ദർശനംധ്യാനം

മൈത്രി – അതിരുകളില്ലാത്ത ഹൃദയവിശാലത

Buddha - Loving Kindness (Image credit: www.wayofbodhi.org )

ബൗദ്ധമാർഗ്ഗത്തിൽ സഹജീവികളോടുള്ള മൈത്രി (സ്നേഹം / loving kindness) വെറുമൊരു സദാചാരകല്പനയല്ല. നമ്മുടെ മനസ്സിന്റെ മൂലപ്രകൃതിയിൽ സ്വതവേ അന്തർലീനമായുള്ള ശക്തമായ ഭാവങ്ങളാണ് മൈത്രിയും കരുണയും. ബൗദ്ധമാർഗ്ഗത്തിലൂടെയുള്ള യാത്രയെ, പ്രത്യേകിച്ചും ബോധിസത്ത്വമാർഗ്ഗത്തിലൂടെയുള്ള യാത്രയെ സംസാരസാഗരത്തിലൂടെയുള്ള ആനന്ദപൂരിതമായ ഒരു ഇളംതെന്നൽ പോലെയാക്കുന്നതും മൈത്രിയും കരുണയുമാണ്. നിർവാണ മാർഗ്ഗത്തിന്റെ സാഫല്യത്തിലോ? അവിടെ മഹാമൈത്രിയും, മഹാകരുണയും അനായാസമായ പാരമ്യത്തിലെത്തി പരന്നൊഴുകുന്നു. മാർഗ്ഗത്തിൽ മൈത്രിയും കരുണയും വളർത്തിയെടുക്കാനുള്ള പല ഉപായങ്ങളും ബുദ്ധതഥാഗതൻ പഠിപ്പിച്ചിട്ടുണ്ട്.

മൈത്രി – അത് ഉള്ളിൽ അനായാസമായ സ്വാസ്ഥ്യത്തിന്റെ വെണ്ണിലാവും പുറത്ത് സാന്ത്വനത്തിന്റെ തേനരുവിയുമാകുന്നു.

നിർവാണ മാർഗ്ഗത്തിൽ മാത്രമല്ല, ദൈനംദിന ജീവിതത്തിൽ പോലും മൈത്രീഭാവം മനഃസുഖത്തിലേക്കുള്ള വഴിയാണ്. മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി മാത്രമല്ല, നമ്മുടെ ഉള്ളിൽ നിന്നും സുഖം ഉണർന്ന് പടരുന്നതിനും ഉത്തമ ഔഷധമാണ് മൈത്രിയും കരുണയും. നമ്മുടെ മനസ്സിന് ഒരു തുറന്ന പ്രവാഹമായി പരന്നൊഴുകി നമ്മുടെയും ഏവരുടെയും സുഖത്തിനായി പ്രവർത്തിക്കുന്നതിനുള്ള കഴിവുണ്ട്. അതിന് തടസ്സമാകുന്നത് മിഥ്യാസങ്കല്പങ്ങളിൽ നിലകൊള്ളുന്ന ആത്മഭാവമാണ്. ഞാനെന്നും എന്റെയാളെന്നും അപരനെന്നും നമ്മെ വേർപെടുത്തുന്ന ‘ഞാൻ’ എന്ന ഭാവമാണ് നമ്മുടെ വികലവികാരങ്ങൾക്കും സകലദുഃഖങ്ങൾക്കും അടിത്തറയാകുന്നത്. കെട്ടിക്കിടക്കുന്ന വെള്ളം ചീഞ്ഞുനാറുന്നതു പോലെ, ആത്മഭാവത്തിൽ തളച്ചിട്ട മനസ്സും വികലവികാരങ്ങളുടെ ഭാരം പേറി ദുഃഖഭരിതമാകുന്നു. ഇതിൽ നിന്ന് കരകയറി മനസ്സിനെ അതിന്റെ തനത് ലാളിത്യത്തിലും ആനന്ദത്തിലും നിലനിർത്താൻ ‘ഞാൻ’ എന്ന ഭാവം സൃഷ്ടിക്കുന്ന അണക്കെട്ടുകൾ അടരണം. മൈത്രിയുടെയും കരുണയുടെയും പ്രഭാവത്തിൽ നാം അപരന്റെ സുഖദുഃഖങ്ങളുമായി താദാത്മ്യത്തിൽ എത്തുമ്പോൾ ആത്മഭാവം അലിയിക്കാൻ അനായാസം കഴിയും.

ബൗദ്ധമാർഗ്ഗത്തിൽ ജ്ഞാനവും മൈത്രീ-കരുണാഭാവങ്ങളും പരസ്പരപൂരകങ്ങളാണ്. മൈത്രിയും കരുണയും വളർത്തുമ്പോൾ ‘ഞാൻ’ എന്ന പിടിത്തം കുറയും. അപ്പോൾ, ആത്മഭാവത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് ആഴത്തിൽ പരിശോധിച്ച് ജ്ഞാനം നേടാൻ സുഗമമാകുന്നു. ആത്മഭാവം ഒരു മിഥ്യയാണെന്ന് ജ്ഞാനത്തിലൂടെ തിരിച്ചറിയുമ്പോഴോ? ജ്ഞാനത്തിന്റെ ചൂടിൽ ‘ഞാൻ’ എന്ന ഭാവം ഉരുകിമായുമ്പോൾ, പരന്നുപൊന്തുന്ന സൗഖ്യത്തിൽ, ആനന്ദത്തിൽ, അതിന്റെ ഓരോ ക്ഷണത്തിലും താനേ നിറഞ്ഞുതുളുമ്പും മൈത്രിയുടെയും കരുണയുടെയും പാരമ്യത.

ഞാനെന്നും എന്റേതെന്നും മറ്റുള്ളവരുടേതെന്നും ഭേദമേതുമില്ലാതെ, ഏവരേയും ഓരോരുത്തരേയും സുഖാവസ്ഥയിലാക്കാൻ, ഏവരുടേയും ഓരോരുത്തരുടേയും നന്മയ്ക്കായി നിലകൊള്ളുന്ന മനോഭാവമാണ് മൈത്രിയുടെ പാരമ്യത. ഭേദങ്ങളൊഴിഞ്ഞ അദ്വയബോധം ഉണരുമ്പോൾ, എന്തിനോടെന്നില്ലാതെ, മനസ്സിന്റെ തനതുഭാവമായി, എപ്പോഴും മൈത്രിയും കരുണയും പരന്നൊഴുകുന്നു. അതിരുകളില്ലാത്ത ഹൃദയവിശാലതയിലെ ആ തുറന്നൊഴുക്ക് ബുദ്ധത്വത്തിന്റെ മുഖമുദ്രയാണ്. അത് ഉള്ളിൽ അനായാസമായ സ്വാസ്ഥ്യത്തിന്റെ വെണ്ണിലാവും പുറത്ത് സാന്ത്വനത്തിന്റെ തേനരുവിയുമാകുന്നു.

ബുദ്ധത്വാവസ്ഥയിൽ മൈത്രി താനേ പ്രവഹിക്കുമെങ്കിലും, ദ്വന്ദങ്ങളിൽ കുടുങ്ങിയ സാംസാരികാവസ്ഥയിൽ, മറ്റുള്ളവരെക്കുറിച്ചുള്ള ചിന്തയിലും പ്രവൃത്തിയിലും നാം ശ്രദ്ധാപൂർവ്വം വളർത്തിയെടുക്കേണ്ടതാണ് മൈത്രി.

