മനസ്സുഴുന്ന കർഷകൻ
– കസീഭാരദ്വാജ സൂത്തം ആസ്പദമാക്കി (Kasibharadvaja sutta)
ബോധിവൃക്ഷച്ചുവട്ടിൽ ധ്യാനമഗ്നനായിരുന്ന് ശാന്തിചൊരിയുന്ന ബുദ്ധൻ. ബുദ്ധനെ കുറിച്ചോർക്കുമ്പോൾ ആരുടെയും അകതാരിൽ ഈ ദൃശ്യം നിറയുമെങ്കിലും, ബുദ്ധന്റെ ധ്യാനം അറിയുന്നവർ വിരളമാണ്. ധ്യാനത്തെ കുറിച്ച് കേൾക്കുമ്പോൾ, ബൗദ്ധമാർഗ്ഗമറിയാത്തവർക്ക് മനസ്സിൽ വരുന്നത്, ബുദ്ധന് മുമ്പുള്ള കാലത്തിലേ നിലനിന്നിരുന്ന നിഷ്ക്രിയമായ ഉൾവലിയലിന്റെ ധ്യാനമാണ്. അതിനാൽ, പലർക്കും ബുദ്ധന്റെ മാർഗ്ഗവും നിഷ്ക്രിയമാണെന്ന അബദ്ധ ധാരണയുമുണ്ട്. വാസ്തവത്തിൽ, ബുദ്ധതഥാഗതന്റെ ഒരു നിർണ്ണായക കണ്ടെത്തൽ തന്നെ നിഷ്ക്രിയമായ അത്തരം ധ്യാനങ്ങളുടെ നിരർത്ഥകതയെക്കുറിച്ചാണ്.
തഥാഗതൻ നിർവാണമാർഗ്ഗം തെളിച്ച് ഈ ഭൂവിലൂടെ നടന്ന കാലത്തൊരിക്കൽ, ഒരു ഗ്രാമത്തിലെ കർഷകപ്രമാണിയായ ഭാരദ്വാജന് മാർഗ്ഗദർശനം നൽകിയ ഒരു സന്ദർഭമുണ്ട്. തന്റെ ധ്യാനത്തിന്റെ ക്രിയാത്മകത നന്നായി വ്യക്തമാക്കുന്ന ഒരു ദേശനമാണ് അന്ന് ബുദ്ധൻ പകർന്ന് നൽകിയത്.
മഗധയിലെ ദക്ഷിണഗിരിയിൽ ഏകനള അഗ്രഹാരത്തിലാണ് വലിയ ഭൂസ്വത്തിന് ഉടമയായ ഭാരദ്വാജൻ വസിച്ചിരുന്നത്. രാജാവ് ബ്രാഹ്മണർക്ക് ഭൂദാനമായി നൽകിയ വലിയ പാടശേഖരങ്ങൾ ഭാരദ്വാജനും ലഭിച്ചിരുന്നു. അവിടെ അഞ്ഞൂറോളം പണിക്കാർ കാളകളെ പൂട്ടിയ നുകവും കലപ്പയുമായി നിലമുഴുത് വിത്തുവിതയ്ക്കാൻ തയാറെടുക്കുകയായിരുന്നു. വിതപ്പുദിനം പ്രമാണിച്ച് പണിക്കാർക്ക് അന്ന് ഭക്ഷണവും ഒരുക്കിയിരുന്നു. ആ സമയത്താണ് തഥാഗതൻ ഭിക്ഷയാചിച്ച് അതുവഴി പോയത്.
