ജ്ഞാനോദയ കഥകൾ

പുണ്ണികയെന്ന കീഴാളപെൺകുട്ടിയുടെ ജ്ഞാനോദയഗാഥ

പുണ്ണികയെന്ന കീഴാള പെൺകുട്ടിയുടെ ജ്ഞാനോദയ കഥയാണിത്. ബുദ്ധന്റെ വാക്കുകൾ കേട്ട പുണ്ണികയുടെ മുൻപിൽ ഒരു പുതിയ ലോകം തുറന്നു. പുണ്ണികയുടെ വാക്കുകളിലൂടെ നിർവ്വാണമാർഗ്ഗം തെളിഞ്ഞ ഉദകശുദ്ധികനെന്ന ബ്രാഹ്മണന്റെയും കഥയാണിത്. ബുദ്ധന്റെ ശിഷ്യകളുടെ മോക്ഷഗാഥകളുടെ സംഗ്രഹമായ ഥേരീഗാഥയാണ് ഈ കുറിപ്പിന് ആശ്രയം.

Story of Punnika ( പുണ്ണികാ ഥേരി ) based on the Therigatha, an anthology of Liberation songs of Buddha's female disciples.

മഞ്ഞുകോച്ചുന്ന ഒരു ശിശിരകാല പ്രഭാതം. ശ്രാവസ്തിയിലെ വീഥികളിൽ കൂടി പുണ്ണിക പതിവ് പോലെ അടുത്തുള്ള അചിരവതീ നദിയിലേക്കു നടന്നു. മാനത്തു വെള്ള കീറി തുടങ്ങിയിട്ടേ ഉള്ളൂ. പറവകൾ ഇനിയും ഉണർന്നു തുടങ്ങിയിട്ടില്ല. പക്ഷെ പുണ്ണികയിൽ ഒരു പുതിയ ഉണർവ് പ്രകാശിച്ചു. ആ വെളിച്ചത്തിൽ അവൾ ഒരു പുതിയ ലോകത്തെ കണ്ടു. 

അതേ വഴികളിലൂടെ അവൾ ഏത്രയോ നടന്നിരിക്കുന്നു. കഠിനത നിറഞ്ഞ തന്റെ കീഴാള ജീവിതത്തിൽ ആ വഴികൾ അവൾക്കു വിരസതയുടെ ആവർത്തനങ്ങൾ മാത്രമായിരുന്നു, ഇന്നലെവരെ. ഒരു വ്യാപാരിയുടെ വീട്ടിലെ ദാസിയായിട്ടായിരുന്നു അവളുടെ പണി. അവളുടെ പൂർവികരും അങ്ങനെ തന്നെ. വെള്ളം കോരണം, യജമാനത്തികൾ വഴക്കു പറയും മുൻപ് എത്രയും പെട്ടെന്ന് വീട്ടിലെത്തിക്കണം. സമൂഹം സൃഷ്‌ടിച്ച ആ കെട്ടുപാടുകൾക്കുള്ളിൽ അവൾ മറ്റൊന്നും അറിഞ്ഞില്ല. 

പക്ഷെ ഇന്നത്തെ പ്രഭാതം വ്യത്യസ്തമാണ്. തലേന്ന് വൈകുന്നേരം കേട്ട ബുദ്ധവചനങ്ങൾ അവളുടെ മനസ്സിൽ പ്രഭാത കിരണങ്ങൾ പോലെ ഒഴുകി വന്നു. വെളിച്ചത്തിന്റെ പുതു നാമ്പുകൾ അവളുടെ മനസ്സിൽ ഉടലെടുത്തു. ആ ഉൾവെളിച്ചത്തിന്റെ പ്രസരണത്തിൽ അവൾ ചുറ്റുപാടും ഒരു പുത്തൻ സൗന്ദര്യം ദർശിച്ചു. ക്ഷണം ക്ഷണം നവോന്മേഷത്തോടെ മാറിമറിയുന്ന പ്രകൃതിയുടെ ഭാവഭേദങ്ങൾ.