എന്താണ് മൈത്രി (Loving Kindness)?

Buddha Quote Malayalam - കരണീയ മെത്ത സൂത്തം - അപരിമേയമായ മൈത്രി

“അയാൾക്ക് / അവൾക്ക് സൗഖ്യവും (സ്വാസ്ഥ്യവും സുഖസന്തോഷങ്ങളും), സൗഖ്യത്തിനുള്ള ഹേതുക്കളും ഉണ്ടാകട്ടെ! അയാൾക്ക് / അവൾക്ക് സൗഖ്യമേകാൻ എനിക്ക് കഴിയട്ടെ!” എന്ന മനോഭാവമാണ് മൈത്രി (loving kindness).

അപരനെ സുഖത്തിൽ പ്രതിഷ്ഠിക്കാനുള്ള സ്നേഹാർദ്രമായ താല്പര്യം അവിടെയുണ്ട്. ഒരാൾക്ക് സുഖവും സ്വാസ്ഥ്യവും ഉണ്ടാകണെമെങ്കിൽ അയാളിൽ അതിനുതകുന്ന തരം ചിന്തകളും വാക്കുകളും പ്രവൃത്തികളും ഉണ്ടാകണം. അതിനാൽ, ഒരാൾ സൗഖ്യമായിരിക്കണമെന്ന മനോഭാവം മാത്രമല്ല, അതിനുതകുന്ന ചിന്തകളും, വാക്കുകളും പ്രവൃത്തികളും അയാളിൽ വർദ്ധിക്കട്ടേ എന്ന മനോഭാവവും കൂടിയാണ് മൈത്രീഭാവം. മറ്റുള്ളവരുടെ സൗഖ്യത്തിനുവേണ്ടിയുള്ള നിഷ്ക്രിയമായ ഒരു പ്രാർത്ഥനയല്ല മൈത്രീഭാവം. മറ്റൊരാളുടെ സൗഖ്യത്തിനായി പ്രവർത്തിക്കാൻ നമുക്ക് പ്രചോദനമാകുകയും, അത്തരം പ്രവർത്തികളിൽ വ്യാപാരിക്കുമ്പോൾ നമുക്ക് സന്തോഷവും സംതൃപ്തിയും ഉളവാക്കുകയും ചെയ്യുന്ന മനോഭാവമാണത്.

ഉദാഹരണമായി, ഒരമ്മയ്ക്ക് തന്റെ കൈക്കുഞ്ഞിനോട്‌ (പ്രത്യേകിച്ചും അത് ഒരേയൊരു കുഞ്ഞാണെങ്കിൽ) സ്വതവേ ഉദിച്ചു ഉണ്ടാകുന്ന മനോഭാവമാണ് മൈത്രി. സ്വന്തം ജീവൻ കൊടുത്തുപോലും തന്റെ ഏക കുഞ്ഞിനെ സംരക്ഷിക്കാനും സൗഖ്യമേകാനും തോന്നുന്ന മനോഭാവമാണത്. അമ്മയ്ക്ക് കുഞ്ഞിനോടുള്ള മൈത്രിയിൽ, കുഞ്ഞ് ഈ നിമിഷം സന്തോഷമായിരിക്കണമെന്ന താല്പര്യം മാത്രമല്ല, കുഞ്ഞിന്റെ സ്വാസ്ഥ്യത്തിന് ഉതകുന്ന രീതിയിലുള്ള മാനസികവും ശാരീരികവുമായ വളർച്ച കുഞ്ഞിനുണ്ടാകണമെന്ന താല്പര്യവും കൂടിയുണ്ട്. ഒരു മധുരപലഹാരത്തിന്റെ ഒരു കഷണമേ ഉള്ളൂവെങ്കിൽ, അമ്മയ്ക്ക് അത് സ്വയം കഴിക്കുന്നതിലേറെ സംതൃപ്തി അത് തന്റെ കുഞ്ഞിന് കൊടുക്കുന്നതിലാണല്ലോ. ഏത് മധുരത്തേക്കാളും അമ്മയ്ക്ക് സുഖം നൽകുന്നത് തന്റെ കുഞ്ഞിന്റെ സന്തോഷമാണല്ലോ. മറ്റൊരാളുടെ സന്തോഷം സ്വന്തം സന്തോഷമായി അനുഭവപ്പെടുന്ന ആ അവസ്ഥയാണ് മൈത്രി.

എന്താണ് അപരിമേയമായ മൈത്രി (Immeasurable Loving Kindness)?

ഒരമ്മയ്ക്ക് തന്റെ കുഞ്ഞിനോട് തോന്നുന്ന നിസ്വാർത്ഥമായ മൈത്രീഭാവം അമ്മയ്ക്ക് എത്ര ആനന്ദവും സംതൃപ്തിയുമാണ് നൽകുന്നത്! അതേ മൈത്രീഭാവം നമുക്ക് എല്ലാ ജീവജാലങ്ങളോടും വളർത്തിയെടുക്കാൻ കഴിയും. അതാണ് അപരിമേയമായ (അളവറ്റ / അതിരുകളില്ലാത്ത ) മൈത്രി. നമ്മുടെ ഇഹലോകവ്യാപാരങ്ങളെല്ലാം ആനന്ദകരവും സംതൃപ്തികരവും ആകുന്ന ഒരു അവസ്ഥയാണത്.

കൂടുതൽ കൃത്യമായി നിർവചിച്ചാൽ,

“എല്ലാ ജീവജാലങ്ങൾക്കും സൗഖ്യവും (സ്വാസ്ഥ്യവും സുഖസന്തോഷങ്ങളും), സൗഖ്യത്തിനുള്ള ഹേതുക്കളും ഉണ്ടാകട്ടെ! അവർക്ക് ഓരോരുത്തർക്കും സൗഖ്യമേകാൻ എന്റെ ചിന്തകളിലൂടെയും വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും എനിക്ക് കഴിയട്ടെ!” എന്ന മനോഭാവമാണ് അപരിമേയമായ മൈത്രി (immeasurable loving kindness).

മൈത്രിക്ക് ഉപോൽബലകമായി നമുക്കെടുക്കാവുന്ന ചില ചിന്തകൾ ‘കരണീയ മെത്ത സൂത്ത’ത്തിൽ ബുദ്ധൻ വിവരിച്ചിട്ടുള്ളത് ഇങ്ങനെയാണ്:

സർവ്വരും സുഖക്ഷേമങ്ങളോടെ ഇരിക്കട്ടെ!

അവർ മനസ്സുനിറഞ്ഞ് സന്തോഷിക്കട്ടെ!

ഒരാളെയും ആരും ചതിക്കാതിരിക്കട്ടെ!

ഒരിടത്തും ആരെയും അപമാനിക്കാതിരിക്കട്ടെ!

കോപത്താലോ ദുഷ്ടചിന്തയാലോ ആരും

മറ്റൊരാൾക്ക് ദുഃഖം കാംക്ഷിക്കാതിരിക്കട്ടെ!