ഇന്നത്തെ പലരേയും പോലെ, ഭാരദ്വാജനും കരുതിയിരുന്നത് ധ്യാനം നിഷ്ക്രിയമായ ഒരു ഇരിപ്പാണെന്നായിരുന്നു. തന്റെ പൂർവ്വികരിൽ നിന്ന് പഠിച്ച കുറേ പാരായണങ്ങളും ധ്യാനവും ചെയ്യുമെന്നല്ലാതെ, ധ്യാനം കൊണ്ട് മനസ്സിന് പരിവർത്തനം വരുത്താൻ അയാൾക്ക് അറിയില്ലായിരുന്നു. പകൽ കീഴാളർ പാടത്ത് പണിയെടുക്കുമ്പോൾ, അതിന്റെ മേൽനോട്ടവുമായി അവിടെ നിൽക്കും. ആരെങ്കിലും പണിയിൽ ഉഴപ്പി തന്നെ പറ്റിക്കുമോ എന്ന ഭയം കാരണം ആകെ ഒരു പിരിമുറുക്കമാണ്. ഇടയ്ക്കിടയ്ക്ക് അവരോട് കയർത്ത് പൊട്ടിത്തെറിക്കും. കുറേ വെയിൽകൊള്ളും. പിന്നീട്, തെല്ലൊന്ന് വിശ്രമിക്കാനുള്ള മാർഗ്ഗമായിരുന്നു പ്രഭാതത്തിലും പ്രദോഷത്തിലുമുള്ള ധ്യാനം. കണ്ണും പൂട്ടി ഇരിയ്ക്കും. ഇന്ദ്രിയങ്ങളെ പ്രചോദിപ്പിക്കാൻ ഒന്നുമില്ലാത്ത ആ ഏകാന്തതയിൽ മനസ്സ് ഉൾവലിഞ്ഞ് കുറച്ച് ശാന്തമാവും. കുറച്ചുനേരത്തേക്ക് പിരിമുറുക്കങ്ങളൊക്കെ വിട്ട് സമാധാനമായി ഇരിക്കുന്നതിന്റെ ഒരു സുഖമുണ്ടാകും. അത്രതന്നെ. പാടത്ത് പോകുമ്പോൾ വീണ്ടും തനിയാവർത്തനം.
ഭാരദ്വാജന് നിർവ്വാണമാർഗ്ഗം ഉപദേശിക്കാൻ പറ്റിയ സാഹചര്യമാണെന്ന് ബുദ്ധൻ തന്റെ ഉൾക്കാഴ്ചയിൽ അറിഞ്ഞു. ഭിക്ഷാപാത്രവുമായി അയാളുടെ അടുത്തേക്ക് ചെന്നു. ബുദ്ധൻ കരുതിയത് പോലെ തന്നെ, ഭാരദ്വാജൻ കയർത്തു, “നിങ്ങൾ കാണുന്നില്ലേ? നിലമുഴുത്, വിത്ത് വിതച്ചുവളർത്തി, കൊയ്താണ് ഞാൻ ഉണ്ണുന്നത്. കണ്ടില്ലേ, എന്റെ കുടിയാന്മാർ നിലമുഴുന്നത്? ഇങ്ങനെ ഭിക്ഷയാചിച്ചു നടക്കാതെ നിങ്ങളും സ്വയം നിലമുഴുത് വിത്ത് വിതച്ചുവളർത്തി, കൊയ്ത്, പണിയെടുത്ത് ഉണ്ണൂ.”
തന്റെ സഹജമായ മൃദുമന്ദഹാസത്തോടെ തഥാഗതൻ, “അല്ലയോ ബ്രാഹ്മണാ, ഞാനും നിലമുഴുത്, വിത്ത് വിതയ്ക്കുന്നു. സ്വയം ഉഴുത്, വിത്തുവിതച്ച്, കൊയ്താണ് ഞാനും ഉണ്ണുന്നത്.”
ഭാരദ്വാജൻ ആശ്ചര്യപ്പെട്ടു, “നിങ്ങളും നിലമുഴുന്നുണ്ടെന്നോ! പക്ഷെ, അങ്ങനെ ഒരു നിലം ഉള്ളതായി ഞങ്ങളാരും കേട്ടിട്ടില്ലല്ലോ! എവിടെയാണ് നിങ്ങളുടെ നിലം? എന്ത് കൃഷിയാണ് അവിടെ ഇറക്കുന്നത്? പിന്നെന്തിനാണ് ഇങ്ങനെ ഭിക്ഷാപാത്രവുമായി നടക്കുന്നത്? ഒന്ന് വ്യക്തമാക്കാമോ?”
അതിനുത്തരമായി, തഥാഗതന്റെ വാക്കുകൾ ഒരു ഗാഥയായി അലയടിച്ചൊഴുകി,
ശ്രദ്ധയാം വിത്തുപാകി തപസ്സാം നീർചൊരിഞ്ഞും
പ്രജ്ഞയാം കലപ്പയും നുകവും കൊണ്ടുഴുതും.
മാനമെൻ കരിക്കോലായ് മനസ്സോ നുകക്കഴി (നോക്കഴി),
മാറാത്ത സ്‌മൃതിസ്ഥൈര്യം കൊഴുവും ചമ്മട്ടിയും.