ശ്രാവസ്തിയിലെ ജേതവനമെന്ന് പേരുകേട്ട അതിമനോഹരമായ ഒരു ഉദ്യാനത്തിൽ ബുദ്ധൻ തന്റെ ഭിക്ഷുക്കൾക്കൊപ്പം വസിക്കുന്ന കാലമായിരുന്നു. ആയിരക്കണക്കിന് ഭിക്ഷുക്കൾ വസിക്കുന്ന ജേതവനത്തിന്റെ അന്തരീക്ഷത്തിൽ നിറഞ്ഞ ശാന്തിഗംഭീരമായ നിശ്ശബ്ദത അവിടെ സന്ദർശിച്ചവർക്കൊക്കെ അതിശമായിരുന്നു. ബുദ്ധവചനങ്ങൾ ശ്രവിച്ച് കുളിർമ്മനേടിയ മനസ്സുമായാണ് അവർ അവിടന്ന് മടങ്ങാറുള്ളത്. ബുദ്ധന്റെ പ്രബോധനങ്ങൾ പലരുടെയും മനസ്സിൽ ശാന്തിയുടെ കവാടം തുറന്നു. ധമ്മത്തിന്റെ പുത്തനുണർവ് നാടെങ്ങും പരന്നു. അങ്ങനെ കേട്ടറിഞ്ഞു പുണ്ണികയും ഒരു നാൾ ബുദ്ധന്റെ വാക്കുകൾ ശ്രവിക്കാനായി ജേതവനത്തിൽ എത്തി. “സിംഹനാദ സൂത്തം” എന്ന് പിൽക്കാലത്തു കേൾവികേട്ട ഒരു ഉപദേശമാണ് ബുദ്ധൻ അപ്പോൾ അവിടെ കൂടിയിരുന്നവർക്കായി നൽകിയത്. ബുദ്ധന്റെ വചനങ്ങൾ പുണ്ണികയുടെ മനസ്സിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്നു. മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത വിശാലതയാണ് അവൾ അപ്പോൾ അനുഭവിച്ചത്. സ്വാതന്ത്ര്യത്തിന്റെയും ആനന്ദത്തിന്റെയും പുത്തൻ വഴികളിലൂടെ യാത്രചെയാനുള്ള ആവേശവും മനസ്സുറപ്പും അവളിൽ ഉണർന്നുവന്നു.  

 അടുത്ത പ്രഭാതത്തിൽ വീണ്ടും വെള്ളം കോരാൻ നദിയിലേക്ക് പോകവേയാണ് അവൾ ആവർത്തനവിരസതയില്ലാത്ത പ്രകൃതിയുടെ ഭാവഭേദങ്ങൾ ശ്രദ്ധിച്ചത്. നദീതീരത്ത് എത്തിയപ്പോൾ അന്നും അവൾ ആ പതിവ് ദൃശ്യം കണ്ടു, നദിയിൽ ഇറങ്ങിനിന്ന് തണുത്തു വിറച്ച് ശുദ്ധിക്രിയകൾ ചെയ്യുന്നൊരു ബ്രാഹ്മണൻ. അതിരാവിലെ ഇങ്ങനെ ദേഹശുദ്ധി ക്രിയകൾ ചെയ്യുന്നത് തന്റെ മോക്ഷമാർഗ്ഗമായി  കണക്കാക്കിയിരുന്നതിനാൽ  ഉദകശുദ്ധികൻ എന്നാണ് ഈ ബ്രാഹ്മണൻ അറിയപ്പെട്ടിരുന്നത്. പുണ്ണികയ്ക്ക് അയാളുടെ കഷ്ടപ്പാട് കണ്ടപ്പോൾ വല്ലാത്ത ദയ തോന്നി. ബുദ്ധൻ നൽകിയ പുത്തനുണർവിൽ നാട്ടുനടപ്പ് മറന്ന്, ദാസിപ്പെണ്ണ് ബ്രാഹ്മണനോട് ചോദിച്ചു,:

