ങൾ? (The Rights of Matter?)

വ്യക്തി ഒരു കൂട്ടം ദ്രവ്യമൂലകങ്ങൾ മാത്രമാണെങ്കിൽ, അനുഭവങ്ങൾ ഉപരിപ്ലവമെങ്കിൽ, വ്യക്തിയുടെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കാനും ദുഃഖം കുറയ്ക്കാനും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനും വേണ്ടി സാമൂഹ്യശാസ്ത്രങ്ങൾ വ്യവസ്ഥിതികൾ നിർമ്മിക്കുന്നതിന് എന്താണ് പ്രസക്തി? അവയുടെ പ്രവർത്തനം പ്രകൃതിനിയമങ്ങൾക്ക് പൂർണമായും വിട്ടുകൊടുത്താൽ പോരേ? സസ്യങ്ങളുൾപ്പെടെ അനേകം ദ്രവ്യവിന്യാസങ്ങൾ ഭൂമിയിൽ ഉടലെടുക്കുന്നതും നശിച്ചുപോകുന്നതും പോലെ, അവ ചിലപ്പോൾ പരസ്പരം ബലപ്പെടുത്തുകയും ചിലപ്പോൾ നശിപ്പിക്കുകയും ചെയ്യുന്നത് പോലെ, വ്യക്തികൾ പരസ്പരം നശിപ്പിക്കുന്നതും ദ്രവ്യത്തിന്റെ സ്വാഭാവികപ്രക്രിയയായി കണക്കാക്കി അങ്ങനെ തന്നെ വിട്ടാൽ പോരേ?

പോരെന്ന് ഒരു തിരിച്ചറിവ് നമുക്കുണ്ട്. ദ്രവ്യത്തിന് (അത് കപ്യൂട്ടറായാലും, അവകാശങ്ങൾ ഉണ്ടെന്ന് പറയുന്നത് അർത്ഥവത്തല്ലെന്നിരിക്കെ, വ്യക്തിക്ക് അവകാശങ്ങൾ ഉണ്ടെന്ന് നാം അംഗീകരിക്കുന്നതും ഈ തിരിച്ചറിവിനാലാണ്. പക്ഷെ, അതിന് ഭൗതികശാസ്ത്രങ്ങളിൽ ഒരു അടിത്തറ നാം ഇപ്പോഴും കണ്ടെത്തിയിട്ടില്ല.

 

കുറ്റവും ശിക്ഷയും (Crime and Punishment)

ഇന്നത്തെ പ്രകൃതിശാസ്ത്രത്തിലെ വ്യക്തിയിൽ ഇച്ഛാശക്തി ഇല്ലെന്നുള്ളത് നാം കണ്ടല്ലോ. ആ നിലയ്ക്ക് സുഖദുഃഖങ്ങൾ മാത്രമല്ല, നാം ചിന്തിച്ച് സ്വന്തം താല്പര്യപ്രകാരം ഒരു തീരുമാനത്തിൽ എത്തുന്നു എന്നത് പോലും ഉപരിപ്ലവമായ ഒരു തോന്നലാകണം!

ഇത് ശരിയാണെങ്കിൽ, മസ്തിഷ്‌കം പ്രകൃതിനിയമങ്ങൾ പ്രകാരം ചെയ്യുന്ന കാര്യങ്ങൾക്ക് സമൂഹം ഒരു വ്യക്തിയെ വീണ്ടും ശിക്ഷിക്കുന്നത് അർത്ഥവത്താണോ? ശിക്ഷയുടെ തത്വശാസ്ത്രം ശിക്ഷാഭയത്താൽ വ്യക്തി കുറ്റകൃത്യത്തിൽ നീന്നും വിട്ടുനിൽക്കും എന്നതാണല്ലോ. മസ്തിഷ്കത്തിലെ രാസപ്രവർത്തനങ്ങൾ വ്യക്തിയിൽ ദുഖമുളവാക്കിയാലും ആ പ്രവർത്തനങ്ങളെ മാറ്റാൻ വ്യക്തിക്കാകില്ല എന്നാണ് നിഗമനമെങ്കിൽ, ശിക്ഷയുടെ ദുഖവും കൂടി വ്യ്കതിക്ക് നൽകുന്നതിൽ എന്തർത്ഥമാണുള്ളത്?