വാക്കിലും നടപ്പിലും ജാഗ്രതയുറപ്പിച്ചും
നാക്കിലും വയറ്റിലും മിതത്വം പുലർത്തിയും
ഉള്ളിലെ കളപ്പുല്ലു നേരായി പെറുക്കിയും
പാഴെല്ലാമടർത്തിയുൾ നന്നായി മെരുക്കിയും
വീര്യമാം കാളക്കൂറ്റൻ പേറുന്നീ നുകപ്പൂട്ടു
വിളവായ് യോഗക്ഷേമം പാടത്തു നിറയ്ക്കുവാൻ.
പോകുന്നിതനുസ്യൂതം പൂകുന്നിതശോകത്വം
പൂക്കുന്നതമരത്വം പൊലിവൂ സർവ്വദുഃഖം.
-ബുദ്ധൻ (കസീഭാരദ്വാജ സൂത്തത്തിൽ നിന്ന്, പരിഭാഷ – പ്രബോധ ജ്ഞാന)
പാടത്ത് എങ്ങനെ അന്നം വിളയിക്കുന്നവോ, അതുപോലെ, മനസ്സിന്റെ വിളനിലത്ത് നമുക്ക് ഉത്കൃഷ്ടമായ ഗുണവിശേഷങ്ങൾ വിളയിച്ചെടുക്കാം. ഉള്ളിലെ കൃഷിയിലൂടെ വരുന്ന വിളവിനെ തഥാഗതൻ ഇവിടെ യോഗക്ഷേമം എന്ന് വിളിക്കുന്നു (പാലി ഭാഷയിൽ യോഗക്ഖേമ). യോഗക്ഷേമം എന്നാൽ മനസ്സിന്റെ വൈകാരിക പതഞ്ഞുപൊങ്ങലുകൾ ഒക്കെ പൂർണ്ണമായും ശമിച്ച്, ദുഃഖവും ദുഃഖഹേതുക്കളും പൂർണ്ണമായി ഇല്ലാതായി, ഒരാൾ തികഞ്ഞ സ്വാസ്ഥ്യവും ശാന്തിയും ബോധത്തിന്റെ തെളിമയും അറിയുന്ന അവസ്ഥ. ആ യോഗക്ഷേമത്തിന്റെ, നിർവ്വാണത്തിന്റെ, ബോധോദയത്തിന്റെ സുഗന്ധവും ശാന്തിയുമാണ് തഥാഗതൻ ചുറ്റും ചൊരിഞ്ഞത്.
പിന്നെയൊരു വീഴ്ചയില്ലാത്തതിനാൽ അവിടെ വിളയുന്നത് അമരത്വവുമാണ്. അതായത്, അതിരുകളില്ലാത്ത നിർവ്വാണസുഖത്തിൽ നിന്നും സ്വാതന്ത്ര്യത്തിൽ നിന്നും വീണ്ടും ഒരു മരണമില്ല.
രാജാവ് ദാനമായി നൽകിയ ഭൂമിയിൽ കീഴാളരെക്കൊണ്ട് എല്ലുമുറിയെ പണിയെടുപ്പിച്ചിട്ട് വിളവ് സ്വയം ആസ്വദിക്കുന്നത് പോലെയല്ല ബുദ്ധന്റെ കൃഷി. സ്വന്തം മനസ്സിന്റെ പാടത്ത് സ്വയം തന്നെ ഉഴുതുമറിക്കണം. സ്വയമേ, വിത്തുപാകാനും, കളപറിക്കാനും, നീരൊഴുക്കാനും, കൊയ്യാനും പറ്റൂ. എന്നാൽ, അതിന്റെ ഫലമായി പാടത്ത് നിറയുന്ന അക്ഷയമായ യോഗക്ഷേമത്തിന്റെ സ്വാസ്ഥ്യവും ശാന്തിയും ബുദ്ധൻ എല്ലാവരുമായി പങ്കുവച്ചു. സ്വയം ഒരു നല്ല വിളനിലം ഉള്ളിലൊരുക്കാൻ താൻ കണ്ടെത്തിയ പാഠങ്ങളും ഏവർക്കും പകർന്നുനൽകി.