എത്ര ആഴത്തിലാണ് മൈത്രി പ്രവർത്തിക്കേണ്ടത്?
ബുദ്ധൻ ഈ ഉദാഹരണം നൽകി (കരണീയ മെത്തസൂത്തം):

മാതാ യഥാ നിയം പുത്തം ആയുസാ ഏകപുത്തമനുരക്ഖേ

ഏവംപി സബ്ബഭൂതേസു മാനസം ഭാവയേ അപരിമാനം

(മലയാള പരിഭാഷ):

ആരോമൽ കുഞ്ഞിനെ, തന്നേക കുഞ്ഞിനെ,

ജീവനാൽ കാക്കുന്നോരമ്മതൻ മാനസം

നമ്മിലുണരേണം സർവ്വചരങ്ങൾക്കായ്

നിസ്വാർത്ഥസ്നേഹത്തിൻ നിസ്സീമ ഭാവമായ് !

അപരിമേയമായ മൈത്രി നമ്മുടെ ഉള്ളിൽ വരുത്തുന്ന മാറ്റം നമ്മുടെ എല്ലാ വ്യവഹാരങ്ങളിലും കൂടുതൽ ആനന്ദവും സംതൃപ്തിയും കൊണ്ടുവരും.

എന്താണ് ഇവിടെ അപരിമേയമായത് / അതിരുകളില്ലാത്തത്?

മൈത്രിക്ക് / സ്നേഹത്തിന് പാത്രമാകേണ്ട ജീവജാലങ്ങൾ എണ്ണിയാലൊടുങ്ങാത്തവയാണ്. നമുക്കറിയാവുന്നവരും അറിയാത്തവരുമായ, ചെറുതും വലുതുമായ, അബലരും ശക്തരുമായ, അടുത്തവരും അകലമുള്ളവരുമായ, സൂക്ഷ്മവും സ്ഥൂലവുമായ, ജനിച്ചവരും ജനിക്കാനിരിക്കുന്നവരുമായ, സർവ്വദിശകളിലേയും സകലകാലങ്ങളിലേയും സകലലോകങ്ങളിലെയും എല്ലാ ജീവജാലങ്ങളിലേക്കും നമ്മുടെ മൈത്രി പരക്കണം. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ജീവജാലങ്ങളുടെ സൗഖ്യത്തിനായി നിലകൊള്ളുന്ന മനസിന്റെ മൈത്രീഭാവം അതിരുകളില്ലാത്ത വിശാലപ്പരപ്പാകുന്നു.

മൈത്രിയുടെ അന്തഃസത്ത മറ്റൊരാൾ സൗഖ്യമായിരിക്കണമെന്ന ആശയാണെങ്കിൽ, അയാൾ / അവൾ നമ്മുടെ സൗഖ്യത്തിനായി നമ്മോടൊപ്പം ഉണ്ടാകണമെന്ന ആശയാണ് വൈകാരികബന്ധനങ്ങൾക്ക് പിന്നിൽ. മൈത്രിയുടെ എതിർദിശയിലാണ് വൈകാരിക ബന്ധനം പ്രവർത്തിക്കുന്നത്.

ഇവിടെ, ഒരു സംശയം തോന്നാം. “അമ്മ തന്റെ ഒരേയൊരു കുഞ്ഞിന് സൗഖ്യമേകുന്നതുപോലെ പ്രയോഗികമല്ലല്ലോ, ഞാൻ ഒരാൾ സർവ്വ ജീവജാലങ്ങൾക്കും സൗഖ്യമേകുന്നത്? അത് മനുഷ്യന്റെ കഴിവുകൾക്ക് അപ്പുറമല്ലേ?”

ഇവിടെ മനസ്സിലാക്കേണ്ടത്, അപരിമേയമായ മൈത്രീഭാവം എന്നത് നമുക്ക് ഇപ്പോൾ എത്ര ക്ഷേമപ്രവർത്തികൾ ചെയ്യാൻ കഴിയും എന്നതല്ല, അത് ഒരു മനഃസ്ഥിതിയാണ്. ഉള്ളിൽ നാം മൈത്രി വളർത്തുമ്പോൾ, പുറത്ത് പ്രവർത്തിക്കാനുള്ള നമ്മുടെ കഴിവ് താനേ കൂടിവരും. പരോപകാരത്തിന് മാത്രമല്ല, നമ്മുടെ തന്നെ മനോവികാസത്തിന്റെയും നൈപുണ്യവികസനത്തിന്റെയും ഏറ്റവും ഉദാത്തമായ തലം, തുറക്കുന്നതിനും അപരിമേയമായ മൈത്രീഭാവം ശക്തമായ പ്രചോദനമായി നിലകൊള്ളും.

മാത്രമല്ല, അടുപ്പമുള്ള ചിലോരോട് മാത്രമായ മൈത്രി വൈകാരികബന്ധനങ്ങളായി പരിണമിച്ച്, മൈത്രിയുടെ തനത് ലാളിത്യവും സുഖവും നഷ്ടപ്പെട്ട്, മലീമസമാകാറുണ്ട്. അത്തരം അപചയം ഒഴിവാക്കി മൈത്രിയെ അതിന്റെ ശുദ്ധഭാവത്തിൽ നിലനിർത്തി വികസിപ്പിച്ചെടുക്കാൻ അപരിമേയമായ മൈത്രിയിൽ ധ്യാനം അഭ്യസിക്കുന്നത് സഹായകമാകുന്നു.

മൈത്രിയും വൈകാരിക ബന്ധനവും (Loving Kindness and Attachment)

മൈത്രി എത്ര സുഖകരവും മനസ്സിന് ലാളിത്യമേകുന്നതുമായ മനോഭാവമാണെന്ന് നമ്മൾ കണ്ടല്ലോ. എന്നാൽ, മൈത്രി എന്തെന്ന് കൃത്യമായി വേർതിരിച്ചറിഞ്ഞില്ലെങ്കിൽ, പക്ഷപാതപരമായി ചിലരോടുമാത്രം തോന്നുന്ന മൈത്രിക്കൊപ്പം നമ്മിൽ വളർന്നുവരാവുന്ന ചില ക്ലേശകരമായ വികാരങ്ങളും ഉണ്ട്. അവയാണ് സ്നേഹബന്ധങ്ങളെ ഭാരമേറിയതും കലുഷിതവുമാക്കുന്നത്. മൈത്രിയെ അത്തരം വൈകാരികബന്ധനങ്ങളിൽ നിന്നും വേർപെടുത്തിയെടുക്കേണ്ടതുണ്ട്. ഉദാഹരണമായി, ആസക്തി (മാനസികമായ ഒട്ടിപ്പിടിക്കൽ), മമത (എന്റേതെന്ന വികാരം), ചിലർ എന്റേതാകണമെന്ന ആശ. ഒപ്പമുള്ള ചിലർ ഒരിക്കലും വിട്ടകലരുത് എന്ന ആശ എന്നിവ. പലപ്പോഴും ഇവയെ നാം നമുക്ക് മറ്റുള്ളവരോടുള്ള സ്നേഹമായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ഇവയുടെ ഒരു പൊതുരീതി വൈകാരികമായ ബന്ധനമാണ്. മൈത്രി മറ്റൊരാളുടെ സൗഖ്യം കാംക്ഷിക്കുന്നതാണെങ്കിൽ, അയാൾ / അവൾ നമ്മുടെ സൗഖ്യത്തിനായി നമ്മോടൊപ്പം ഉണ്ടാകണമെന്ന കാംക്ഷയാണ് ഈ വികാരങ്ങൾക്ക് പിന്നിൽ. അതായത്, മൈത്രിയുടെ എതിർദിശയിലാണ് വൈകാരിക ബന്ധനം പ്രവർത്തിക്കുന്നത്.