“അല്ലയോ ബ്രാഹ്‌മണാ, ഞാൻ പുണ്ണിക. ഇവിടത്തെ വ്യാപാരിയുടെ വീട്ടിലെ ദാസിപ്പെണ്ണാണ്.  വെള്ളം കോരുന്നത് എന്റെ വേലയായതുകൊണ്ടാ ഈ മരംകോച്ചുന്ന വെളുപ്പാൻകാലത്തേ എനിക്ക് പുഴയിൽ വരേണ്ടിവരുന്നത്. അല്ലെങ്കിൽ യജമാനത്തികൾ എന്നെ ശകാരിക്കും. എനിക്ക് വേറെ വഴിയില്ല. പക്ഷെ, അല്ലയോ ബ്രാഹ്മണാ, നിങ്ങൾ എന്തിനെ പേടിച്ചിട്ടാണ്, ഈ തണുപ്പത്ത്, വിറയ്ക്കുന്ന കൈകാലുകളുമായി, ഇങ്ങനെ വെള്ളത്തിൽ ഇറങ്ങിനിൽക്കുന്നത് ?”

അപ്രതീക്ഷിതമായ ചോദ്യത്തിൽ തെല്ല്‌ അതിശയവുമായി  ബ്രാഹ്മണൻ തിരിച്ചുചോദിച്ചു, “പുണ്ണികാ, ഇത് നിനക്ക് കേട്ടറിവില്ലാത്തതൊന്നുമല്ലല്ലോ ! ഈ പുണ്യ നദിയായ അചിരവതിയിലെ സ്നാനം എല്ലാ ദുഷ്കർമ്മങ്ങളിൽ നിന്നും മോചനം തരും. അത് ചെറുപ്പക്കാർക്കായാലും ശരി പ്രായമായർക്കായാലും ശരി. ഈ പുണ്യകർമ്മം ചെയ്‌യുന്ന ഞാൻ ഇതുവഴി   ജന്മാന്തരങ്ങളായുള്ള എന്റെ എല്ലാ പാപങ്ങളും  കഴുകിക്കളയുന്നു. ഇതിലിത്ര ചോദിക്കാനെന്തിരിക്കുന്നു?”

പുണ്ണിക: “ആരാണ് നിങ്ങളെ ഇത് പഠിപ്പിച്ചത്? അറിവില്ലാത്തവരിൽ നിന്ന് അറിവില്ലാത്തവരിലേക്ക് പകരുന്ന വായ്‌മൊഴിയല്ലേ ഇത്?”

ഉദകശുദ്ധികൻ, “എന്ത് ധിക്കാരമാണീ പറയുന്നത്! ഞങ്ങൾ തലമുറകളായി പൂർവികരിൽ നിന്നും സ്വീകരിച്ച് പാലിച്ചു പോന്ന അറിവിനെയാണ് വെറുമൊരു ദാസിപ്പെണ്ണായ നീ ചോദ്യം ചെയ്യുന്നത്.”

പുണ്ണിക, “പുഴയിൽ മുങ്ങിക്കുളിക്കുന്നതിലൂടെ പാപം കഴുകിക്കളയാമെങ്കിൽ, വേട്ടക്കാർക്കും കശാപ്പുകാർക്കും കള്ളന്മാർക്കും കൊള്ളക്കാർക്കും ആരാച്ചാർമാർക്കും ഒക്കെ അവരുടെ എല്ലാ പാപവും ഈ പുഴയിൽ ഇറങ്ങി കുളിച്ച് കഴുകിക്കളഞ്ഞ് സ്വർഗ്ഗത്തിൽ പോകാമല്ലോ.”

ഉദകശുദ്ധികൻ, “പിന്നല്ലാതെ! അവരത് ചെയ്യാത്തതുകൊണ്ടല്ലേ. ഈ പുണ്യനദിയിൽ കുളിച്ചാൽ ഏതു പാപവും കഴുകിക്കളയാം.”