മനസ്സ് ഏറ്റവും ഫലഭൂയിഷ്ഠമാക്കുന്ന, വിലമതിക്കാനാവാത്ത ആ അറിവ് വേണ്ടവർക്കെല്ലാം സൗജന്യമായി നൽകിയിട്ടാണ് തഥാഗതൻ തെരുവുകളിലൂടെ ഭിക്ഷ യാചിച്ച് നടന്നത്. ചിലപ്പോൾ ആ ഭിക്ഷ കൊട്ടാരത്തിൽ നിന്നാകാം, മറ്റുചിലപ്പോൾ ഗ്രാമങ്ങളിൽ നിന്നും, മറ്റുചിലപ്പോൾ ഗ്രാമങ്ങൾക്കും വെളിയിലേക്ക് അകറ്റപ്പെട്ട ചണ്ഡാലരിൽ നിന്നും. ഏവരും ബുദ്ധന് തുല്യരായിരുന്നു. ആരിൽ നിന്നായാലും സന്തോഷപൂർവ്വം കൊടുക്കുന്നത് സ്വീകരിക്കുന്നു. അതിൽ ഇഷ്ടാനിഷ്ടങ്ങൾ പ്രകാരമുള്ള തെരെഞ്ഞെടുപ്പുകളില്ല.
ഈ കൃഷി ചെയ്ത് സമൂഹത്തിൽ ശാന്തി ചൊരിയാനും മറ്റുള്ളവർക്ക് മാർഗ്ഗം തെളിക്കാനും താൽപര്യമുള്ളവരെ തന്റെ സംഘത്തിൽ ചേർക്കുകയും ചെയ്തു – കൊട്ടാരവും പുറമ്പോക്കുമെന്നോ ജന്മിയെന്നോ കുടിയാനെന്നോ വർണ്ണത്തിന്റേയോ സ്വത്തിന്റെയോ ഭേദമില്ലാതെ ആരെയും.
ഉള്ളിലെ കൃഷിയിലൂടെ ഉത്ക്കൃഷ്ടരായി, പുറത്തും സമർത്ഥരാകാനാണ് തഥാഗതൻ പഠിപ്പിച്ചത്. നിഷ്ക്രിയമായി കുറേ നേരം ആനന്ദത്തിൽ ആറാടിയിരിക്കുന്നതല്ല ബുദ്ധന്റെ ധ്യാനം. ശരിയായ അളവിലുള്ള ശ്രമം വേണം – ആലസ്യമില്ലാതെ, ബലപ്രയോഗമില്ലാതെ, മെല്ലെമെല്ലെ മനസ്സിനെ പരിവർത്തനം ചെയ്തെടുക്കാനുള്ള മൃദുവായ ഒരു ശ്രമം. കൂടാതെ, ശരിയായ തിരിച്ചറിവും (പ്രജ്ഞാ, പാലിയിൽ പഞ്ഞാ) ശരിയായ തരത്തിലുള്ള അച്ചടക്കവും (ശീലം) വേണം. ശരിയായ തിരിച്ചറിവെന്നാൽ, ഒരു അനുഭവത്തിലും മദിച്ചു നിൽക്കാതെ, പിടിച്ചുമുറുകാതെ, ഓരോ ക്ഷണികാനുഭവങ്ങളുടെയും വരവും പോക്കും നിജസ്ഥിതിയുമൊക്കെ നിരീക്ഷിച്ചു മനസ്സിലാക്കാൻ ഉതകുന്ന തിരിച്ചറിവ്. ശരിയായ ശീലമെന്നാൽ, ധ്യാനത്തിലൂടെ നേടുന്ന തിരിച്ചറിവിനെ ലൗകികവ്യാപാരങ്ങളിൽ പ്രയോഗത്തിൽ കൊണ്ടുവരാനും ആർക്കും ഹാനിവരുത്താതിരിക്കാനും മറ്റുള്ളവർക്ക് ഹിതകരമായ രീതിയിൽ പ്രവർത്തിക്കാനുമുള്ള അച്ചടക്കം.
ഇത്തരത്തിൽ ശരിയായ തിരിച്ചറിവോടെ മനസ്സിനെ നിരീക്ഷിക്കുമ്പോൾ, അനാരോഗ്യകരമായ ത്വരകളും വാസനകളുമാകുന്ന കളകൾ ഓരോന്നായി കണ്ടെത്തി, അവയിൽ നിന്ന് മോചനം നേടാൻ കഴിയും. അങ്ങനെ കളകൾ അകറ്റിയ മനസ്സിന്റെ വിളനിലത്ത് നമുക്ക് യോഗക്ഷേമം വിളയിക്കാം.