മൈത്രി വളരെ ഉത്തമമായ മനോഭാവമാണ്. പക്ഷെ, നമുക്ക് അടുപ്പമുള്ള ചിലരോടുമാത്രമാണല്ലോ സാധാരണഗതിയിൽ മൈത്രി തോന്നുന്നത്. അപ്പോൾ, മൈത്രീഭാവം നമ്മിൽ ഉണർത്തുന്ന സുഖകരമായ അനുഭൂതിയെ നാം നമ്മുടെ മൈത്രിക്ക് പാത്രമായ ആളിൽ നിന്ന് വരുന്നതാണെന്ന്, അഥവാ, അയാളാണ് നമ്മുടെ സുഖത്തിന് കാരണമെന്ന്, തെറ്റിദ്ധരിക്കും. അതായത്, മൈത്രീഭാവം നമ്മിലുണർത്തുന്ന സ്വാസ്ഥ്യവും സുഖവും മൈത്രിയുടെ തനത് ഗുണമാണെന്ന് തിരിച്ചറിയാതെ, നമ്മുടെ പ്രിയരുടെ ഗുണവിശേഷങ്ങളിൽ നിന്ന് വരുന്നതാണെന്ന് തെറ്റിദ്ധരിക്കുന്നു. അപ്പോൾ മാനസികമായി അവരോട് വല്ലാതെ ഒട്ടിച്ചേരുന്നു. അതിന്റെ ഫലമായി, അവരുടെ ഗുണങ്ങൾ പെരുപ്പിച്ച് കാണുന്നു. അതേസമയം, അവരുടെ തെറ്റുകൾ കാണാനും തിരുത്താനും കഴിയാതെയാകുന്നു. ഇങ്ങനെ, പ്രിയരുടെ ഗുണങ്ങൾ മാത്രവും മറ്റുള്ളവരുടെ കുറവുകൾ മാത്രവും കാണുന്ന ഒരു മതിഭ്രമാവസ്ഥ (delusion) ഉണ്ടാകുന്നു. മാത്രമല്ല, നമുക്ക് പ്രിയപ്പെട്ടവർ നമ്മോടൊപ്പം എന്നും എപ്പോഴും വേണമെന്ന ആസക്തിയും, അവർ അകന്നുപോകുമോ എന്ന ആകാംക്ഷയും, അവർക്ക് നമ്മെക്കാൾ അടുപ്പമുള്ളവരോട് അസൂയയും, അവരെ നമ്മിൽ നിന്ന് അകറ്റുന്നു എന്ന് നമുക്ക് തോന്നുന്നവരോട് വിദ്വേഷവും ജനിക്കുന്നു. അങ്ങനെയാണ് മൈത്രി എന്ന ഉത്തമ മനോഭാവം പോലും മതിഭ്രമത്തിലേക്കും, ആസക്തിയിലേക്കും, വൈകാരിക ബന്ധനത്തിലേക്കും വഴിമാറുന്നത്.

വൈകാരികബന്ധങ്ങളുടെ ഇത്തരം കെണി കാണുമ്പോൾ, മോക്ഷാന്വേഷികൾ പലപ്പോഴും മൈത്രീഭാവം പോലും വെടിഞ്ഞ് നിർവികാരമായ ഉദാസീനത എന്ന മറ്റേ അറ്റത്തേക്ക് വഴുതിപ്പോകാറുണ്ട്. അതും, മറ്റൊരു മതിഭ്രമമാണ്. ബുദ്ധതഥാഗതൻ ഉപദേശിച്ചത് മറ്റൊന്നാണ്. മൈത്രിയെ ഇത്തരം ദ്വന്ദങ്ങളുടെ കുരുക്കുകളിൽ നിന്ന് മോചിപ്പിച്ച് പക്ഷപാതപരമായ സാധാരണ മൈത്രിയെ അപരിമേയമായ മൈത്രിയുടെ ഉത്തമമായ പാരമ്യത്തിൽ എത്തിക്കാനാണ് ബുദ്ധൻ പഠിപ്പിച്ചത്. കുരുക്കുകളിൽ വീഴാതെ, മൈത്രിയെ അതിന്റെ തനത് ഗുണങ്ങളോടെ തിരിച്ചറിഞ്ഞ്, ആ മനഃസ്ഥിതിയെ നമുക്ക് സകലചരങ്ങളോടുമുള്ള സ്ഥിരഭാവമായി വ്യാപിപ്പിക്കാൻ കഴിയണം. അപ്പോൾ മൈത്രി പക്ഷപാതങ്ങളൊഴിഞ്ഞ് അപരിമേയമായ മൈത്രിയാകുകയും ക്ലേശങ്ങളിൽ നിന്ന് മോചിതമായ ശുദ്ധാവസ്ഥയിൽ എത്തുകയും ചെയ്യും.