പുണ്ണിക, “അങ്ങനെയെങ്കിൽ, മീനും തവളയും ആമയും നീർക്കോലിയും മുതലയും ഒക്കെ ഈ വെള്ളത്തിൽ തന്നെ കിടക്കുന്നതിനാൽ എപ്പോഴും പുണ്യം ചെയ്യുകയാകണമല്ലോ!  ജീവിതം മുഴുവൻ ഇങ്ങനെ പാപം കഴുകിക്കഴുകി ഈ ജീവികളായിരിക്കില്ലേ വേഗം സ്വർഗ്ഗത്തിലെത്തുക.  അപ്പോൾ ഈ ജീവികളല്ലേ നിങ്ങളെക്കാൾ ശ്രേഷ്ഠർ?”

ഇത് കേട്ട് ഉദകശുദ്ധികൻ ഒന്ന് പകച്ചു.

പുണ്ണിക തുടർന്നു, “നിങ്ങൾ  ചെയ്ത പാപങ്ങളെല്ലാം ഈ പുഴയിൽ ഒഴുകിപ്പോകുമെങ്കിൽ, നിങ്ങടെ പുണ്യവും ഒഴുകിപ്പോകില്ലേ?”

പുണ്ണിക പറയുന്നതിൽ ചില ശരികൾ ഉണ്ടെന്ന് ഉദകശുദ്ധികന് തോന്നിത്തുടങ്ങി. ഉദകശുദ്ധികന്റെ അവസ്ഥയിൽ ദയ തോന്നി, കരുണാർദ്രമായി പുണ്ണിക തുടർന്നു, “പേടിയാണ് നിങ്ങളെ വെള്ളത്തിലേക്ക് നയിക്കുന്നത്.സംസാരദുഃഖങ്ങൾ നിങ്ങളെ പേടിപ്പെടുത്തുന്നു. അതിൽ നിന്നും രക്ഷ നേടണമെന്ന ശരിയായ ആഗ്രഹം നിങ്ങൾക്കുണ്ട്. പക്ഷേ, സംസാരദുഃഖങ്ങളുടെ വ്യാപ്തിയോ അവയുടെ മൂലകാരണമോ ആ കാരണങ്ങൾ അകറ്റാനുള്ള വഴിയോ നിങ്ങൾക്കറിയില്ല. ചിന്തകളാലും വാക്കുകളാലും പ്രവർത്തികളാലും മനസ്സിൽ വന്നുചേരുന്ന വാസനകളും പാപപുണ്യങ്ങളും വെള്ളം കൊണ്ട് കഴുകിക്കളയാവുന്നവയല്ല. അതിനുള്ള മാർഗ്ഗം കണ്ടെത്തി സിദ്ധാർത്ഥ ഗൗതമൻ കർമ്മങ്ങളിൽ നിന്ന് മുക്തനായി, ബോധോദയം പ്രാപിച്ച് ബുദ്ധനായിട്ടുണ്ട്. ഭഗവാൻ ബുദ്ധനിൽ നിന്ന് ആ സത്യം ശ്രവിക്കാൻ ഇന്നലെ എനിക്ക് ഭാഗ്യമുണ്ടായി. ഇന്ന് ഞാൻ കാണുന്നത് ഒരു പുതിയ ലോകവും പുതിയ മാർഗ്ഗവുമാണ്. അല്ലയോ ബ്രാഹ്മണാ, നിങ്ങൾ ഇങ്ങനെ നിങ്ങളുടെ ശരീരത്തെ പീഢിപ്പിക്കരുത്. നിങ്ങളുടെ ശരീരത്തെ തണുപ്പിൽ നിന്നും രക്ഷിച്ചാലും.”