തഥാഗതന്റെ ഗാഥ ഭാരദ്വാജനിലേക്ക് അലയടിച്ചിറങ്ങിയപ്പോൾ, അയാളുടെ മനസ്സ് കുളിർത്തു. ധ്യാനത്തിന് താനിന്നേവരെ അറിയാത്ത ഒരു പുതിയ മാനം ഉണ്ടെന്ന് മനസ്സിലാക്കി. ആ അറിവിൽ അയാൾ അത്യന്തം സന്തോഷവാനായി. ഉടൻ തന്നെ ഒരു സ്വർണ്ണപ്പാത്രത്തിൽ പാൽപ്പായസം എടുത്ത് ആദരപൂർവ്വം തഥാഗതന് സമർപ്പിച്ചുകൊണ്ട് പറഞ്ഞു, “അല്ലയോ കർഷകശ്രേഷ്ഠാ, മനസ്സിന്റെ പാടത്ത് അമരത്വം വിളയിക്കുന്ന മഹാനായ ഗൗതമാ, ഈ പാൽപ്പായസം സ്വീകരിച്ചാലും!”
പാൽപ്പായസം സൗമ്യമായി നിരസിച്ചുകൊണ്ട് ബുദ്ധൻ അരുളിചെയ്തു, “ബ്രാഹ്മണാ, ഗാഥകൾ പാടുമ്പോൾ പ്രതിഫലമായി നൽകുന്നത് തഥാഗതൻ സ്വീകരിക്കില്ല. പാട്ടുപാടി അന്നം തേടുന്നത് ഭിക്ഷുക്കളുടെ രീതിയല്ല. ദാനം ചെയ്യാനുള്ള താല്പര്യത്തോടെ ഭിക്ഷയായി ആൾക്കാർ നൽകുന്നതേ സ്വീകരിക്കുള്ളൂ. അതിനാൽ ഗാഥ ചൊല്ലിയ ശേഷം ഇത് സ്വീകരിക്കാൻ നിർവ്വാഹമില്ല.”
ബുദ്ധൻ മടങ്ങാനൊരുങ്ങവേ, ബുദ്ധനെ നമസ്കരിച്ചുകൊണ്ട് ഭാരദ്വാജൻ അപേക്ഷിച്ചു, “അല്ലയോ ശ്രേഷ്ഠനായ ഗൗതമാ, കമഴ്ത്തിവച്ച കുടം തിരിച്ച് തുറന്നുവയ്ക്കുംപോലെ, വഴിതെറ്റി അലയുന്നൊരാൾക്ക് വഴികാട്ടുംപോലെ, ഇരുട്ടിൽ ഒരു ദീപം തെളിച്ച് കണ്ണുള്ളവർക്ക് കാഴ്ച സാദ്ധ്യമാക്കുംപോലെ, അങ്ങ് എനിക്ക് ധ്യാനത്തിന്റെയും മോക്ഷത്തിന്റെയും വഴി തുറന്നുതന്നു. ഞാൻ ബുദ്ധനിലും ധമ്മത്തിലും സംഘത്തിലും ശരണം പ്രാപിക്കുന്നു. എനിക്കും ഈ കൃഷി ചെയ്യണം. ദയവായി എന്നെയും അങ്ങയുടെ ഭിക്ഷുസംഘത്തിൽ ചേർത്താലും!”
ഇപ്രകാരം, ഭിക്ഷുവായി മാറിയ ഭാരദ്വാജൻ വീര്യത്തോടെ തന്റെ മനസ്സിന്റെ നിലമുഴുതു. അധികം വൈകാതെ, വികാരങ്ങളെ ജയിച്ച്, ദുഃഖവിമുക്തി നേടി നിർവ്വാണത്തിന്റെ അമരത്വം പൂകി.
ബുദ്ധൻ പാടിയ ഗാഥയുടെ വിശദശാംശങ്ങൾ കൂടി നമുക്ക് പരിശോധിക്കാം.