മൈത്രിയുടെ ആധാരം – അടിസ്ഥാന ചേതോവികാരത്തിലെ സമാനത

അടുത്തപടിയായി മനസ്സിലാക്കാനുള്ളത്, നമ്മുടെ മൈത്രിക്ക് പാത്രമായ വ്യക്തിയിലെ എന്തുകാര്യമാണ് മൈത്രിക്ക് ആധാരമാകുന്നത് എന്നതാണ്. സ്വന്തം മകന്റെ / മകളുടെ പ്രത്യേകഗുണവിശേഷങ്ങളാണോ ഒരമ്മയുടെ മൈത്രിക്ക് ആധാരം? അങ്ങനെയെങ്കിൽ, എല്ലാ മനുഷ്യർക്കും ആ വ്യക്തിയോട് സ്വാഭാവികമായും അതേ മൈത്രി ഉണരേണ്ടതല്ലേ? അങ്ങനെയല്ലല്ലോ നാം സാധാരണയായി കാണുന്നത്. ഒരു വ്യക്തിയോട് ചിലർക്ക് മൈത്രിയും വൈകാരിക അടുപ്പവും തോന്നുമ്പോഴും മറ്റ് ചിലർക്ക് അകലം തോന്നുമല്ലോ. നമുക്ക് അടുപ്പമുള്ളവരുടെ ഗുണം മാത്രം നാം ശ്രദ്ധിക്കുമ്പോൾ അവരുടെ ദോഷങ്ങൾ ശ്രദ്ധിക്കുന്ന മറ്റ് ചിലരുണ്ടാകുമല്ലോ. ഒരു കുഞ്ഞിന്റെ പെരുമാറ്റ രീതികൾ മാറിയാൽ അമ്മയ്ക്ക് കുഞ്ഞിനോടുള്ള മൈത്രി ഇല്ലാതാകുമോ? പൊതുവെ നാം കാണുന്നത്, നമുക്ക് വേണ്ടപ്പെട്ടവർ തെറ്റ് ചെയ്താലും, അവർ വികാരപരവശരായി വിചിത്രമായി പെരുമാറിയാലും, നാം അവരെ തള്ളിക്കളയാറില്ലല്ലോ? “അവർക്ക് തെറ്റ് തിരുത്താൻ കഴിയട്ടെ! അവരുടെ മനസ്സ് ശാന്തമാകട്ടെ!” എന്നീ ചിന്തകളോടെ അവരുടെ നന്മതന്നെയല്ലേ അപ്പോഴും നാം കാംക്ഷിക്കുക? അതാണ് മൈത്രിയുടെ സ്വഭാവം. മറ്റൊരാളുടെ പെരുമാറ്റത്തെ ആശ്രയിച്ചല്ല മൈത്രി നിലകൊള്ളുന്നത്. പെരുമാറ്റം എന്തുതന്നെയായാലും അയാൾ നന്നാകണമെന്നും സൗഖ്യമായിരിക്കണമെന്നുമുള്ള ആത്മാർത്ഥമായ താല്പര്യം മൈത്രിയിലുണ്ട്. മാറി മാറി വരുന്ന പെരുമാറ്റവിശേഷങ്ങളേക്കാൾ ആഴത്തിൽ നാം നമുക്ക് വേണ്ടപ്പെട്ടയാളുടെ ഉള്ളറിയുന്ന അവസ്ഥയാണ് മൈത്രി. ഇനി ഒരു നിമിഷത്തേക്ക്, നമ്മളും വികാരങ്ങൾക്ക് അടിമപ്പെട്ട് അവരോട് പൊട്ടിത്തെറിച്ചാലും, വീണ്ടും അവരെ ഉൾകൊള്ളാനും അവരോടുള്ള മൈത്രീഭാവം മനസ്സിൽ ഉണർത്താനും കഴിയുമ്പോഴാണല്ലോ നമ്മുടെ സ്വാസ്ഥ്യവും തിരിച്ചുവരുന്നത്.

ഏതൊരു ജീവിയിലും (sentient being), വൈകാരിക തിരമാലകളുടെ ഇളകിമറിയലുകളെക്കാൾ ആഴത്തിൽ ആ ജീവിയുടെ അടിസ്ഥാനപരമായ ചില ചേതോവികാരങ്ങളുണ്ട്. ഓരോരുത്തരും സദാ കാംക്ഷിക്കുന്നത് സുഖവും, സന്തോഷവും, സംതൃപ്തിയും, സ്വാസ്ഥ്യവുമാണ്. അതുപോലെ, ഓരോരുത്തരും ദുഖവും, വേദനയും, അസംതൃപ്തിയും, അസ്വാസ്ഥ്യവും ഒഴിവാക്കാൻ വെമ്പുന്നുണ്ട്. ആ അടിസ്ഥാന ചേതനയിൽ നാമെല്ലാവരും ഒരുപോലെയാണ് – വേദന വേണ്ട, സുഖം വേണം, ദുഃഖം വേണ്ട, സന്തോഷം വേണം, അതിനായിട്ടാണ്, നമ്മളോരുത്തരുടെയും ചിന്തകളും, വാക്കുകളും, പ്രവൃത്തികളും ഓരോ ക്ഷണവും തുടിക്കുന്നത്.

പക്ഷെ, മറ്റുള്ളവരിലും നമ്മളിലെന്ന പോലെ തുടിക്കുന്ന ഈ ചേതോവികാരം നാം പൊതുവെ അറിയാറില്ല. അവരുടെ ബാഹ്യചേഷ്ടകളേ നമ്മളറിയുന്നുള്ളൂ. ഒരമ്മയും കുഞ്ഞുമായുള്ള പ്രത്യേക വൈകാരികസാഹചര്യം, കുഞ്ഞിന്റെ ഈ അടിസ്ഥാന ചേതനയുമായി താദാത്മ്യത്തിലെത്താൻ അമ്മയെ സഹായിക്കുന്നു. ഈ അടിസ്ഥാന ചേതയുമായി താദാത്മ്യം പ്രാപിക്കുന്നതിനാൽ, കുഞ്ഞിന്റെ പെരുമാറ്റ വ്യതിയാനങ്ങൾ അമ്മയ്ക്ക് കുഞ്ഞിനോടുള്ള മൈത്രിയിൽ കുറവ് വരുത്തിന്നില്ല. കുഞ്ഞിന്റെ ചിരിയും കരച്ചിലും കുഞ്ഞിന് പറ്റുന്ന ഓരോ അമളികൾ പോലും സ്നേഹാർദ്രമായ മനസ്സോടെ കണ്ട് രസിച്ച്, അതേസമയം, അതൊന്നും കുഞ്ഞിന്റെ ഒരു കുറവായി കാണാതെ, കുഞ്ഞിന്റെ നന്മ കാംക്ഷിക്കാൻ അമ്മയ്ക്ക് കഴിയുന്നു.

ഓരോരുത്തരുടെയും വൈകാരിക തിരമാലകളെക്കാളേറെ ആഴത്തിൽ ഇത്തരത്തിൽ നാം അവരുടെ അടിസ്ഥാന ചേതന അറിയാൻ ശ്രമിച്ചാൽ അപരിമേയമായ മൈത്രി വളർത്തിയെടുക്കാൻ നമുക്ക് കഴിയും.

അടിസ്ഥാന ദൗർബല്യത്തിലും നാം ഒരുമിച്ച്‌

ഏവരും കാംക്ഷിക്കുന്നത് സ്വാസ്ഥ്യമാണെങ്കിലും, അത് എങ്ങനെ നേടാമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതിനാലാണ്, അഥവാ, തെറ്റിദ്ധാരണകൾ ഉള്ളതുകൊണ്ടാണ്, നാമെല്ലാം സംസാരസാഗരത്തിൽ ഉഴലുന്നത്. മൈത്രി പോലുള്ള ഒരു ഉത്തമ മനോഭാവത്തിൽ തുടങ്ങിയാലും ആസക്തി, ആകാംക്ഷ, അസൂയ, പക, മതിഭ്രമം, ഇത്യാദി പിരിമുറുക്കങ്ങളിൽ പെട്ട് നാം വേദനിക്കുന്നതും നമുക്ക് നമ്മുടെ തന്നെ സ്വാസ്ഥ്യം എങ്ങനെ നേടാമെന്നതിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതിനാലാണ്. നാം നമ്മുടെ സുഖത്തിനായി ചെയ്തുകൂട്ടുന്നത് അറിവില്ലായ്മകാരണം പലപ്പോഴും സുഖത്തിനു പകരം നമ്മുടെയും മറ്റുള്ളവരുടെയും ദുഃഖത്തിൽ കലാശിക്കാറുണ്ടല്ലോ. നമുക്കുള്ള ഇതേ ദൗർബല്യമാണ് മറ്റൊരോരുത്തരിലും ഉള്ളത്. ഈ ദൗർബല്യമാണ് പലതരം വികാരത്തിളപ്പുകളായി സ്വന്തം അസ്വാസ്ഥ്യത്തിനും മറ്റുള്ളവരുടെ അസ്വാസ്ഥ്യത്തിനും ഇടയാക്കുന്നത്. അതായത്, സ്വാസ്ഥ്യം കാംക്ഷിക്കുന്ന അടിസ്ഥാന ചേതനയിൽ മാത്രമല്ല നമുക്ക് മറ്റുള്ളവരുമായുള്ള താദാത്മ്യം. ആ കാംക്ഷ സഫലീകരിക്കുന്നതിന് തടസ്സമായി നിൽക്കുന്ന അറിവില്ലായ്മ്മ (അഥവാ, തെറ്റിദ്ധാരണ) എന്ന അടിസ്ഥാന ദൗർബല്യത്തിലും കൂടിയാണ്.

