മൂന്ന് പൗർണ്ണമികൾ
തഥാഗതൻ കടന്നുപോയ മൂന്ന് പൗർണ്ണമികൾ
അന്ന് വൈശാഖ മാസത്തെ പൗർണ്ണമിയായിരുന്നു.
ലുംബിനിയിലെ ഉപവനത്തിൽ
വൃക്ഷങ്ങൾ പൂവണിഞ്ഞ് നറുമണം പരത്തി.
അവിടെ, ഒരു സാലവൃക്ഷച്ചുവട്ടിൽ,
അന്നായിരുന്നു സിദ്ധാർത്ഥന്റെ ജനനം.
ആ കരുണാർദ്ര ഹൃദയത്തിന്റെ കുളിർമ
പൗർണ്ണമിനിലാവിനെപ്പോലും വെല്ലുന്നതായി.
സകല ചരങ്ങളുടെയും ദുഃഖമകറ്റാൻ വഴിതേടിയുള്ള
ബോധിസത്വന്റെ യാത്ര തുടരുകയായി.
ദുഃഖത്തിന്റെ അടിവേര് തേടിയുളള
ആ നീണ്ട പര്യവേക്ഷണത്തിൽ
വരാനിരിക്കുന്ന സാഫല്യ പൂർണ്ണോദയത്തിന്റെ
പ്രതിബിംബമായി ആ പൗർണ്ണമിനിലാവ്.
വർഷങ്ങൾ പലത് കടന്നു പോയി.
സിദ്ധാർത്ഥൻ പരീക്ഷണങ്ങൾ തുടർന്നു …
വീണ്ടും ഒരു വൈശാഖ പൗർണ്ണമി.
നീരാഞ്ജനാതീരത്തെ വനങ്ങളിൽ
നിശബ്ദതയുടെ ശബ്ദത്തിന് തെളിമയേറി.
അവിടെ, ഒരു അരയാൽചുവട്ടിൽ,
അന്നായിരുന്നു ബുദ്ധന്റെ ജനനം!
സിദ്ധാർത്ഥന്റെ പരീക്ഷണങ്ങൾക്ക് സാഫല്യനിറവായി.
മനസ്സിന്റെ മൂടുപടങ്ങൾ അലിഞ്ഞപ്പോൾ
ബോധത്തിന്റെ പൗർണ്ണമി ഉദിച്ചുയർന്നു.
സിദ്ധാർത്ഥൻ ബുദ്ധനായി പരിണമിച്ചു.
സംസാരദുഃഖത്തിന്റെ അടിവേരറുത്ത്,
സംസാരത്തെ തന്നെ തരണം ചെയ്ത്,
നരന്മാരിൽ സർവോത്തമനായി.
പിന്നെയും പൗർണ്ണമി അസ്തമിച്ചു.
പക്ഷേ, ജ്ഞാനോദയത്തിന്റെ നിലാവ് ക്ഷയിച്ചില്ല.
വർഷങ്ങൾ വീണ്ടും കടന്നുപോയി.
തഥാഗതൻ ധർമ്മചക്രം തിരിച്ചു.
അനേകങ്ങൾക്ക് ബോധിമാർഗം പകർന്നുകൊണ്ടേയിരുന്നു …
വീണ്ടും ഒരു വൈശാഖ പൗർണ്ണമി.
കുശിനഗരിയിലെ ഉപവനം തഥാഗതനാൽ ധന്യമായി.
അവിടെ രണ്ടു സാല വൃക്ഷങ്ങൾക്ക് മദ്ധ്യേ
ബുദ്ധതഥാഗതൻ വലതു ചരിഞ്ഞു കിടന്നു.
സാലവൃക്ഷങ്ങൾ പുഷ്പങ്ങൾ ചൊരിഞ്ഞു.
അന്നായിരുന്നു മഹാപരിനിർവാണം.
ബുദ്ധതഥാഗതന്റെ യാത്രയ്‌ക്ക് സാഫല്യനിറവായി.
പിറന്നതെല്ലാം കൊഴിഞ്ഞിടും എന്ന്
ഒരുവട്ടം കൂടി പഠിപ്പിച്ച്
ബുദ്ധനും ഒഴിഞ്ഞു പോയി.
അന്നത്തെ പൂർണ്ണചന്ദ്രനും മറഞ്ഞിട്ടും
ജ്ഞാനോദയത്തിന്റെ നിലാവ് അസ്തമിച്ചില്ല.
അനേക ഹൃദയങ്ങളിലെ നിലാവായി,
ആ കുളിർമ, ബോധത്തിന്റെ പൗർണ്ണമി,
ഇന്നും പ്രഭ ചൊരിയുന്നു.
- ധർമ്മചക്ര പ്രവർത്തനം - November 26, 2024
- കരുണ – നിഷ്ക്രിയത്വത്തിന്തടയിടുന്ന ഉൾത്തുടിപ്പ് - November 24, 2024
- മനസ്സ് – ഏറ്റവും വിനാശകരവും ഏറ്റവും ഗുണകരവും - September 11, 2023