ശ്രദ്ധയാകുന്ന വിത്ത്
ശ്രദ്ധയുടെ വിത്തുപാകുക എന്നാൽ എന്താണ്? ശ്രദ്ധാ എന്ന സംസ്കൃതപദത്തിന്റെ (പാലിയിൽ സദ്ധാ) അർത്ഥം അടിയുറച്ച വിശ്വാസം (conviction), അഥവാ നിശ്ചയദാർഢ്യം എന്നാണ്. തന്റെ കൃഷി ഫലപ്രദമാകുമെന്ന നിശ്ചയദാർഢ്യമുണ്ടെങ്കിലേ വേണ്ടരീതിയിലുള്ള ശ്രമം ചിട്ടയോടെ, ഉത്സാഹപൂർവ്വം നിലനിർത്താൻ കഴിയൂ. ബൗദ്ധമാർഗ്ഗത്തിന്റെ ചിട്ടയായ അഭ്യാസത്തിലൂടെ ദുഃഖഹേതുക്കളിൽ നിന്നും, മനസ്സിന്റെ തനത് കഴിവുകളെ മറയ്ക്കുന്ന എല്ലാ ആവരണങ്ങളിൽ നിന്നും മുക്തമായി നിർവ്വാണസുഖവും സ്വാതന്ത്ര്യവും പ്രാപിക്കാം എന്ന നിശ്ചയമാണ് ഇവിടെ ആവശ്യം. അന്ധവിശ്വാസമല്ല വേണ്ടത്. കാര്യങ്ങൾ അപഗ്രഥിച്ച് പഠിച്ച്, സംശയങ്ങൾ നിവാരണം ചെയ്ത്, അബദ്ധധാരണകൾ ഒന്നും ഇല്ല എന്ന് ഉറപ്പാക്കുമ്പോൾ വരുന്ന വിശ്വാസമാണ് ആവശ്യം. അതാണ് ശ്രദ്ധ. യാഥാർഥ്യബോധത്തോടും യുക്തിഭദ്രതയോടും കൂടിയ വിശ്വാസം വഴിയിൽ പകച്ചുനിൽക്കാതെ അനുസ്യൂതം മുന്നോട്ട് പോകാനുള്ള വീര്യം നൽകും.
ശ്രദ്ധയുടെ വിത്തുപാകുക എന്നാൽ ഒരിയ്ക്കൽ ആ വിശ്വാസം വന്നാൽ പിന്നെ കണ്ണടച്ച് മുന്നോട്ട് പോകുക എന്നല്ല. വിളവിന് പകരം കള വളർന്നു വരുന്നത് ശ്രദ്ധിക്കാതെ, എന്തായാലും വിളവ് വന്നോളും എന്ന് കണ്ണടച്ച് വിശ്വസിച്ചാൽ ശരിയാകില്ലല്ലോ. മാർഗ്ഗത്തിൽ സംഭവിക്കുന്നതൊക്കെ ജാഗ്രതയോടെ നിരീക്ഷിച്ച്, വേണ്ട തിരുത്തലുകൾ വരുത്തി, മാർഗ്ഗത്തിലെ ശരിയായ പ്രയാണം എപ്പോഴും ഉറപ്പാക്കേണ്ടതുണ്ട്. എന്നാൽ, അകാരണമായ സംശയവും ആശങ്കയും ചഞ്ചലതയും അരുത്. അത് ഒഴിവാക്കാനാണ് ദൃഢവിശ്വാസം. വേരുറയ്ക്കുന്നുണ്ടോയെന്ന സംശയത്താൽ എന്നും പിഴുതുനോക്കിയാലോ ഇടയ്‌ക്കൊക്ക വെള്ളമൊഴിക്കാൻ മടിച്ചാലോ ചെടി വളരില്ലല്ലോ.