ഇവിടെയും, നമുക്കറിയാം ശിക്ഷ ദുഃഖകരമാകും എന്ന ഭയത്താൽ വ്യക്തിക്ക് തന്റെ രീതികളിൽ മാറ്റം വരുത്താനുള്ള ഇച്ഛാശക്തിയുണ്ടെന്ന്. ദ്രവ്യത്തിനില്ലാത്ത ആ ഇച്ഛാശക്തിയാണ് നിയമവ്യവസ്ഥയും ശിക്ഷാപദ്ധതികളും ഉപയോഗപ്പെടുത്തുന്നത്.

യന്ത്രമനുഷ്യരിൽ നിന്നുള്ള സാമൂഹികമായ വ്യത്യാസം

ഒരു സമൂഹത്തിൽ പ്രവർത്തിക്കാൻ യന്ത്രമനുഷ്യരെ (humanoid robot) വിഭാവന ചെയ്യുന്നതിൽ നീന്നും വളരെ വ്യത്യസ്തമായാണ് വ്യക്തിയെ സമൂഹത്തിൽ വിഭാവന ചെയ്യുന്നത്. യന്ത്രമനുഷ്യർക്ക് സാമൂഹ്യവ്യവസ്ഥ നടപ്പാക്കാൻ കുറ്റവും ശിക്ഷയും (crime and punishment) എന്നതിന് പകരം ഒരു പെരുമാറ്റച്ചട്ടം (protocol) നടപ്പാക്കിലാക്കുന്നതാണ് കൂടുതൽ ഉത്തമം. യന്ത്രമനുഷ്യർക്കുള്ള പ്രോട്ടോകോളിലെ നിബന്ധനകൾ പാലിച്ച് അവയെല്ലാം നിയമബദ്ധമായി പ്രവർത്തിക്കുക വഴി പൂർണ്ണസഹകരണം സാധ്യമാണ്. ശിക്ഷയെ യന്ത്രത്തിന് ഭയവുമില്ല. പക്ഷെ, മനുഷ്യർ ചിലപ്പോൾ അത്തരം പെരുമാറ്റച്ചട്ടങ്ങൾ ലംഘിക്കുന്നു. ശിക്ഷയെ കുറിച്ചുള്ള ഭയമാണ് മനുഷ്യനെ നിയമം പാലിക്കാൻ പലപ്പോഴും പ്രേരിപ്പിക്കുന്നത്.

യന്ത്രമനുഷ്യന്റെ പെരുമാറ്റത്തിൽ അപാകതയുണ്ടെങ്കിൽ അത് അഴിച്ചുപണിയിലൂടെ (repair) പരിഹരിക്കുകയോ, പരിഹരിക്കാൻ പറ്റാത്തതാണെങ്കിൽ യന്ത്രമനുഷ്യനെ നശിപ്പിക്കുകയോ ആണല്ലോ ചെയ്യുക. വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇത് രണ്ടുമല്ല സമൂഹം ആഗ്രഹിക്കുന്നത്. അഴിച്ചുപണിയുന്നതിന് പകരം സ്വയം തിരുത്താൻ വക്തിയോട് നീതിവ്യവസ്ഥ ആവശ്യപ്പെടുന്നു. സ്വയം തിരുത്തുന്നില്ലെങ്കിൽ, വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തെ മാനിച്ച് കൊണ്ട്, സ്വാതന്ത്ര്യം പരിമിതപ്പെടുത്തി, ശിക്ഷിക്കുന്നു.

ഇത്തരം പ്രതിസന്ധികളെ ശാസ്ത്രം അതിജീവിച്ചിട്ടുള്ളത് വളരെ വിപ്ലവാത്മകമായ പുതിയ കണ്ടെത്തലുകളിലൂടെയാണ്. അതിനുള്ള ഗവേഷണങ്ങളും തത്വചിന്താപരമായ ചർച്ചകളും ഇന്ന് ശാസ്ത്രമേഖലയിൽ വളരെ സജീവമാണ്.

