മാറ്റളക്കുക സ്വർണപ്പണിക്കാരനെപ്പോലെ
Buddha on testing the Validity of Dharma like a Goldsmith testing the gold
തന്റെ വാക്കുകളെ ഒരു മതപ്രവാചകന്റെ വാക്കുകളെന്നോണം അന്ധമായി സ്വീകരിക്കാൻ ഒരിക്കലും ശ്രീബുദ്ധൻ ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് നമ്മുടെ സ്വന്തം അന്വേഷണത്തിൽ മാർഗ്ഗദർശനമേകുകയാണ് ബുദ്ധന്റെ രീതി.
നന്നായി അപഗ്രഥിച്ച് ശരിയെന്ന് നമുക്ക് ബോധ്യമാവുന്ന ആശയങ്ങൾ മാത്രം ഉൾക്കൊള്ളാനാണ് ബുദ്ധൻ ഉദ്ബോധിപ്പിച്ചത്. അങ്ങനെ അപഗ്രഥിച്ച് ഉൾക്കൊണ്ടാൽ മാത്രമേ, വെറും ആശയസംഹിതയായി നിലനിർത്താതെ, അവയെ നമ്മുടെ തന്നെ സത്വത്തിലേക്ക് ഉൾക്കൊള്ളാനും നമ്മുടെ മാനസിക പരിവർത്തനത്തിനായി ഫലപ്രദമായി ഉപയോഗിക്കാൻ കഴിയൂ. അല്ലാതെ ഉൾക്കൊണ്ടാൽ അത് മതങ്ങളുടെയും തത്വശാസ്ത്രങ്ങളുടെയും തലത്തിൽ നിന്നുപോകും.
ആശയങ്ങളുടെ യുക്തിഭദ്രത മാത്രമല്ല ഇവിടെ അപഗ്രഥിക്കപ്പെടേണ്ടത്. ഒരു സ്വര്ണപ്പണിക്കാരൻ ഉരച്ചും മുറിച്ചും ഉരുക്കിയും മാറ്റളക്കുന്നത് പോലെ, യുക്തിഭദ്രമെന്ന് കണ്ടെത്തുന്ന സന്ദേശങ്ങളെ, അടുത്തപടിയായി, നമ്മുടെ അനുഭവങ്ങളുമായി ചേർത്ത് നേരിട്ടും പരീക്ഷിക്കേണ്ടതുണ്ട്.
മറ്റ് ശാസ്ത്രങ്ങളിൽ നിന്ന് ബൗദ്ധ-ദർശനത്തിനുള്ള വ്യത്യാസം, ബൗദ്ധ ദർശനം മുഖ്യമായി പരീക്ഷിക്കപ്പെടേണ്ടത് ബാഹ്യവസ്തുക്കളിലല്ല, നമ്മുടെ തന്നെ അനുഭവമണ്ഡലത്തിലാണ് എന്നതാണ്. നമ്മുടെ അനുഭവധാരയെ മനസ്സിലാക്കാനും പരിവർത്തനം ചെയ്യാനും കഴിയുന്നതിലാണ് ബൗദ്ധമാർഗത്തിന്റെ വിജയം. ഈ പരീക്ഷണങ്ങൾക്ക് സങ്കീർണമായ പരീക്ഷണശാലകളും ഉപകരണങ്ങളും ഗണിതശാസ്ത്രവും ഒന്നും വേണ്ട. നമ്മുടെ തന്നെ മനസ്സാണ് പരീക്ഷണ ശാല. അനുഭവങ്ങളെ നേരാം വണ്ണം നിരീക്ഷിക്കുന്നതാണ് പരീക്ഷണമാർഗം.
- മനസ്സ് – ഏറ്റവും വിനാശകരവും ഏറ്റവും ഗുണകരവും - September 11, 2023
- മാറ്റളക്കുക സ്വർണപ്പണിക്കാരനെപ്പോലെ - November 7, 2022
- ദാനവും ധ്യാനവും - November 6, 2022