മതങ്ങൾക്കപ്പുറത്തേക്ക്

ബുദ്ധന് മതമില്ല

ബുദ്ധന് മതമില്ല

ആമുഖം:  ബുദ്ധന് മതമില്ല. ബൗദ്ധമാർഗ്ഗം മതവുമല്ല. മതപ്രമാണങ്ങൾ വെടിഞ്ഞ്, തുറന്ന മനസ്സുമായി ജാഗരൂകമായി മനോവ്യാപാരങ്ങളെ നിരീക്ഷിച്ചാലേ അബദ്ധധാരണകൾ ഒഴിഞ്ഞ് ബോധി ഉണർന്ന് വരൂ. ജാതി-മത ഇത്യാദി വിഭാഗീയ ചിന്തകൾ വെടിഞ്ഞ് സർവ്വചരങ്ങളെയും കരുണയോടെ കാണാൻ കഴിഞ്ഞാലേ മനസ്സിന്റെ മതിൽക്കെട്ടുകൾ അലിഞ്ഞ് ബോധി ഉണർന്ന് വരൂ. നേരിട്ടറിവിന്റെ വഴിയാണ് ബൗദ്ധമാർഗ്ഗം. അവിടെ മതചിന്തയ്ക്ക് ഒരു സ്ഥാനവുമില്ല. ബുദ്ധന്റെ വഴിയും മതത്തിന്റെ വഴിയും തമ്മിലുള്ള വൈരുദ്ധ്യങ്ങളെ പറ്റി കുറച്ച് വരികൾ.

ബുദ്ധന് മതമില്ല.
ബോധി തൻ തെളിമയിൽ
കരുണാർദ്രനായ് ബുദ്ധൻ.
ബൗദ്ധമാർഗ്ഗവും അതല്ലോ.

മത-ജാതി-വർഗ്ഗ ഭേദങ്ങൾ
മേഘപടലങ്ങളായ് മൂടുന്നു
മർത്ത്യന്റെ ഉൾവെളിച്ചത്തെ.
ഇരുട്ടിൽ പരതുന്ന മാനവർ
വേർപിരിഞ്ഞകലുന്നൂ പല വഴി
സ്വാർത്ഥ സമുദായങ്ങളായ്!
കരുണയ്ക്ക് അണകെട്ടി, പേറുന്നഹോ
കരളിൽ ഒരു കൊടും ഭാരം!

ഭേദങ്ങളിലുടക്കി നിൽക്കാതെ,
ബോധം
കരുണാദ്രമായെങ്ങും
പരന്നൊഴുകുന്നുവെങ്കിലേ
കാർമേഘമലിഞ്ഞുണരുള്ളൂ
കറയറ്റ ബോധി.
അതാണ് ബോധി തൻ മാർഗ്ഗം.
അവിടെ മതത്തിന് പ്രസക്തിയില്ല.

ബുദ്ധന് മതമില്ല.
ബോധി തൻ തെളിമയിൽ
സ്വതന്ത്രനായ്‌ ബുദ്ധൻ.
ബൗദ്ധമാർഗ്ഗവും അതല്ലോ.

ബോധത്തെ തളച്ചിടും ബന്ധനങ്ങളല്ലോ
പിരിമുറുക്കമായ് മാറുന്ന മതപ്രമാണങ്ങളും,
തിരതല്ലുന്ന വികാരങ്ങളും, പിന്നെ
നിഴലെറിയുന്ന സങ്കല്പനങ്ങളും.
ചുഴലിയായ്തിരിയുന്ന ബന്ധിത മാനസം
ഉഴലുന്നിതാശയിൽ,
മുഴുകുന്നിതാശങ്കയിൽ,
തുറന്ന ബോധത്തിൻ
കരുത്തേതുമറിയാതഹോ!

തുറന്ന മനസ്സുമായ്, ജാഗരൂകമാകമായ്,
നിരന്തരം ഉള്ളിനെ
നിരീക്ഷിച്ചെങ്കിലേ
കുരുക്കഴിഞ്ഞുണരുള്ളൂ
നിർവിഘ്‌നം ബോധി വെളിവോടെ.
അതാണ് ബോധി തൻ മാർഗ്ഗം.
അവിടെ മതത്തിന് പ്രസക്തിയില്ല.

ബുദ്ധന് മതമില്ല.
ബോധി തൻ തെളിമയിൽ
ജ്ഞാനിയായ് ബുദ്ധൻ.
ബൗദ്ധമാർഗ്ഗവും അതല്ലോ.

അൽപബോധത്തിൻ
ഇരുട്ടിൽതപ്പി കുമിച്ചുകൂട്ടു-
ന്നൊരു പാഴ്‌ഭാണ്ഡമല്ലോ മതം.
നേരിട്ടറിവിന്റെ ലാളിത്യമവിടില്ല,
പുത്തനുണർവതുമേതുമില്ലാ.
കെട്ടിനിറപ്പതാഭാണ്ഡത്തിനുള്ളിൽ
കേട്ടുകേൾവിയും ഊഹവിചാരങ്ങളും!

വെടിയേണം മതചിന്ത, എങ്കിലേ
പടരുള്ളൂ ബോധി അകത്തളത്തിൽ.
അന്ധസങ്കൽപ്പങ്ങൾ വെടിഞ്ഞാലേ
പൊന്തുള്ളൂ ബുദ്ധിയും നേർകാഴ്ചയും.
അതാണ് ബോധി തൻ മാർഗ്ഗം.
അവിടെ മതത്തിന് പ്രസക്തിയില്ല.

 

ബുദ്ധന് മതമില്ല.
ബോധി തൻ തെളിമയിൽ
ലളിതപഥികനായ് ബുദ്ധൻ.
ബൗദ്ധമാർഗ്ഗവും അതല്ലോ.

മനസ്സതിൻ മൗലിക ലാളിത്യത്തിലും
നേരറിവിന്റെ വിശാലപ്പരപ്പിലും
താനേ പൊന്തുന്ന കാരുണ്യവായ്പ്പിലും
അണപൊട്ടിയൊഴുകുന്നൊരാനന്ദനിറവിലും
അനിരുദ്ധം നിലകൊള്ളും നേരത്ത് പടരുന്നു
അനുസ്യൂതം ബോധി തൻ ഭാസുരനൈർമ്മല്യം.
അതിൻ സ്പന്ദനം നീളു-
ന്നിതന്യർക്കൊരാശ്വാസ സ്പർശമായ്.
അതാണ് ബോധി തൻ മാർഗ്ഗം.
അവിടെ മതത്തിന് പ്രസക്തിയില്ല.

ദൈവമല്ലാ ബുദ്ധൻ,
ബോധിയുണർത്തിയോർ ബുദ്ധർ.
വരദാനമല്ലാ ബോധി,
ഉണർത്തേണം സ്വയം.
ബോധി തൻ മാർഗ്ഗം
തെളിച്ചവർ ബുദ്ധർ.
ബുദ്ധന് മതമില്ല.

വിഭ്രാന്തി-ചാപല്യങ്ങൾ
പൊലിയവേ, നമ്മുടെ
അന്തരാളത്തിലുണരുന്ന
ബോധി തൻ സ്പന്ദനം
വഴിവിളക്കാകട്ടെ
സകലചരങ്ങൾക്കും …

-യോഗി പ്രബോധ

 

 

Leave a Reply

Your email address will not be published. Required fields are marked *