ചരിത്രംസ്ഥലങ്ങളും ചരിത്രാവശേഷിപ്പുകളും

മസ്കിയിലെ അശോകശിലയുടെ കഥ

Asoka Rock Edict at Maski Karnataka
Ashokan Rock Edict at Maski
 

കർണാടകത്തിന്റെ വടക്കുകിഴക്കായി മസ്കി (റയ്ച്ചൂർ district.) എന്ന പേരിൽ ഒരു ഉൾനാടൻ ഗ്രാമമുണ്ട്. ആ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തെ പാറക്കൂട്ടങ്ങൾക്കിടയിൽ 2274 വർഷങ്ങൾക്ക് മുമ്പ് അശോക ചക്രവർത്തി സ്ഥാപിച്ച ഒരു ശിലാലിഖിതമുണ്ട്. അമൂല്യമായ ഉള്ളടക്കം പേറി, സഹസ്രാബ്ദങ്ങളിലൂടെ നിയോഗം നിറവേറ്റി നിലകൊണ്ട ആ ശില കഴിഞ്ഞ നൂറ്റാണ്ടിൽ മറ്റൊരു ദൗത്യവും നിറവേറ്റി – പുരാതന ഇന്ത്യയെ കണ്ടെത്തുന്നതിന് ചരിത്രകാരന്മാർക്ക് ഒരു നാഴികക്കല്ലാകുക വഴി.

ആ ശില തേടി  ഈ അടുത്ത കാലത്ത് പോയിരുന്നു. കുന്നിൻമുകളിലായി ഒരു ഗുഹ. അതിന്റെ മുൻവശത്തായി ആർക്കിയോളജി വകുപ്പിന്റെ സംരക്ഷണത്തിനുള്ള ആ അമൂല്യശിലയും. ആ ഗുഹാമുഖത്ത് നിന്ന് നോക്കിയാൽ എങ്ങും ചക്രവാളത്തോളം നീളുന്ന പച്ചപ്പാടങ്ങൾ മാത്രം. എങ്ങും നിറയുന്ന ഗഹനമായ നിശബ്ദത ഭഞ്ജിക്കപ്പെടുന്നത് ഇടവിട്ട് വീശുന്ന ഇളം തെന്നലിന്റെ മധുരസംഗീതത്താൽ മാത്രമായിരുന്നു. ആ ശിലയിൽ കൊത്തിയ അക്ഷരങ്ങളെ തഴുകി നീങ്ങിയ ഇളംകാറ്റ് ആ അക്ഷരങ്ങളിൽ ചാലിച്ചിരിക്കുന്ന ബൗദ്ധസന്ദേശത്തെ ഒരു മൃദുമർമരമായി ഏറ്റെടുത്ത് ഒരു ഉണർത്തുപാട്ടായി, അനന്തതകളിലേക്ക് നീങ്ങി – സംസാരദുഃഖത്തിൽ ഉഴലുന്ന ജനതയ്ക്ക് ദുഃഖപ്രശമനത്തിനുള്ള വഴിയറിയിച്ച് നോക്കെത്താദൂരത്തേക്ക്. ഞങ്ങൾ അവിടെ ചെല്ലുമ്പോൾ, ആ ഗുഹാമുഖത്തെ ശാന്തത നുകർന്ന് മനസ്സ് കുളിർപ്പിക്കുവാൻ ഒന്ന് രണ്ടു ഗ്രാമീണരും അവിടെയുണ്ടായിരുന്നു.

അശോകചക്രവർത്തിയുടെ ശിലാശാസനം കർണാടകത്തിലെ മസ്കിയിൽ
മസ്കിയിലെ ആശോക ശിലാശാസനമുള്ള ഗുഹയ്ക്ക് സമീപം