സാധാരണ മൈത്രിയിൽ നിന്ന് അപരിമേയമായ മൈത്രിയിലേക്ക്

മറ്റുള്ളവരുടെ ഉപരിപ്ലവമായ പെരുമാറ്റവിശേഷങ്ങളിൽ കുരുങ്ങിനിൽക്കാതെ, അവരിലേക്ക് ആഴത്തിൽ നമുക്ക് ഇറങ്ങി ചെല്ലാം.. അവിടെ നമ്മെപ്പോലെ തന്നെ അവരും സുഖം കാംക്ഷിക്കുന്നു എന്ന ബോധം നമ്മിൽ ഉണർത്താം. അടിസ്ഥാന ചേതനയിലെ ആ താദാത്മ്യം നമ്മിൽ അപരിമേയമായ മൈത്രി ഉണർത്തും. നമ്മുടെ അടിസ്ഥാന ദൗർബല്യം തന്നെയാണ് അവരുടേയും ദൗർബല്യമെന്ന് തിരിച്ചറിയുമ്പോൾ, അത് അപരിമേയമായ കരുണയും ഉണർത്തും. (കരുണയെ കുറിച്ച് മറ്റൊരിക്കൽ വിശദമാക്കാം.)

അപരിമേയമായ മൈത്രി ഉണർത്താനുള്ള ധ്യാനക്രമം

(Image credit: www.wayofbodhi.org)

നമുക്ക് ചിലരോടെങ്കിലും സ്വതവേ മൈത്രി ഉണ്ടാകാറുണ്ടല്ലോ. ആ മൈത്രി നേരെ നിരീക്ഷിച്ച് മനസ്സിലാക്കി, അത് മറ്റുള്ളവരിലേക്കും വ്യാപിപ്പിക്കുക എന്നതാണ് അപരിമേയമായ മൈത്രി വളർത്താൻ ബുദ്ധൻ പഠിപ്പിച്ച ഒരു ഉപായം.

ഇത്തരത്തിൽ നമുക്ക് ഒരാളോടെങ്കിലുമുള്ള മൈത്രി തിരിച്ചറിയാലാണ് ആദ്യപടി. അത്, അമ്മക്ക് കുഞ്ഞിനോടാകാം. അല്ലെങ്കിൽ നമുക്ക് മറ്റാരോടെങ്കിലുമാകാം. ഏതെങ്കിലും ഒരാളോടെങ്കിലും അത്തരം ഒരു മൈത്രീഭാവം നമുക്ക് ഉണർത്താനായാൽ നല്ല തുടക്കമായി. അവിടെ തുടങ്ങി പടിപടിയായി നമുക്ക് അപരിമേയമായ മൈത്രി ഉണർത്തിയെടുക്കാം. അതിനുള്ള ക്രമാനുഗതമായ ഒരു ധ്യാനമാർഗ്ഗം വിവരിക്കാം.

മൂന്ന് ഘട്ടങ്ങളിലായി നമുക്ക് അപരിമേയമായ മൈത്രീഭാവം വളർത്തിയെടുക്കാം. ഇതിൽ, ഒന്നാം ഘട്ടം വളരെ എളുപ്പമാണ്. രണ്ടും മൂന്നും ഘട്ടങ്ങൾ ശരിയാക്കിയെടുക്കാൻ ആദ്യം കുറച്ച് പരിശ്രമം ആവിശ്യമാണ്. ആദ്യ ദിവസങ്ങളിൽ ഒന്നാം ഘട്ടവും രണ്ടാം ഘട്ടത്തിന്റെ ശ്രമവും നടത്താം രണ്ടാം ഘട്ടത്തിൽ കുറച്ച് പ്രാവീണ്യം വന്നുകഴിഞ്ഞാൽ മൂന്നു ഘട്ടങ്ങളും ഒരേ ഇരിപ്പിൽ പരിശീലിക്കാം.

ഒന്നാം ഘട്ടം – അടുപ്പമുള്ളവരോടുള്ള മൈത്രി

ആദ്യപടിയായി, നമുക്ക് സ്വാഭാവികമായി വളരെ അടുപ്പമുള്ള ഒരാളെ മനസ്സിൽ കൊണ്ടുവരാം. അയാളോട് / അവളോട്‌ മൈത്രി ഉണർത്താം. അതായത്, “അയാൾക്ക് / അവൾക്ക് സൗഖ്യവും (സ്വാസ്ഥ്യവും സുഖസന്തോഷങ്ങളും), സൗഖ്യത്തിനുള്ള ഹേതുക്കളും ഉണ്ടാകട്ടെ! അയാൾക്ക് / അവൾക്ക് സൗഖ്യമേകാൻ എനിക്ക് കഴിയട്ടെ!” എന്ന് അനുകമ്പയോട് കൂടിയ ചിന്ത ഉണർത്തുക. മൈത്രീഭാവം ഉണർത്താൻ, വേണമെങ്കിൽ ചില ദൃശ്യഭാവനകളും ഉപയോഗിക്കാം. അതിനായി, ഹൃദയത്തിൽ നിന്ന് (രക്തം പമ്പ് ചെയ്യുന്ന ഹൃദയമല്ല, നെഞ്ചിന് മദ്ധ്യേ നമുക്ക് വൈകാരികത തോന്നുന്ന ഇടമാണ് ഉദ്ദേശിക്കുന്നത്) മൃദുത്വമുള്ള സ്നേഹാർദ്രമായ സുവർണ്ണ രശ്മികൾ നമ്മുടെ മൈത്രീഭാവത്തെയും അഭ്യുദയകാംക്ഷയെയും അയാളിലേക്ക് / അവളിലേക്ക് പരത്തുന്നതായി സങ്കല്പിക്കാം. ആ രശ്മികൾ തട്ടുമ്പോൾ അതിന്റെ പ്രഭാവത്തിൽ അയാളിൽ / അവളിൽ ഒരു ചെറു പുഞ്ചിരി വിടരുന്നതും സങ്കല്പിക്കാം. (ഈ ദൃശ്യവൽക്കരണം നിർബന്ധമല്ല. അത് ഉപകാരപ്പെടുന്നുണ്ടെങ്കിൽ ഉപയോഗിക്കാം.)