ഒരു യന്ത്രമനുഷ്യനെ നമ്മുടെ സമൂഹത്തിന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് പുനഃസംഘടിപ്പിക്കാമല്ലോ. അതിന് യന്ത്രമനുഷ്യന്റെ അനുവാദം വാങ്ങാറില്ല. എന്നാൽ, ഒരു വ്യക്തിയെ ഒരു ശസ്ത്രക്രിയയിലൂടെയോ മരുന്നിലൂടെയോ ഭൂരിപക്ഷസമൂഹത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ച് പെരുമാറാനായി പുനഃസംഘടിപ്പിക്കണമെന്ന് നാം ചിന്തിക്കാറില്ല. ഇനി ചിന്തിച്ചാൽ തന്നെ, വ്യക്തിയുടെ സമ്മതം കൂടാതെ അങ്ങനെ ചെയ്യുന്നത് നൈതികമാണെന്ന് നാം കരുതുന്നുമില്ല.

ഇവിടെയും വ്യക്തമാകുന്നത്, വ്യക്തിയുടെ സ്വാതന്ത്രവും അവകാശങ്ങളും ഒക്കെ നാം ഒരു യന്ത്രത്തിൽ നിന്നും വിഭിന്നമായി തിരിച്ചറിയുന്നുണ്ട് എന്നാണ്. പക്ഷെ, പ്രകൃതിശാസ്ത്രം ഇന്ന് പഠിക്കാൻ ശ്രമിക്കുന്നത് ദ്രവ്യനിർമ്മിതമായി, യന്ത്രസമമായി പ്രവർത്തിക്കുന്ന ഒരു വ്യക്തിയെയാണ്.

 

ദ്രവ്യത്തിന്റെ ആത്മഹത്യ (The suicide of matter)

വെറും രാസപ്രവർത്തനങ്ങളാണ് വ്യക്തി എങ്കിൽ, ഒരു വ്യക്തി സകലദുരിതങ്ങളും പേറി ഒരു സന്തുഷ്ടഭാവി സ്വപ്നം കണ്ട് എന്തിന് ജീവിക്കണം? അത്തരം ഒരു ഘട്ടത്തിൽ ഭാവിയെകുറിച്ചുള്ള പ്രതീക്ഷയാണല്ലോ ജീവിതത്തെ നിലനിർത്തുന്നത്. ഈ പ്രതീക്ഷക്ക് എന്താണ് ശാസ്ത്രീയമായ അടിത്തറ? എന്തുകൊണ്ടാണ് ദ്രവ്യങ്ങളുടെ രാസപ്രവർത്തനം മാത്രമായ ഒരു വ്യക്തി തന്റെ ജന്മം സ്വയം അവസാനിപ്പിക്കുന്നത് സമൂഹം നിയമങ്ങളിലൂടെ വിലക്കുന്നത്?

ഇവിടെയും നമുക്ക് ചില ധാരണകൾ ഉണ്ട്. വ്യക്തി വികാരങ്ങൾക്ക് അടിമപ്പെട്ട് സ്വയം അവസാനിപ്പിക്കാൻ തീരുമാനിച്ചാലും അത് വ്യക്തിയുടെ താത്കാലിക വിഭ്രമമായി കണ്ട് തടയണമെന്ന് സമൂഹം തിരിച്ചറിയുന്നു. വ്യക്തി വേദന സഹിച്ചും മുന്നോട്ട് പോകേണ്ടതുണ്ടെന്ന് നാം അറിയുന്നു. ഒരു നിമിഷം കൊണ്ട് തകർത്താൽ തീരാത്ത എന്തോ ഒന്ന് വ്യക്തിയിലുണ്ടെന്ന് ഒരു ഉത്തമബോധം നിലനിൽക്കുന്നു. പക്ഷെ, വ്യക്തിയുടെ ഭൗതികമായ അടിത്തറ ഇന്നത്തെ പ്രകൃതിശാസ്ത്രങ്ങൾ മനസ്സിലാക്കുന്നതിലെ കുറവുകൾ കാരണം ഇത് ശാസ്ത്രീയമായി സ്ഥാപിക്കാൻ കഴിയുന്നില്ല.

 

സാമൂഹ്യശാസ്ത്രങ്ങൾ മസ്തിഷ്കത്തിലെ പൊള്ളയായ ആരവങ്ങളോ?