ബുദ്ധ തഥാഗതന്റെ ദർശനങ്ങളെ കുറിച്ച് എഴുതപ്പെട്ടവയിൽ ഏറ്റവും പുരാതനമായ രേഖകളിൽ പെടും കൺമുന്നിലെ ഈ ശില. ആ ചിന്ത മനസ്സിൽ വന്ന് നിറയുമ്പോൾ അത് ഒരു പ്രത്യേക അനുഭൂതിയായിരുന്നു. അശോകന്റെ കാലത്തും ബുദ്ധന്റെ ദർശനം വായ്മൊഴിയായാണ് പകർന്ന് നൽകിക്കൊണ്ടിരുന്നത്. ചില അടിസ്ഥാന സന്ദേശങ്ങളുടെ സാരാംശമെങ്കിലും രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ കല്ലിൽ കൊത്തിവച്ചാൽ, അതാകും മാനവരാശിയുടെ വരും തലമുറകൾക്കായി തനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സേവനം എന്ന് അശോകൻ തിരിച്ചറിഞ്ഞു. മൗര്യരാജവംശം തകർന്നടിയുമ്പോഴും, പിന്നെ എത്രയോ രാജവംശങ്ങളുടെ വളർച്ചയിലും തകർച്ചയിലും കൂടി ഈ നാട് കടന്നു പോകുമ്പോഴും, സുവർണ്ണകാലങ്ങളിലും ആപൽകാലങ്ങളിലും, ആ ശിലാലിഖിതങ്ങൾ നാടിന് വെളിച്ചമായി അവിടെ നിലനിൽക്കും എന്ന് അശോകൻ കണ്ടിരിക്കാം. പിൽക്കാലത്ത് വിസ്‌മൃതിയിലാണ്ട അത്തരം ശിലകളും സ്തംഭങ്ങളും വീണ്ടും ലോകശ്രദ്ധയിലേക്ക് വരുന്നത് ബ്രിട്ടീഷ് ഭരണകാലത്തെ ഗവേഷണത്തിന്റെ ഫലമായിട്ടാണ്. കർണാടകയിൽ തന്നെ ഇതുവരെ പത്ത് അശോക ലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ചരിത്ര നിയോഗം നിറവേറ്റിയ ശേഷം വിസ്‌മൃതിയിലാണ്ട ആ ശില പിൽക്കാലത്ത് കണ്ടെത്തിയത് 1915-ൽ ആയിരുന്നു. അന്ന്, ബീഡൻ എന്ന ഒരു ബ്രിട്ടീഷ് മൈനിങ്-എഞ്ചിനീയർ സ്വർണ്ണപ്പാടങ്ങൾ തേടിയുള്ള യാത്രയിൽ അവിടെ എത്തി. സ്വർണ്ണത്തിനു പകരം അദ്ദേഹം അവിടെ കണ്ടെത്തിയത് എന്തൊക്കെയോ ആലേഖനം ചെയ്ത ഒരു ശിലയായിരുന്നു. സ്വർണ്ണത്തേക്കാൾ ഏറെ വിലപ്പെട്ടതായി ആ കണ്ടെത്തൽ. പുരാവസ്തു ഗവേഷകർ പരിശോധിച്ചപ്പോൾ പുരാതന ഇന്ത്യയുടെ ചരിത്രത്തിലേക്ക് വഴിതുറക്കുന്ന ഒരു പ്രധാന നാഴികക്കല്ലായി മാറി ആ ശില.

മസ്കി ശിലാലിഖിത്തിന്റെ പുരാവസ്തു ഗവേഷണപരമായതും ഉള്ളടക്കപരമായതും ആയ പ്രത്യേകതകൾ നമുക്ക് പരിശോധിക്കാം.

മസ്കി ശിലാലിഖിതം – പുരാവസ്തു ഗവേഷണത്തിലെ നാഴികക്കല്ല്

മസ്കി ശിലാലിഖിതം കണ്ടെത്തുന്നതിന് മുമ്പ് തന്നെ ബ്രിട്ടീഷ് ഗവേഷകർ മറ്റ് പല ശിലാലിഖിതങ്ങളും സ്തംഭലിഖിതങ്ങളും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയിരുന്നു. BCE (BC) 3 -ആം നൂറ്റാണ്ടിലെ ഒരു ചക്രവർത്തിയാണ് ആ ലിഖിതങ്ങളെല്ലാം കൊത്തിച്ചതെന്ന് അവർക്ക് അനുമാനിക്കാനായി. ഇത്തരം ലിഖിതങ്ങളിൽ ചിലത് ഭരണപരമായ കല്പനകളെ കുറിച്ചായിരുന്നു. മറ്റുള്ളവ സദാചാര ഉപദേശങ്ങളും ശ്രീബുദ്ധനെയും ധർമ്മത്തെയും സംബന്ധിക്കുന്നവയും ആയിരുന്നു. ചില ലിഖിതങ്ങളിൽ അയൽരാജ്യങ്ങളുമായി ചക്രവർത്തി പുലർത്തിയിരുന്ന ബന്ധത്തെ കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്. ദക്ഷിണദിശയിൽ ചോള, പാണ്ട്യ, സത്യപുത്ര ( തെക്കൻ കർണാടക), കേരളപുത്ര (കേരളം), താമ്രപർണി (ശ്രീലങ്ക) എന്നിവയും, പശ്ചിമദിശയിൽ യോന (അന്നത്തെ ഗ്രീക്ക് സാമ്രാജ്യത്തിന്റെ ഭാഗം), കംബോജ, ഗാന്ധാര എന്നിവയും അത്തരം അയൽരാജ്യങ്ങളിൽ പെടുന്നു.

