ദാനവും ധ്യാനവും
Bodhidharma on the Greatest Generosity and the Highest Meditation
പരിതാപമേതുമില്ലാതെ, പരോപകാരത്തിന് സ്വയം സമർപ്പിക്കുന്നതാണ് ഏറ്റവും മഹത്തരമായ ദാനം.
ചലനവും നിശ്ചലതയും തമ്മിലുള്ള ദ്വന്ദ്വം മറികടക്കുന്നതാണ് ഏറ്റവും മഹത്തരമായ ധ്യാനം.
-ബോധിധർമ്മൻ
വിവരണം
=======
ദാനം പലവിധമുണ്ട്. വിശക്കുന്നവന് ഭക്ഷണം നൽകുക, കിടപ്പാടമില്ലാത്തവന് ഒരു വീട് നൽകുക. വിഭ്രാന്തിയയിൽ അലയുന്നവന് അറിവിന്റെ വഴികാട്ടുക, ഇതൊക്കെയും മഹത്തരമായ ദാനങ്ങളാണ്. എന്നാൽ പരോപകാരപരത തന്റെ തനത് ഭാവമാക്കി മാറ്റി, തന്റെ ശരീരത്തെയും മനസ്സിനെയും, പരിതാപമേതുമില്ലാതെ, അപരക്ഷേമത്തിനായി അനുനിമിഷം അനായാസേന സമർപ്പിക്കാൻ കഴിയുന്ന അവസ്ഥയാണ് ഏറ്റവും മഹത്തരമായ ദാനം – ദാനത്തിന്റെ പാരമ്യം – ദാനം ഒരു പ്രത്യേക പ്രവൃത്തിയല്ലാതാകുന്ന അനായാസത.
ധ്യാനം പലവിധമുണ്ട്. വികാരങ്ങളാലും വിചാരങ്ങളാലും കലുഷിതമായ മനസ്സിനെ ശമിപ്പിച്ച്, അലകളടങ്ങി തെളിഞ്ഞ തടാകം പോലെ, തെളിമേയേറിയതും ശാന്തവുമാക്കുന്നത് മഹത്തരമാണ്. ധ്യാനത്തിന്റെ തെളിമയിലൂടെ വികാരങ്ങളെയും വിചാരങ്ങളെയും അപഗ്രഥിക്കാൻ കഴിയുന്ന വിപശ്യനയും മഹത്തരമാണ്. എന്നാൽ, ചിന്തകളാൽ ചലിക്കുന്ന മനസ്സും ചിന്തകളടങ്ങി നിശ്ചലമായ മനസ്സും ഒരുപോലെ അനായാസമായി, തെളിമയോടെ, വിഭ്രാന്തിയേതുമില്ലാതെ, ഒരേ രുചിയിൽ അനുഭവിക്കാൻ കഴിയുന്നതാണ് ഏറ്റവും മഹത്തരമായ ധ്യാനം – ധ്യാനത്തിന്റെ പാരമ്യം – ധ്യാനവും ധ്യാനമില്ലായ്മയും തമ്മിൽ അന്തരമില്ലാതാകുന്ന അറിവിന്റെ വിശാലപ്പരപ്പ്.
- ധർമ്മചക്ര പ്രവർത്തനം - November 26, 2024
- കരുണ – നിഷ്ക്രിയത്വത്തിന്തടയിടുന്ന ഉൾത്തുടിപ്പ് - November 24, 2024
- മനസ്സ് – ഏറ്റവും വിനാശകരവും ഏറ്റവും ഗുണകരവും - September 11, 2023