വ്യക്തി രാസപ്രവർത്തനങ്ങളുടെ ആകെത്തുകയാണെങ്കിൽ, സദാചാരബോധം, നൈതികത, നിയമനിർമാണം, ഇത്യാദി സാമൂഹ്യ ചിന്താധാരകൾ ചിലരുടെ മസ്തിഷ്‌കത്തിൽ രാസപ്രവർത്തനം മൂലം അറിയാതെ സംഭവിച്ചുപോകുന്ന ചില പ്രതിഭാസങ്ങൾ മാത്രമാണോ? സാമൂഹ്യക്ഷേമം, പ്രകൃതിസംരക്ഷണം ഇത്യാദി പദ്ധതികളും ഓരോരുത്തരുടെ മസ്തിഷ്കത്തിൽ ഓരോ തരത്തിൽ വന്നുപോകുന്ന അനിയന്ത്രിതമായ ചിന്തകൾ മാത്രമാണോ? അങ്ങനെയാണെങ്കിൽ, സാമൂഹ്യശാസ്ത്രങ്ങൾ തന്നെ ചിലരുടെ മസ്തിഷ്കത്തിൽ ഉദിച്ച ചില ആകസ്മിക ഭാവനകൾ എന്നതിനപ്പുറം ഒരു ശാസ്ത്രമൂല്യവും ഇല്ലാത്തതാകില്ലേ?

ഉത്തമമായ സാമ്പത്തിക വ്യവസ്ഥിതി മുതലാളിത്തമാണോ സോഷ്യലിസമാണോ അതോ സമ്മിശ്രസാമ്പത്തിക വ്യവസ്ഥിതിയാണോ എന്നൊക്ക തർക്കങ്ങൾ സജീവമാണല്ലോ. പക്ഷെ, ഇത്തരം ചിന്താധാരകളൊക്കെ ചിലരുടെ മസ്തിഷ്കത്തിൽ താനേ സംഭവിച്ചുപോകുന്ന ചില രാസപ്രവർത്തനങ്ങൾ മാത്രമാണെങ്കിൽ ഇത്തരം തർക്കങ്ങളൊക്കെ അർത്ഥമില്ലാത്തവയല്ലേ? ഇവിടെയും അങ്ങനെയല്ലെന്ന് നമുക്ക് ഉത്തമ ബോധ്യമുണ്ട്. പക്ഷെ, ആ ബോധ്യത്തിന് വ്യക്തിയെക്കുറിച്ചുള്ള പ്രകൃതിശാസ്ത്രപരമായ അറിവിൽ ഇന്ന് ഒരു അടിത്തറയില്ല. വാസ്തവത്തിൽ, വ്യക്തിയെക്കുറിച്ച് പ്രകൃതിശാസ്ത്രം ഇന്നും ഒരു ശരിയായ അറിവ് നേടിയിട്ടില്ലാത്തതിനാലാണ് മേൽവിഷയങ്ങളൊക്ക ശാസ്ത്രീയമായി പരിഹരിക്കപ്പെടാതെ എന്നും തർക്കവിഷയങ്ങളായി അവശേഷിക്കുന്നത്.

 

മുന്നോട്ടുള്ള വഴി

ശാസ്ത്രത്തിലെ ഈ സമസ്യകളോട് കണ്ണടച്ച് ഭൗതിക ശാസ്ത്രത്തെ (physical science) ദ്രവാത്മകവാദമായി (materialism) പരിമിതപ്പെടുത്തുന്നതും ശരിയല്ല. പ്രകൃതിശാസ്ത്രപരമായി അപഗ്രഥിച്ചും ഹേതു-ഫല പ്രക്രിയകളുടെ ശൃംഖലയായി നിരീക്ഷിച്ചും അനുഭവങ്ങളെയും വികാരങ്ങളെയും മറ്റ് ബോധപ്രക്രിയകളെയും പഠിക്കേണ്ടതുണ്ട്.