ആ ലിഖിതങ്ങളൊക്കെ കണ്ടെത്തിയപ്പോഴും ഒരു പ്രഹേളിക ബാക്കി നിന്നു. ആരായിരിക്കാം ആ ചക്രവർത്തി? അന്നേവരെ കണ്ടെത്തിയ ലിഖിതങ്ങളിൽ ചക്രവർത്തിയുടെ പേര് കുറിച്ചിരുന്നത് ‘ദേവാനംപ്രിയ’ (ദേവന്മാർക്ക് പ്രിയപ്പെട്ടവൻ) എന്നോ, ‘പ്രിയദർശിൻ’ (സ്നേഹവായ്‌പോടെ നോക്കുന്നവൻ) എന്നോ, ‘ദേവാനംപ്രിയ പ്രിയദർശിൻ രാജ’ (ദേവന്മാർക്ക് പ്രിയപ്പെട്ടവനും സ്നേഹവായ്പുള്ളവനും ആയ രാജാവ്) എന്നോ ആയിരുന്നു. ചില ലിഖിതങ്ങളിൽ നിന്ന് പാടലീപുത്രം തലസ്ഥാനമായ മഗധയുടെ ചക്രവർത്തിയുടേതാണ് എന്ന് അനുമാനിക്കാൻ കഴിഞ്ഞെങ്കിലും ആ ചക്രവർത്തി ആരാണെന്ന് അപ്പോൾ സ്ഥാപിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് മസ്കി ശിലാലിഖിതം കണ്ടെത്തിയപ്പോൾ അതിൽ കണ്ട പേര് ‘ദേവാനംപ്രിയ അശോക’ എന്നായിരുന്നു. ഈ ശിലാലിഖിതങ്ങളുടെ ഒക്കെ കർത്താവായ ദീർഘദർശിയായ ചക്രവർത്തി, ബൗദ്ധസാഹിത്യത്തിലൂടെ വിശ്യാവിഖ്യാതനായ ചക്രവർത്തി അശോകൻ തന്നെയാണ് എന്നതിന് ലഭിച്ച പ്രാമാണികമായ ആദ്ദ്യത്തെ തെളിവായിരുന്നു അത്. പിൽക്കാലത്ത് ഇത് ശരിവയ്ക്കുന്ന തരം വേറെയും ലിഖിതങ്ങൾ ലഭിച്ചു. അങ്ങനെ മസ്കി ശിലാലിഖിതത്തിന്റെ കണ്ടെത്തൽ അന്നേവരെയുള്ള മറ്റ് കണ്ടെത്തലുകളെ കൂട്ടിയോജിപ്പിക്കുക വഴി, ആധുനികലോകം ചരിത്രപരമായി ഇന്ത്യയെ കണ്ടെത്തുന്ന പ്രക്രിയയിൽ ഒരു വലിയ നാഴികക്കല്ലായി.

അശോകചക്രവർത്തിയുടെ ശിലാശാസനം കർണാടകത്തിലെ മസ്കിയിൽ
ശിലാശാസനം ബ്രഹ്മി ലിപിയിൽ പാലി ഭാഷയിലാണ് ഇത് ലിഖിതം ചെയ്തിരിക്കുന്നത്.

ശിലാലിഖിതത്തിന്റെ തർജ്ജമ

ദേവാനംപ്രിയ അശോകൻ വിളംബരം ചെയ്യുന്നത്:
“ഞാൻ ശാക്യബുദ്ധന്റെ പാത പിന്തുടർന്ന് തുടങ്ങിയിട്ട് ഇപ്പോൾ രണ്ടര കൊല്ലം ആകുന്നു. കഴിഞ്ഞ ഒരു കൊല്ലത്തിലേറെയായി വളരെ നിഷ്ഠയോടെ ഞാൻ [ബൗദ്ധ]സംഘവുമായി ബന്ധപ്പെടുന്നുണ്ട്. പൂർവ്വകാലങ്ങളിൽ ഭൂമിയുമായി (ജംബുദ്വീപം) ഇടപഴകാത്ത ദേവന്മാരൊക്കെ ഇപ്പോൾ നന്നായി ഇടപഴകുന്നുണ്ട്. ധർമ്മാനുസൃതമായ (ധമ്മയുക്തമായ) ജീവിതത്തിലൂടെ ഇത് സാധ്യമാണ്. കീഴാളർക്കും ഇത് പ്രാപ്യമാണ്. കുലജാതർക്കേ [ദേവന്മാരുമായുള്ള ഇടപഴകൽ] സാധ്യമാകൂ എന്ന തെറ്റിദ്ധാരണ അരുത്. എല്ലാവരും ഇത് അറിയണം, “ഈ രീതിയിൽ [ധമ്മയുക്തമായി] ശ്രമിച്ചാൽ മംഗളം ഭവിക്കുകയും അത് ക്രമേണ വർദ്ധിച്ച് നിത്യവും മംഗളകരമായ അവസ്ഥയിലേക്ക് എത്തുകയും ചെയ്യും.”

സ്വർണ്ണത്തേക്കാൾ മൂല്യമേറിയ ഉള്ളടക്കം

താൻ തന്റെ പ്രജകളോട് കടപ്പെട്ടിരിക്കുന്നു എന്ന് പ്രഖ്യാപിച്ച ചക്രവർത്തി അശോകൻ തന്നാലാകുന്നൂതൊക്കെ പ്രജകളുടെ (ഈ ജന്മത്തെയും അതിനപ്പുറത്തെയും) സൗഖ്യത്തിനായി ചെയ്യണമെന്ന് ആഗ്രഹിച്ചു. അതിനാൽ, അദ്ദേഹത്തിന്റെ ജനോപകാര പ്രവർത്തികൾ പാതയോരങ്ങളിൽ വൃക്ഷങ്ങൾ നട്ടുവളർത്തുക, കിണറുകൾ കുഴിക്കുക, മനുഷ്യർക്കും മൃഗങ്ങൾക്കും വൈദ്യസഹായം ലഭ്യമാക്കുക, എന്നിവയിലേക്ക് മാത്രമല്ല, ജനങ്ങളുടെ മനസ്സിന് (ഈ ജന്മവും അതിനപ്പുറവും) ശാന്തിയും സമാധാനവും ലഭിക്കാനുള്ള അറിവ് അവർക്ക് ലഭ്യമാക്കുക എന്നതിലേക്കും നീണ്ടു. ആ ലക്ഷ്യത്തിലേക്കാണ് ബുദ്ധന്റെ ധർമ്മസന്ദേശങ്ങൾ അദ്ദേഹം നാടെങ്ങും ശിലകളിൽ കൊത്തിവച്ചത്.

മസ്കി ശിലാലിഖിതത്തിൽ കാണുന്ന സന്ദേശം വളരെ ലളിതവും അതേസമയം വളരെ പ്രായോഗികവുമാണ്. അത്, ഈ രീതിയിൽ പരാവർത്തനം ചെയ്യാം, “ബുദ്ധൻ കണ്ടെത്തിയ ധർമ്മപ്രകാരം ഒരാൾ തന്റെ ജീവിതം നയിച്ചാൽ ഈ ഭൂമിയിലെ ജീവിതം തന്നെ സ്വർഗ്ഗതുല്യമാകും. സകലദേവന്മാരും പ്രീതിപ്പെട്ടപോലെ. അതിന് കുലവും ജാതിയും വർഗ്ഗവും വർണ്ണവും ഒന്നും തടസ്സമല്ല.”

എന്താണ് ബുദ്ധൻ പഠിപ്പിച്ച ധർമ്മനിഷ്ഠമായ ജീവിതം? ശ്രീബുദ്ധന്റെ വാക്കുകളിൽ,

“സബ്ബപാപസ്സ അകരണം കുസലസ്സ ഉപസംപദാ
സചിത്ത പരിയോദപനം എതം ബുദ്ധാനസാസനം” -ധമ്മപാദം, 183

അതായത്,
മറ്റുള്ളവർക്ക് ഉപദ്രവമാകുന്ന പ്രവർത്തികൾ (തിന്മ) ചെയ്യാതിരിക്കുക. ഗുണകരമായ ഫലങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തികളിൽ (നന്മ) വ്യാപാരിക്കുക. സ്വന്തം മനസ്സിനെ ശുദ്ധീകരിക്കുക. ഇതാണ് ബുദ്ധന്റെ ഉപദേശം. ആർക്കും, സ്വന്തം കഴിവുകൾക്കുള്ളിൽ തികച്ചും പ്രാവർത്തികമാക്കാൻ കഴിയുന്ന ഒന്നാണിത്.

ഈ സന്ദേശം വളരെ നിസ്സാരമെന്ന് തോന്നുമെങ്കിലും നാം ഇത് ശ്രദ്ധിക്കാൻ വിട്ടുപോകാറുണ്ട്. അമൂല്യമായ ഈ സന്ദേശം ഉൾകൊള്ളാത്തതുകൊണ്ടാണ് ഈ ആധുനിക കാലഘട്ടത്തിൽ പോലും മനുഷ്യർ സൗഖ്യത്തിനായി പലവിധ ദേവന്മാരെ പ്രീതിപ്പെടുത്താം എന്ന പ്രതീക്ഷയുമായി ദൈവത്തിന്റെ ദല്ലാളുമാരെ അന്വേഷിച്ച് പോകുന്നതും ദൈവത്തിന്റെ പേര് പറഞ്ഞു പോലും മറ്റുള്ളവരെ ഹനിക്കുന്നതും. ദേവന്മാരെ പ്രീതിപ്പെടുത്താനായി പുറത്ത് എത്ര കഷ്ടപ്പെടുവാനും അവർ തയ്യാറാണ്. പക്ഷെ, ഏറ്റവും പ്രധാനപ്പെട്ടത് മറന്നു പോകുന്നു – തിന്മ ചെയ്യാതിരിക്കലും നന്മചെയ്യലും. സത്യത്തിൽ, ഈ രണ്ടു കാര്യങ്ങളിലും മാത്രം ശ്രദ്ധിച്ചാൽ വേറൊന്നും ചെയ്യാതെ തന്നെ, ഈ ജീവിതം സ്വർഗ്ഗതുല്യമാക്കാം – നമുക്കും മറ്റുള്ളവർക്കും. അശോകൻ ചൂണ്ടിക്കാട്ടിയ പോലെ തന്നെ, ദേവന്മാരോട് ഇരന്നതുകൊണ്ടോ ദല്ലാളുമാർ നടത്തിയ മതകർമ്മങ്ങളിലൂടെയോ പരമ്പരാഗത ആചാരങ്ങൾ അനുഷ്ഠിച്ചതുകൊണ്ടോ പൂർവ്വകാലങ്ങളിൽ ദേവന്മാർ ഭൂമിയിൽ വന്നില്ല. പക്ഷെ, ‘തിന്മ ചെയ്യാതിരിക്കുക, നന്മ ചെയ്യുക, മനസ്സിനെ ജയിക്കുക’ എന്നത് മാത്രം ശ്രദ്ധിച്ചാൽ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഈ ജീവിതം സ്വർഗ്ഗസമമാക്കാം. നാം സ്വയം വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തേണ്ട ഈ അമൂല്യ സന്ദേശമാണ് മസ്കിശിലയിൽ കോറിയിട്ടിട്ടുള്ളത്.


അശോകന്റെ നവോത്ഥാന വിളംബരം

2274 വർഷം പഴക്കമുള്ള ഈ ശിലാലിഖിതം നമ്മെ കൊണ്ടുപോകുന്നത്, ഏതൊരാൾക്കും സ്വന്തം പരിശ്രമത്തിലൂടെ സൗഖ്യവും മോക്ഷവും തേടാമെന്നും വർണ്ണ-വർഗ്ഗ ഭേദങ്ങൾ അതിന് തടസ്സമാകില്ലെന്നും പ്രഖ്യാപിക്കുന്ന അശോകചക്രവർത്തിയിലേക്കാണ്. വർണ്ണ-ജാതി-ലിംഗ ഭേദങ്ങളില്ലാതെ ഏവർക്കും നിർവ്വാണ മാർഗ്ഗം സ്വീകരിക്കാമെന്നത് ശ്രീബുദ്ധൻ തന്നെ നടപ്പാക്കിയിരുന്നു. എങ്കിലും, പൊതുസമൂഹത്തിൽ നിലനിന്നിരുന്ന വർണ്ണവ്യവസ്ഥ അവഗണിച്ചു കൊണ്ട് അത്തരം ഒരു വിളംബരം ചെയ്ത ആദ്യത്തെ ഭരണാധികാരി അശോകചക്രവർത്തി ആയിരിക്കും. അതിന് ഉപോദ്ബലമായ ഒരു ഭരണവ്യവസ്ഥ നടപ്പിലാക്കിയതായും മറ്റ് ലിഖിതങ്ങളിൽ കാണാം. മൗര്യസാമ്രാജ്യം തകരും വരെ അശോകൻ തുടങ്ങിവച്ച നവോത്ഥാനമുന്നേറ്റം നിലനിന്നു.

Leave a Reply

Your email address will not be published. Required fields are marked *