പുണ്ണികയുടെ വാക്കുകൾ ബ്രാഹ്മണന്റെ ഉള്ളിൽ തറച്ചു. താൻ ചെയ്യുന്ന കർമത്തിന്റെ അർത്ഥശൂന്യത മനസ്സിലാക്കിയ അയാൾ. തന്റെ മേലങ്കി ഊരി കൈയിൽ പിടിച്ചുകൊണ്ട്.  ഇങ്ങനെ പറഞ്ഞു,  “അല്ലയോ പുണ്ണികാ, നിങ്ങൾ പറഞ്ഞത് തികച്ചും ശരിയാണ്. എന്റെ പ്രവർത്തികളുടെ വ്യർത്ഥത ഞാൻ തികച്ചും മനസിലാക്കുന്നു.  തെറ്റായ വഴിയിൽ സഞ്ചരിക്കുകയായിരുന്ന എന്നെ നിങ്ങൾ ശരിയായ ആര്യമാർഗ്ഗത്തിലേക്കു കൊണ്ടുവന്നു. നിങ്ങളോടു ഞാൻ കടപ്പെട്ടിരിക്കുന്നു. എന്റെ കണ്ണുതുറപ്പിച്ചതിന്  പ്രതിഫലമായി, ജല സ്നാനകർമ്മങ്ങൾക്ക്  ഉപയോഗിക്കുന്ന ഈ വിശിഷ്ട മേലങ്കി  ഞാൻ നിങ്ങൾക്ക് തരുന്നു.”

മേലങ്കി സ്നേഹപൂർവ്വം നിരസിച്ചുകൊണ്ട് പുണ്ണിക പറഞ്ഞു, “അങ്കി നിങ്ങളുടേതായിരിക്കട്ടെ. എനിക്ക് അത് ആവശ്യമില്ല. എനിക്ക് ഇതേ പറയാനുള്ളു. നിങ്ങൾ ദുഃഖത്തെ ഭയപ്പെടുന്നുവെങ്കിൽ, പരസ്യമായോ രഹസ്യമായോ ഒരു ദുഷ്കർമ്മവും ചെയ്യരുത്. പുഴയിൽ കുളിക്കുന്നതല്ല സത്കർമ്മം. മറ്റുള്ളവർക്ക് സുഖവും സന്തോഷവും സൗഖ്യവും ഏകുന്ന പ്രവൃത്തികളേതോ അവയാണ് സത്കർമ്മങ്ങൾ. സ്വയമോ മറ്റുള്ളവർക്കോ ദുഃഖത്തിനും വേദനയ്ക്കും  ഇടയാക്കുന്ന പ്രവൃത്തികളേതോ അവയാണ് ദുഷ്കർമ്മങ്ങൾ. അവ പിന്നീട് നമ്മുടെ ദുഃഖത്തിനുള്ള കാരണമാകുന്നു. ദുഷ്കർമ്മങ്ങൾ ഒഴിവാക്കുക. സത്കർമ്മങ്ങളിൽ വ്യാപൃതനാകുക.  മനസ്സിനെ സദാ ശുദ്ധീകരിക്കുക.  നദിയിൽ കുളിക്കുന്നതിലൂടെയോ ഏതെങ്കിലും അങ്കി ധരിക്കുന്നതിലൂടെയോ അല്ല, സ്വമനസ്സിനെ നേരാംവണ്ണം നിരീക്ഷിക്കുന്നതിലൂടെയും മനസ്സിനെ മെരുക്കുന്നതിലൂടെയുമാണ് സംസാരദുഃഖങ്ങളെ മറികടക്കാൻ കഴിയുക. ഭഗവാൻ ബുദ്ധന്റെ ആര്യ അഷ്ടാംഗമാർഗ്ഗം അഭ്യസിക്കുക വഴി ഇത് സാദ്ധ്യമാണ്. നിർവാണം നമുക്കെല്ലാം പ്രാപ്‌തമാണ്.”

പുണ്ണികയുടെ വാക്കുകൾ ഉദകശുദ്ധികനിൽ വലിയ പരിവർത്തനം ഉണ്ടാക്കി. അയാൾ ബുദ്ധനിൽ ശരണം പ്രാപിക്കാൻ തീരുമാനിച്ചു.  