ഇതൊക്കെ അർത്ഥമാക്കുന്നത് വ്യക്തിയെ പൂർണമായും ഉൾക്കൊള്ളാൻ രാസപ്രവർത്തനങ്ങൾക്ക് കഴിയില്ല എന്നാണ്. ചില ആന്തരിക ഘടകങ്ങളെയോ പ്രക്രിയകളെയോ കണ്ടെത്താൻ ഇനിയും ബാക്കിയുണ്ട്. ഇത്തരം പ്രതിസന്ധികളെ ശാസ്ത്രം അതിജീവിച്ചിട്ടുള്ളത് വളരെ വിപ്ലവാത്മകമായ പുതിയ കണ്ടെത്തലുകളിലൂടെയാണ്. അതിനുള്ള ഗവേഷണങ്ങളും തത്വചിന്താപരമായ ചർച്ചകളും ഇന്ന് ശാസ്ത്രമേഖലയിൽ വളരെ സജീവമാണ്. അത്തരത്തിൽ വിട്ടുപോയ കണ്ണികളെ കൂടുതൽ അന്വേഷണത്തിലൂടെ കണ്ടെത്തുമ്പോൾ ഭൗതികശാസ്ത്രത്തിന് (അഥവാ, പ്രകൃതിശാസ്ത്രത്തിന്) മാനസ്സികവ്യാപാരങ്ങളെയും അനുഭവങ്ങളെയും ഇച്ഛാശക്തിയെയും മറ്റും ഘടനാപരവും പ്രക്രിയാപരവും വിശ്ലേഷണപരവുമായി പഠിക്കാൻ കഴിയും.

ശാസ്ത്രം ഇപ്പോഴും ഗവേഷണങ്ങളിലൂടെ പുരോഗമിക്കാനിരിക്കുമ്പോൾ ഇത്തരം സമസ്യകളെയൊക്കെ ഭൗതികശാസ്ത്രങ്ങളുടെ പരാജയമായും ആത്മീയവാദത്തിന് ഉപോദ്ബലകമായും കണക്കാക്കുന്നത് ഒരു പിന്തിരിപ്പൻ ചിന്തയാണ്. (ആത്മീയവാദത്തിന്റെ അശാസ്ത്രീയത അറിയാൻ സമഗ്രവാദത്തിന്റെ പോരായ്മകൾ  കാണുക). അതേസമയം, ശാസ്ത്രത്തിലെ ഈ സമസ്യകളോട് കണ്ണടച്ച് ഭൗതിക ശാസ്ത്രത്തെ (physical science) ദ്രവാത്മകവാദമായി (materialism / ബോധരഹിതമായ ഒരു ഏകസത്ത ഈ ലോകത്തിന് ഉണ്ടെന്ന വിശ്വാസം) പരിമിതപ്പെടുത്തുന്നതും ശരിയല്ല. പ്രകൃതിശാസ്ത്രപരമായി അപഗ്രഥിച്ചും ഹേതു-ഫല പ്രക്രിയകളുടെ ശൃംഖലയായി നിരീക്ഷിച്ചും അനുഭവങ്ങളെയും വികാരങ്ങളെയും മറ്റ് ബോധപ്രക്രിയകളെയും പഠിക്കേണ്ടതുണ്ട്.

മനസ്സിനെ ഘടകങ്ങളായി വേർതിരിച്ച് ബുദ്ധൻ നടത്തിയ പഠനങ്ങൾ ശാസ്ത്രഗവേഷണത്തിൽ പ്രസക്തമാകുന്നത് ഈ ഘട്ടത്തിലാണ്. അനുഭവങ്ങളും വികാരങ്ങളുമുള്ള വ്യക്തിയെ വളരെ ശാസ്ത്രീയമായി തന്നെ വിശ്ലേഷണപരമായി അപഗ്രഥിക്കുന്നതിൽ (reductionist analysis) ബുദ്ധൻ വിജയിച്ചിട്ടിട്ടുണ്ട്. (കൂടുതൽ വിവരങ്ങൾക്ക് ബുദ്ധന്റെ കണ്ടെത്തലുകൾ കാണുക) ഇത്തരത്തിലുള്ള കണ്ടെത്തലുകൾ ആധുനിക ശാസ്ത്രത്തിൽ ഇനിയും നടക്കാനിരിക്കുന്നതേയുള്ളൂ. ആധുനിക ഭൗതീകശാസ്ത്രത്തിനുള്ളിൽ അത്തരം കണ്ടെത്തലുകൾ നടക്കുമ്പോൾ അത് മനുഷ്യരാശിയുടെ വിപ്ലവകരമായ മറ്റൊരു മുന്നേറ്റത്തിന് നാന്ദി കുറിക്കും.

Leave a Reply

Your email address will not be published. Required fields are marked *