ബൗദ്ധമാർഗ്ഗത്തിൽ മാത്രമല്ല, നാം ഇടപെടുന്ന മറ്റ് മേഖലകളിലും നേരാംവണ്ണം മുന്നോട്ട് പോകുന്നതിന് മേൽപറഞ്ഞ ശ്രദ്ധ (നിശ്ചയദാർഢ്യത്തോടുകൂടിയ വിശ്വാസം) ആവശ്യമുണ്ട്. ഉദാഹരണമായി, ശാസ്ത്രസാങ്കേതിക ഗവേഷണങ്ങളിൽ ഏർപ്പെടുന്നവർക്കും തന്റെ ഗവേഷണം ഫലപ്രദമാകാൻ നല്ല സാധ്യതയുണ്ടെന്ന വിശ്വാസമില്ലെങ്കിൽ, അഥവാ അകാരണമായ ഭയമുണ്ടെങ്കിൽ, ഗവേഷണം മുന്നോട്ട് കൊണ്ടുപോകാനുള്ള ഉത്സാഹം ഉണ്ടാകില്ല. എന്തിനേറെ പറയുന്നു! ഒന്നിലും വിശ്വസിക്കുന്നത് നല്ലതല്ലായെന്ന് ഒരു പ്രബന്ധം എഴുതുന്ന ആൾക്കുപോലും ആ പ്രബന്ധംകൊണ്ട് കാര്യമുണ്ട് എന്ന വിശ്വാസം (conviction) ഉണ്ടെങ്കിലേ അത് മുഴുമിപ്പിക്കാൻ കഴിയൂ. അതേസമയം, പുതുതായി കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശ്വാസത്തെ പുനരവലോകനം ചെയ്യാതെ ഒരു ഗവേഷകൻ കണ്ണടച്ച് വിശ്വസിച്ചിരുന്നാൽ, അത് മുഴുവൻ ശ്രമത്തേയും വൃഥാവിലാക്കാം. ചുരുക്കത്തിൽ, ഇവിടെ ആവശ്യമുള്ള ശ്രദ്ധ എന്നത് നിരീക്ഷണങ്ങളും യുക്തിയും വഴി സദാ ഉറപ്പിക്കുന്ന വിശ്വാസമാണ്. അറിവിനെ വിമർശനവിധേയമാക്കുകയും അതേസമയം അകാരണമായ ആശങ്കയും ഭയവും ഒഴിവാക്കുകയും ചെയ്യുന്ന ഒരു രീതിയാണത്.
തപമാകുന്ന വ്യഷ്ടി
വിത്തുപാകി കഴിഞ്ഞാൽ ശരിയായ സമയങ്ങളിൽ മഴ ലഭിച്ചാലേ വിളവ് കിട്ടുള്ളൂ. അതുപോലെയാണ് ബൗദ്ധമാർഗ്ഗത്തിൽ നാം ചെലുത്തേണ്ട തപമാകുന്ന വൃഷ്ടി. ആത്മപീഡനത്തിന്റെ തലത്തിലുള്ള തപസ്സല്ല വേണ്ടത്. അത്തരം കഠിനതപസ്സ് വിത്തുപാകിയ ശേഷം വെള്ളപ്പൊക്കം വരുന്നത് പോലെയാകും. എന്നാൽ, ഉദാസീനതയും അരുത്. അത് വേണ്ടവണ്ണം മഴകിട്ടാത്തത് പോലെയാകും. കൃത്യമായി മനസ്സിന്റെ അവസ്ഥയെക്കുറിച്ചും വന്നുപോകുന്ന വികാരവിചാരങ്ങളെക്കുറിച്ചും വാക്കിലൂടെയും ശരീരത്തിലൂടെയുമുള്ള പ്രവൃത്തികളെക്കുറിച്ചും സദാ ജാഗ്രത നിലനിർത്തേണ്ടതുണ്ട്. മനസ്സുമായി ഒരു മല്പിടുത്തമില്ലാതെ, അതേസമയം ജാഗ്രത ഒട്ടും കുറയാതെ, നിലനിർത്താൻ വേണ്ട മൃദുവായ ശ്രമമാണ് ഇവിടെ ആവശ്യം. നാം കാലങ്ങളായി ആർജിച്ച വാസനകൾക്കും വൈകാരിക പ്രലോഭനങ്ങൾക്കും അടിമപ്പെട്ട് ഹാനികരമായ പ്രവർത്തികളിൽ വ്യാപൃതമാകുന്നത് തടയാനും, അത്തരം കളകൾ പറിച്ചുമാറ്റി മാർഗ്ഗത്തിൽ മുന്നോട്ട് പോകുന്നതിനും വേണ്ട തരത്തിലെ മിതമായ തീവ്രതയാണ് ശ്രമത്തിൽ വേണ്ടത്.