പുണ്ണിക ഉദകശുദ്ധികനായ ബ്രാഹ്മണനിൽ വരുത്തിയ പരിവർത്തനത്തിന്റെ കഥ അന്നാട്ടിലെങ്ങും പരന്നു. അതേ സമയം,ബുദ്ധന്റെ സംഘത്തിൽ ചേർന്ന് നിർവ്വാണമാർഗ്ഗത്തിലൂടെ യാത്രചെയ്യാനുള്ള അതിയായ അഭിവാഞ്ഛ പുണ്ണികയിൽ വളർന്നു വന്നു. താമസം വിനാ പുണ്ണിക ബുദ്ധന്റെ അടുത്ത് ചെന്ന് ബുദ്ധസംഘത്തിൽ ഭിക്ഷുണിയായി ചേർന്നു. ബുദ്ധോപദേശങ്ങളും ധ്യാനാഭ്യാസവും വഴി മനസ്സിന്റെ എല്ലാ കെട്ടുപാടുകളും അഴിഞ്ഞ്, പൂർണ മുക്തി നേടി. അരിഹന്തയായി (അർഹത) പുണ്ണികാ ഥേരി എന്ന് അറിയപ്പെട്ടു.

ഉദകശുദ്ധികനും ഇതേ സമയം ബുദ്ധസംഘത്തിൽ ചേർന്ന് ഭിക്ഷുവായി. അഭ്യാസത്തിലൂടെ എല്ലാ കെട്ടുപാടുകളും അഴിഞ്ഞു പൂർണ മുക്തി നേടി. അദ്ദേഹം ഇങ്ങനെ പാടി.

ജന്മത്താൽ പണ്ട് പേരിൽ ബ്രാഹ്മണനായ ഞാൻ,
ജ്ഞാനത്താൽ ഇന്ന്, യഥാർത്ഥ ബ്രാഹ്മണനായി!
ത്രിവിദ്യയുമറിഞ്ഞ്, സ്വാസ്ഥ്യം നേടിയ ഞാൻ,
ജ്ഞാനസ്നാനത്താൽ ശുദ്ധനുമായി!

ബ്രാഹ്മണകുലത്തിൽ ജനിച്ചതിനാൽ മാത്രം ഉദകശുദ്ധികൻ  നേരത്തെ ബ്രാഹ്മണൻ എന്നറിയപ്പെട്ടിരുന്നു.  എന്നാൽ ബ്രഹ്മത്തെ അറിഞ്ഞില്ല. (സത്യത്തിന്റെ പര്യായമായി ബുദ്ധൻ ബ്രഹ്മം എന്ന പദവും ഉപയോഗിച്ചിട്ടുണ്ട്. ഇവിടെ, അത് പിൽക്കാലത്തു വേദാന്തികൾ സത്യമെന്ന് കരുതിയ ഏക സത്ത എന്ന ആശയമല്ല.) പിന്നീട്, ബുദ്ധന്റെ അഷ്ടാംഗമാർഗ്ഗത്തിലൂടെ സംസാരത്തിന്റെ പൊരുൾ അറിഞ്ഞ്, യഥാർത്ഥ സത്യം തിരിച്ചറിഞ്ഞ്, ഉദകശുദ്ധികൻ അർത്ഥത്തിൽ ബ്രാഹ്മണനായി – അതായത്, ബ്രഹ്മം (സത്യം) അറിഞ്ഞവൻ. കുലത്തിലൂടെയോ വർണത്തിലൂടെയോ ഒരാൾ യഥാർത്ഥത്തിൽ സത്യമറിഞ്ഞവനാകുന്നില്ല. നദിയിലെ ജലത്തിന് കഴിയാത്തത്, പുണ്ണികയുടെ വചനങ്ങൾക്ക് കഴിഞ്ഞു. പുണ്ണികയുടെ വാക്കുകളാൽ തിരിച്ചറിവിൽ കുളിച്ച്, ബുദ്ധനിൽ ശരണം പ്രാപിച്ച്, ശ്രാവസ്തിയിലെ പഴയ ഉദകശുദ്ധികൻ യാഥാർത്ഥവിശുദ്ധി നേടി. ബ്രാഹ്മണ്യരീതി പ്രകാരം ത്രിവിദ്യ എന്നാൽ മൂന്ന് വേദങ്ങളെക്കുറിച്ചുള്ള അറിവാണ്. എന്നാൽ അത്തരം കേട്ടറിവുകൾക്ക് പകരം, ഉദകശുദ്ധികൻ ബുദ്ധന്റെ മാർഗ്ഗം പിന്തുടർന്ന്, മൂന്ന് നേരിട്ടറിവുകൾ നേടി –  (i) മുൻജന്മങ്ങളെക്കുറിച്ചുള്ള  വ്യക്തമായ ഓർമ്മ, (ii) എല്ലാ ജീവജാലങ്ങളും വീണ്ടും വീണ്ടും ജനിക്കുകയും മരിക്കുകയും മുൻകർമ്മങ്ങളാൽ ബന്ധിതമായി സംസാരസാഗരത്തിൽ ഉഴലുകയും ചെയ്യുന്നതിന്റെ നേർക്കാഴ്ച, (iii) മനസ്സിന്റെ ആസവങ്ങളൊക്കെ ശമിച്ച് നിർവാണസുഖം അറിയുന്ന അനുഭവം.