മൈത്രി നന്നായി ഉണരുമ്പോൾ, ശ്രദ്ധയുടെ കേന്ദ്രബിന്ദു ആ വ്യക്തിയിൽ നിന്ന് മാറ്റി നമ്മുടെ തന്നെ മനസ്സിന്റെ അവസ്ഥ മൃദുവായി തൊട്ടറിയുന്നതിലേക്ക് കൊണ്ടുവരാം.. മൈത്രീഭാവം നമ്മുടെ മാനസികാവസ്ഥയിൽ വരുത്തുന്ന ലാളിത്യവും സ്വാസ്ഥ്യവും അങ്ങനെ നമുക്ക് തിരിച്ചറിയാം. മൈത്രിയെ അതിന്റെ എതിർദിശയായ വൈകാരികബന്ധനങ്ങളിൽ നിന്ന് വേർപെടുത്തി പരിചയപ്പെടുകയുമാകാം. നാം മറ്റൊരാളുടെ നന്മ കാംക്ഷിക്കുന്ന ഭാവം, നാം മറ്റൊരാൾ നമുക്കരുകിൽ വേണമെന്ന് കാംക്ഷിക്കുന്നതിൽ നിന്ന് എങ്ങനെ വ്യത്യസ്തമാണെന്നും ശ്രദ്ധിക്കാം.

അടുത്ത പടിയായി നമുക്ക് അടുപ്പമുള്ള മറ്റുള്ളവരിലേക്ക് (ആദ്യം ഓരോരുത്തരെയായി ചിന്തിച്ചും, പിന്നീട് എല്ലാവരിലേക്കും) മൈത്രീഭാവം വ്യാപിപ്പിക്കുക. മൈത്രിയുടെ സുഖാനുഭൂതി ഉള്ളിൽ പരക്കവേ, ശ്രദ്ധ വീണ്ടും വ്യക്തികളിൽ നിന്ന് മാറ്റി മനസ്സിലെ മൈത്രീഭാവത്തിലേക്ക് കൊണ്ടുവരാം. അതിനുശേഷം, ധ്യാനം മതിയാക്കി, ലാളിത്യവും വിശാലതയും സ്വാസ്ഥ്യവും നിറഞ്ഞ ആ മനസ്സികാവസ്ഥയിലേക്ക് അൽപനേരം വിശ്രമിക്കാം. മൈത്രിയുടെ അനുഭൂതി ഉള്ളിൽ താനേ നിറഞ്ഞ് തുളുമ്പട്ടേ. അനായാസമായി.

രണ്ടാം ഘട്ടം – അത്ര അടുപ്പമോ അകൽച്ചയോ ഇല്ലാത്തവരോടുള്ള മൈത്രി

ഇത്രയും കാര്യങ്ങളിൽ ഒരുവിധം വിജയിച്ചുകഴിഞ്ഞാൽ, അടുത്തപടിയായി, നമുക്ക് അത്ര അടുപ്പമോ അകൽച്ചയോ ഇല്ലാത്ത ആൾക്കാരിലേക്കും മറ്റ് ജന്തുക്കളിലേക്കും കൂടി മൈത്രി വ്യാപിപ്പിക്കാം (തുടക്കത്തിൽ ഓരോരുത്തരെയായി ചിന്തിച്ച് ). ഒന്നാം ഘട്ടത്തിലെ അതേ ചിന്തയും അതേ ദൃശ്യഭാവനയും ഇവിടെയും, അടുത്ത ഘട്ടത്തിലും ഉപയോഗിക്കാം. മൈത്രീഭാവം ആദ്യ ഘട്ടത്തിലെ പോലെ ഇവിടെ താനേ ഉണർന്ന് വന്നില്ലെന്നിരിക്കാം. അപ്പോഴാണ് ചിട്ടയായ പരിശീലനത്തിന്റെ ആവശ്യം തുടങ്ങുന്നത്.

അതിനായി ചില ധ്യാനാത്മക ചിന്തനങ്ങൾ ഉപയോഗിക്കാം:
“അവരിൽ പ്രകടമാകുന്ന പെരുമാറ്റ രീതികൾ എന്തായാലും അവരുടെ അടിസ്ഥാന ചേതോവികാരവും എന്റെ അടിസ്ഥാന ചേതോവികാരവും ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നവരുടെ അടിസ്ഥാന ചേതോവികാരവും ഒരുപോലെ അല്ലേ? അവരും കാംക്ഷിക്കുന്നത് അതേ സുഖമല്ലേ? എന്നെ പോലെ അവരും വെമ്പുന്നത് ദുഖമില്ലാതിരിക്കാനല്ലേ? അപ്പോൾ എന്നിൽ നിന്ന്, എന്റെ പ്രിയരിൽ നിന്ന് എന്ത് വ്യത്യാസമാണ് ഇവർക്കുള്ളത്? ഈ കാണുന്നവരും സുഖമായിരിക്കട്ടെ!”

അവരോട് മൈത്രീഭാവം ഉണർത്തുന്നതിൽ വിജയിക്കുമ്പോൾ, വീണ്ടും, ശ്രദ്ധയുടെ കേന്ദ്രബിന്ദു അവരിൽ നിന്ന് മാറ്റി സ്വന്തം മനസ്സികാവസ്ഥയിലേക്ക് കൊണ്ടുവരുക. മൈത്രിയുടെ പുതിയ വിശാലത ഉള്ളിൽ കൊണ്ടുവന്ന ലാളിത്യവും സുഖവും നുകർന്ന്, കുറച്ചുനേരം ഈ ലാളിത്യത്തിലും വിശാലതയിലും വിശ്രമിക്കാം.

മൂന്നാം ഘട്ടം – അകൽച്ചയിലുള്ളവരോടുള്ള മൈത്രി

അടുത്ത പടിയായി, നമുക്ക് അകലം തോന്നുന്നവരോട് മൈത്രി ഉണർത്താൻ ശ്രമിക്കാം. ഇവിടെയും അത്തരത്തിലുള്ള ഒരു വ്യക്തിയെ ആദ്യം ചിന്തിക്കണം. ദൃശ്യഭാവനയും ഉപയോഗിക്കാം.

ഇവിടെ മൈത്രീഭാവം ഉണർത്തുന്നതിന് വൈഷമ്യതകൾ വരുമ്പോൾ ചില ധ്യാനാത്മക ചിന്തനങ്ങൾ ആകാം:
”അവരുടെയും അടിസ്ഥാന ചേതോവികാരം എന്റെയും എന്റെ പ്രിയരുടെയും പോലെ തന്നെയല്ലേ? അവർ സാഹചര്യങ്ങളാൽ എന്നോട് അകലത്തിലാണെങ്കിൽ, ഞാനും എന്റെ പ്രിയരും സാഹചര്യത്താൽ മറ്റുചിലർക്ക് അകലത്തിലല്ലേ? എങ്കിലും എന്റെ നന്മ ഞാൻ കാംക്ഷിക്കുന്നുവെങ്കിൽ, ഇവരുടെയും നന്മ ഞാൻ കാംക്ഷിക്കേണ്ടതല്ലേ?”

“അവരുടെ പെരുമാറ്റത്തിൽ എന്തെങ്കിലും വൈകല്യങ്ങളുണ്ടെങ്കിൽ അത് എന്റെയുള്ളിലെ പോലെതന്നെ അവരുടെയും ഉള്ളിലുള്ള അടിസ്ഥാന ദൗർബല്യത്തിൽ നിന്ന് (അതായത്, അവരുടെ അറിവില്ലായ്മയിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും) ഉദിക്കുന്നതല്ലേ? എനിക്കെന്ന പോലെ അവർക്കും ആ വൈകല്യങ്ങൾ അസ്വാസ്ഥ്യമല്ലേ ആത്യന്തികമായി നൽകുന്നത്? അപ്പോൾ ഞാൻ വെറുക്കേണ്ടത്, ആത്യന്തികമായി എന്നെപ്പോലെ സൗഖ്യം കാംക്ഷിക്കുന്ന ആ വ്യക്തിയെയാണോ, അതോ ആ വ്യക്തിക്ക് അതിന് വിഘാതമായി മാറുന്ന ദൗർബല്യത്തെ മാത്രമാണോ?”