മനസ്സുഴുന്നതിനുള്ള ഉപകരണങ്ങൾ
ശരിയായ പ്രജ്ഞയാണ് (തിരിച്ചറിവ്) മനസ്സിന്റെ നിലമുഴുന്നതിനുള്ള കലപ്പയും നുകവും. മറ്റുള്ളവർക്ക് ഹാനികരമായത് ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നതിലുള്ള മാനക്കേട് ഉഴവുകാരൻ കലപ്പയെ വേണ്ടിടത്ത് പിടിച്ചുനിർത്തുന്ന കരിക്കോൽ (കലപ്പത്തണ്ട്) പോലെ പ്രവർത്തിക്കുന്നു. മനസ്സ് നുകത്തെ കാളയുടെ കഴുത്തിൽ നിന്ന് വഴുതിപ്പോകാതെ നിലനിർത്തുന്ന നുകക്കഴി (നോക്കഴി) പോലെ പ്രവർത്തിക്കുന്നു. നിരീക്ഷിക്കേണ്ട കാര്യങ്ങളിൽ ബോധത്തെ നിലനിർത്തുന്ന അഭ്യാസമായ സ്‌മൃത്യുപസ്ഥാനം (mindfulness, പാലിയിൽ സതിപട്ഠാന) കലപ്പയിലെ കൊഴുവും ചമ്മട്ടിയും പോലെ പ്രവർത്തിച്ച് ഉള്ളിന്റെ ഓരോ നൈമിഷിക വ്യതിയാനങ്ങളും നിരീക്ഷണ വിധേയമാക്കാൻ സഹായിക്കുന്നു. അതുവഴി ചിന്തയിലും വാക്കിലും ശരീരത്തിലും ജാഗ്രത പുലർത്താനും, കളയൊക്കെ നന്നായി അടർത്താനും കഴിയുന്നു.
മനോവീര്യമാണ് നുകംപേറുന്ന കാള. സംസാരദുഃഖത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള തിരിച്ചറിവും മാർഗ്ഗത്തെക്കുറിച്ചുള്ള നിശ്ചയദാർഢ്യവും മാർഗ്ഗത്തിൽ മുന്നേറുമ്പോഴുണ്ടാകുന്ന ആരോഗ്യകരമായ മാറ്റങ്ങളും ആ കാളക്കൂറ്റന്റെ വീര്യം വർദ്ധിപ്പിക്കുന്നു.
ഇത്തരത്തിൽ മനസ്സിനെ ഉഴുത് കൃഷിചെയ്ത് യോഗക്ഷേമം വിളയിക്കുമ്പോൾ, ശോകങ്ങളും വേദനകളും ഒഴിഞ്ഞ നിർവ്വാണം പ്രാപ്തമാകുന്നു.
ഇത്തരത്തിൽ വിവേകപൂർവ്വം സ്വമനസ്സിനെ സംസ്കരിച്ചെടുക്കുന്ന ഒരു ധ്യാനി, സമൂഹത്തിനും വലിയ സംഭാവനയാണ് ചെയ്യുന്നത്. അവർ എങ്ങും ശാന്തിയും സമാധാനവും പ്രസരിപ്പിക്കുന്നു. വികാരങ്ങൾക്ക് അടിമപ്പെടുന്നതിൽ നിന്ന് മോചനം നേടാനും ശാന്തരാകാനും അവർ മറ്റുള്ളവരെയും പ്രേരിപ്പിക്കുന്നു. സമൂഹത്തിന്റെ ഭാഗമായ ഓരോ വ്യക്തിക്കും സദ്ഗുണങ്ങളിൽ നിലകൊള്ളാനും മൈത്രി വളർത്താനും അവർ ഒരു പ്രചോദനമാകുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം ഇത്യാദി മൂല്യങ്ങളുള്ള ഒരു ഉൽകൃഷ്ട ക്ഷേമ സമൂഹം കെട്ടിപ്പടുക്കുന്നതിന് ഇത്തരത്തിൽ മനിസ്സിന്റെ കൃഷിക്കാർ അടിത്തറയിടുന്നു.
-പ്രബോധ
(ധ്യാനത്തിന്റെ ക്രിയാത്മകതയെപ്പറ്റി കസീഭാരദ്വാജ സൂത്തം ആസ്പദമാക്കി)
For this article in other languages – English Post
- ധർമ്മചക്ര പ്രവർത്തനം - November 26, 2024
- കരുണ – നിഷ്ക്രിയത്വത്തിന്തടയിടുന്ന ഉൾത്തുടിപ്പ് - November 24, 2024
- മനസ്സ് – ഏറ്റവും വിനാശകരവും ഏറ്റവും ഗുണകരവും - September 11, 2023