 ഊഹാപോഹങ്ങളിലൂടെയും കേട്ടുകേൾവിലൂടെയും യഥാർത്ഥ സത്യം തിരിച്ചറിയാൻ കഴിയില്ല. സംസാരദുഃഖത്തിന്റെ മൂലകാരണങ്ങളും അവയിൽ നിന്നുള്ള മോചനത്തിന്റെ മാർഗ്ഗവും നേരിൽ അറിഞ്ഞ് മനസ്സിലാക്കിയാലേ യഥാർത്ഥ സ്വാസ്ഥ്യം ലഭിക്കുകയുള്ളൂ. അതാണ് ഉദകശുദ്ധികന് പുണ്ണിക എന്ന കീഴാളപെൺകുട്ടി നൽകിയ ജ്ഞാനത്തിലൂടെ ലഭിച്ചത്. 

ബുദ്ധന്റെ ഉപദേശങ്ങൾ എങ്ങനെയാണു മനുഷ്യന്റെ ഉള്ളിലും, സമൂഹത്തിലും വിപ്ലവകരമായ പരിവർത്തനം സൃഷ്ടിച്ചത് എന്നുള്ളതിന്റെ നല്ലൊരു ദൃഷ്ടാന്തമാണ് ഥേരീഗാഥയിൽ നിന്നുള്ള ഈ സംഭവകഥ.

ബുദ്ധന്റെ ശിഷ്യകളുടെ ബോധോദയ ഗാഥകളുടെ ശേഖരമാണ് ഥേരീഗാഥ.  അതിലുള്ള പുണ്ണികാ ഥേരിയുടെ ഗാഥയെയും ഥേരീഗാഥയ്ക്ക് ആചാര്യ ധമ്മപാലൻ എഴുതിയ പരമാത്ഥദീപനി എന്ന വിവരണത്തെയും ആസ്പദമാക്കിയാണ് ഈ കുറിപ്പ്.

This completes the liberation story of Punnika Theri based on the Therigatha.

*** *** ***

To read this article in English – The Liberation Story of Punnika, a Girl from an Oppressed Caste

One thought on “പുണ്ണികയെന്ന കീഴാളപെൺകുട്ടിയുടെ ജ്ഞാനോദയഗാഥ

  • REENA SEBASTIAN

    Thank you for the posts!!

    Reply

Leave a Reply

Your email address will not be published. Required fields are marked *