Buddha

“എന്റെ പ്രിയരിലാരെങ്കിലും മനോദൗർബല്യത്താൽ തെറ്റായ രീതിയിൽ പെരുമാറിയാൽ, അപ്പോഴും ഞാൻ മൈത്രിയോടെ കാംക്ഷിക്കുക, അവരുടെ സൗഖ്യവും അതിന് വിഘാതമായ ദൗർബല്യങ്ങളിൽ നിന്നുള്ള അവരുടെ മോചനവുമല്ലോ? അപ്പോൾ എന്താണ് അതേ മനോഭാവം അകലമുള്ളവരുടെ കാര്യത്തിൽ കഴിയാത്തത്? എനിക്ക് അകൽച്ചയുള്ള വ്യക്തിയുടെ ദൗർബല്യം മാറി അയാൾ / അവൾ നല്ല രീതിയിൽ ചിന്തിച്ചു തുടങ്ങിയാൽ അതല്ലേ ഞാൻ കാംക്ഷിക്കേണ്ടത്?”

“അത്തരത്തിൽ അവർക്കും നന്മ കാംക്ഷിക്കുന്നതിന് ഞാൻ എന്തിന് മടിക്കുന്നു?”

ഇത്തരം ചിന്തകളിലൂടെ നമുക്കും നമുക്ക് മാനസിക അകലം തോന്നുന്നവരുമായുള്ള മതിൽക്കെട്ടുകൾ പൊളിക്കാം. ഇത്തരം ചിന്തനങ്ങൾക്ക് ശേഷവും ഉള്ളിൽ ഒരു തടസ്സം തോന്നുന്നുവെങ്കിൽ, ആ തടസ്സത്തെ നിരീക്ഷിക്കാം. നമ്മുടെ സ്വന്തം നന്മയ്ക്കു പോലും തടസ്സമാകുന്ന ചില ആത്മഭാവങ്ങളെ അവിടെ കാണാൻ കഴിയും. മനസ്സിൽ എന്നോ വന്നുചേർന്ന വ്രണങ്ങൾ ഉണങ്ങാൻ അനുവദിക്കാതെ, മനസ്സ് അവയിൽ വരിഞ്ഞ് മുറുകി, സ്വന്തം മനോസുഖം പോലും കെടുത്തുന്ന ഒരു വികലവികാരം അവിടെ ദൃശ്യമായേക്കാം. അതിന്റെ അർത്ഥശൂന്യത നാം തിരിച്ചറിയണം. സ്വന്തം വ്രണം ഉണങ്ങാൻ വിടുകയും മറ്റുള്ളവരോട് പൊറുക്കുകയും ചെയ്യുന്നതാണ് നമ്മുടെ തന്നെ മനഃശാന്തിക്കും നല്ലതെന്ന ബോധം ഇത്തരം ചിന്തനങ്ങളിലൂടെ വളർത്തിയെടുക്കാം. അപ്പോൾ, നമുക്ക് അകൽച്ചയുണ്ടായിരുന്നവരോട് പോലും മെല്ലെ മെല്ലെ ഉള്ളിൽ മൈത്രി ഉദിച്ചുയരും. നമുക്ക് നവോന്മേഷം നൽകുന്ന, മുമ്പെങ്ങുമില്ലാത്ത വിശാലതയും ലാളിത്യവും സുഖാനുഭൂതിയും അപ്പോൾ ഉണർന്ന് പൊങ്ങും.

ഇത്തരത്തിൽ, നമുക്ക് അകൽച്ചയുണ്ടായിരുന്നവരോട് പോലും മൈത്രി ഉണരുമ്പോൾ, വീണ്ടും ശ്രദ്ധയുടെ കേന്ദ്രബിന്ദു മറ്റുള്ളവരിൽ നിന്ന് മാറ്റി അപരിമേയമായ മൈത്രിയുടെ പുതിയ വിശാലത നമ്മുടെ മനസ്സിനെ കൊണ്ടെത്തിച്ച പുതിയ അനുഭൂതിയിലേക്ക് കൊണ്ടുപോകുക. ദൃശ്യഭാവനകളെല്ലാം വിട്ട്, കുറച്ചു നേരത്തേക്ക് മനസ്സിന്റെ പുതിയ വിശാലതയുടെ സുഖം നുകർന്ന് വിശ്രമിക്കാം.

ഉപസംഹാരം

ഈ രീതിയിൽ വീണ്ടും വീണ്ടും ധ്യാനിക്കുകയും ധ്യാനത്തിന് പുറത്ത് നമ്മുടെ വിവിധ ജീവിതസാഹചര്യങ്ങളിൽ ഇടപെടേണ്ടി വരുന്നവരോട് മൈത്രീഭാവം നിലനിർത്താൻ ശ്രമിക്കുകയും വേണം. അപ്പോൾ അപരിമേയമായ മൈത്രിയുടെ വിശാലതലം ഉള്ളിൽ ഉറച്ചുവരും. ചില സാഹചര്യങ്ങളിൽ ചിലരോട് സ്വാഭാവികമായി മൈത്രി ഉണർന്നില്ലെങ്കിൽ, ധ്യാനസമയത്ത്, ആ വ്യക്തിയോട് മൈത്രി ഉണർത്താൻ പ്രത്യേകം ശ്രമിക്കണം. ഈ രീതിയിൽ, അറിവും, ധ്യാനവും, ദൈനംദിന ജീവിതത്തിലെ പ്രയോഗവും ഒരുമിച്ചു കൊണ്ടുപോകുമ്പോൾ, അപരിമേയമായ മൈത്രി ഉള്ളിലെ സ്വാഭാവികഭാവമായി തിരിച്ചറിയാൻ കഴിയും. ഇന്ന വ്യക്തികളോടെന്നില്ലാതെ, സംവേദനത്തിന്റെയും ചേതോവികാരങ്ങളുടെയും തളിരിടലുകൾ എവിടെയുണ്ടോ ഓരോ ക്ഷണത്തിലും അവിടെയൊക്ക മൈത്രിയുടെ മുകുളങ്ങൾ നമ്മിൽ അനായാസേന ഉദിച്ചുയരും. നമ്മുടെ മനസ്സിന്റെ അടിസ്ഥാന നന്മയുമായി നമ്മെ എപ്പോഴും ബന്ധിപ്പിക്കുന്ന അപരിമേയമായ മഹാമൈത്രീഭാവം, മനസ്സിന്റെ അടിത്തട്ടിൽ നിന്നും താനേ പടരുന്ന ആനന്ദം നമ്മുടെ സ്ഥിരാനുഭവമാക്കുകയും, നമുക്കും അപരർക്കുമായി നമ്മുടെ മനസ്സിന്റെ കഴിവുകളെ തൊട്ടുണർത്തുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *