ചരിത്രം

ബൗദ്ധമഹാസിദ്ധ പരമബുദ്ധനും അയ്യപ്പനും

paramabuddha പരമബുദ്ധൻ
Paramabuddha, ( Picture courtesy: Himalayan Art Resources)
പരമബുദ്ധൻ – നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹം, തിബറ്റിൽ

നമ്മുടെ ചരിത്രത്തിൽ നമ്മളറിയാതിരുന്ന രസകരമായ ഒരേടാണ് ബൗദ്ധമഹാസിദ്ധനായ പരമബുദ്ധന്റേത്. CE (AD) 11- ആം നൂറ്റാണ്ടിൽ കേരളത്തിൽ അയ്യപ്പന്റെ കാട്ടിനടുത്താണ് അദ്ദേഹത്തിന്റെ ജനനം. മഹായോഗിയായ അദ്ദേഹം തിബത്ത്, നേപ്പാൾ, ഭൂട്ടാൻ, ചൈന എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്ത് അനേകം പേർക്ക് ധർമ്മോപദേശം നൽകി. അന്നാട്ടുകാർ ബഹുമാനപുരസ്സരം  അദ്ദേഹത്തിന് നൽകിയ വിളിപ്പേരാണ് പരമബുദ്ധൻ. പരമബുദ്ധൻ പഠിപ്പിച്ച ‘ശമനം’ (തിബറ്റൻ ഭാഷയിൽ ‘ഷീജെ’) എന്ന മഹായാനമാർഗ്ഗം തിബറ്റിലെ എട്ട് പ്രമുഖ ബൗദ്ധസമ്പ്രദായങ്ങളിൽ ഒന്നായി വിഖ്യാതമായി. ശമന സമ്പ്രദായത്തിന്റെ ശാഖയായ ‘ച്യോ’ (വിച്ഛേദം) എന്ന മാർഗ്ഗം  ഇപ്പോൾ ലോകമെമ്പാടുമുള്ള താന്ത്രിക ബൗദ്ധസമൂഹങ്ങളിൽ പ്രശസ്തമാണ്. യോഗീശ്വരനായ പരമബുദ്ധൻ അവർക്കൊക്കെ ഗുരുപരമ്പരയിലെ പ്രധാനപ്പെട്ട ആചാര്യനുമാണ്. എന്നാൽ, അദ്ദേഹം കേരളത്തിൽ നിന്നാണെന്നത് അധികമാരും അറിയാത്ത വസ്തുതയാണ്.

പരമബുദ്ധന്റെ പ്രധാനഗുരുവായ ബൗദ്ധമഹാസിദ്ധ ആര്യദേവൻ ശബരിമലയിൽ 11-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അയ്യപ്പൻ തന്നെയാകാനും സാധ്യത ഏറെയാണ്. സ്ഥലം, കാലഘട്ടം, ആസനം, പേര്, കുലം, എന്നിവയിലെ സമാനതകൾ  അയ്യപ്പനും പരമബുദ്ധന്റെ ഗുരു ആര്യാദേവനും (അയ്യദേവൻ) ഒരേ വ്യക്തിയാണ് എന്ന സാധ്യത ശക്തമാക്കുന്നു.

ജന്മനാട് 

തിബറ്റൻ ഭാഷയിലുള്ള ജീവചരിത്രത്തിൽ (പ ദംപ ധാങ്ങ്  മാച്ചിഗ് ലാബ്ഡ്രോൺ ഗീ നാംഥർ) പരമബുദ്ധന്റെ ജന്മദേശത്തെ കുറിച്ചുള്ള വിവരണം ഇപ്രകാരമാണ്:  

“ദക്ഷിണാപഥത്തിൽ കേരങ്ങളുടെ ദേശമായ ചരസിംഹരാജ്യത്താണ് അദ്ദേഹത്തിന്റെ ജന്മനാട്. വൈഡൂര്യപ്രഭയെ വെല്ലുന്ന നീലാകാശത്താൽ ആവൃതമായ ഹരിതമനോഹരമായ ഭൂമി. അന്നാട്ടുകാരിൽ ഭൂരിഭാഗവും തുറന്ന മനസ്സുള്ളവരും മഹായാന ബൗദ്ധമാർഗ്ഗം അനുഷ്ഠിക്കുന്നവരും ആയിരുന്നു. ധ്യാനത്തിന് അത്യുത്തമമായ ഇടമായതിനാൽ ഒട്ടേറെ യോഗിമാരും യോഗിനിമാരും അവരുടെ സാധനയ്ക്ക് അവിടം തെരഞ്ഞെടുത്തിരുന്നു. അവലോകിതേശ്വരനാൽ പ്രശോഭിതമായ പർവ്വതനിരകൾക്കും ഖദിരവനി താരയുടെ ചന്ദനവനങ്ങൾക്കുമിടയിൽ അയ്യപ്പന്റെ (തിബറ്റൻ ഭാഷയിൽ ‘ഡ്രാങ്സോങ് അര്യ’ ) കാട്ടിനടുത്തായിരുന്നു അദ്ദേഹത്തിന്റെ ജന്മനാട്.”

തിബറ്റൻ കൃതികളിൽ ഇന്ത്യൻ നാമങ്ങൾ തിബറ്റൻ ഭാഷയിൽ പരിഭാഷപ്പെടുത്തിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. (പരമബുദ്ധനെ ‘ദംപ സാംഗ്യേ’ എന്നാണ് തിബറ്റനിൽ വിളിക്കുക.) ‘ഡ്രാങ്സോങ് അര്യ’ എന്ന് തിബറ്റൻ ഭാഷയിൽ പരിഭാഷ ചെയ്യപ്പട്ടത് ‘ഋഷി ആര്യ’, ‘ആര്യമുനി’, ‘അയ്യമുനി’, തുടങ്ങിയ നാമങ്ങളിലേതുമാകാം. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ അത് അയ്യമുനി അഥവാ അയ്യപ്പനാകണം.  സംസ്‌കൃതത്തിൽ ‘ആര്യ’ എന്നും പാലിയിൽ ‘അരിയ’ എന്നും തമിഴിൽ ‘അയ്യ’ എന്നുമുള്ള വാക്കിന് ബൗദ്ധപശ്ചാത്തലത്തിലെ അർത്ഥം പരമാർത്ഥം (തഥാതാ) അനുഭവിച്ചറിഞ്ഞ വ്യക്തി എന്നാണ്. (അതായത്, ശ്രാവകപഥത്തിൽ അനാഗമിയോ മഹായാനത്തിൽ ഒന്നാം ബോധിസത്ത്വഭൂമിയിലോ എത്തിയ വ്യക്തി.) മുനി, ഋഷി എന്നീ പദങ്ങൾ അർത്ഥമാക്കുന്നത് കഠിനതപസ്യ (asceticism) മാർഗ്ഗമാക്കിയ വ്യക്തി എന്നതാണ്. തിബറ്റിലെ  അഷ്ടബൗദ്ധസമ്പ്രദായങ്ങളിൽ കഠിനതപസ്യക്ക് ഏറ്റവും പ്രാധാന്യമുള്ളതും ദക്ഷിണേന്ത്യയിൽ നിന്ന് പരമബുദ്ധൻ എത്തിച്ച ‘ശമന’ സമ്പ്രദായത്തിനാണ്. 

മേലുദ്ധരിച്ച ജന്മദേശ വിവരണത്തിലെ ചരസിംഹരാജ്യം എന്ന പ്രയോഗം അന്നത്തെ ചേരരാജ്യത്തെകുറിച്ചുള്ള സൂചനയാണ്. കേരളത്തിൽ മഹായാനബൗദ്ധസമ്പ്രദായം വ്യാപകമായി നിലനിന്നിരുന്നു ( കേരള ചരിത്രത്തിലെ ബൗദ്ധ ഏടുകൾ കാണുക). അവലോകിതേശ്വരന്റെ പുണ്യസ്ഥലമായ പൊതല, അഗസ്ത്യകൂടമാണെന്നതിന് (തമിഴ്‌നാട്ടിൽ പൊതികൈ എന്ന് അറിയപ്പെടുന്നു) അനേകം തെളിവുകളുണ്ടല്ലോ. (അത് മറ്റൊരവസരത്തിൽ വിവരിക്കാം.) ഖദിരവനി താരയുടെ പുണ്യഭൂമിയുടെ സ്ഥാനവിവരങ്ങൾ കൃത്യമായി നിർണ്ണയിച്ചിട്ടില്ല. മേലുദ്ധരിച്ച തിബറ്റൻ കൃതിയിൽ ‘ദക്ഷിണാപഥത്തിലെ ഭിശികോത’ എന്നും, നേപ്പാളിൽ നിന്ന് ലഭിച്ച മറ്റൊരു സംസ്കൃതകൃതിയിൽ ‘കൊങ്ഗോമണ്ഡലം’ എന്ന്  രേഖപ്പെടുത്തിയിട്ടുണ്ട്. അത് ചോളരാജ്യത്തിന്റെ ഭാഗമായിരുന്ന കൊങ്ങുമണ്ഡലം (കൊങ്ങുനാട്) ആയിരിക്കണം. (ചിലകാലങ്ങളിൽ അവിടം ചേരരാജ്യത്തിന്റെ ഭാഗവുമായിരുന്നു.)  ഭിശികോത കൊങ്ങുനാട്ടിലെ ഒരു സ്ഥലമാകണം. ചന്ദനവനങ്ങളെക്കുറിച്ചുള്ള പരാമർശവും ചേർത്തുനോക്കുമ്പോൾ, താരയുടെ പുണ്യദേശം കേരളത്തിലെ മറയൂരോ പ്രാന്തപ്രദേശങ്ങളോ ആകാം. അവിടുന്ന് ബുദ്ധവിഗ്രഹങ്ങൾ കണ്ടെടുത്തിട്ടുമുണ്ട്. എന്തായാലും, തെക്ക് അഗസ്ത്യകൂടത്തിനും വടക്ക് ഖദിരവനി താരയുടെ പുണ്യഭൂമിക്കും ഇടയ്ക്ക് വരുന്ന അയ്യമുനിയുടെ കാട് അയ്യപ്പന്റെ ശബരിമലയാണ് എന്ന് അനുമാനിക്കാം.

ജനന കഥ

തിബറ്റൻ ജീവചരിത്രപ്രകാരം പരമബുദ്ധന്റെ അമ്മ വനങ്ങളിൽ സുഗന്ധദ്രവ്യങ്ങളും ഔഷധസസ്യങ്ങളും ശേഖരിക്കാൻ പോകാറുണ്ടായിരുന്നു. വിശിഷ്ടദ്രവ്യങ്ങൾ ഉപയോഗിച്ച് ധൂപം (incense) നിർമ്മിക്കുന്ന കുടുംബത്തിൽ നിന്നായിരുന്നു അവർ. അച്ഛൻ ദ്രവ്യങ്ങളുമായി ദൂരദിക്കുകളിലേക്ക് യാത്രചെയ്യുന്ന വ്യാപാരിയായിരുന്നു. പരമബുദ്ധന്റെ മാതാപിതാക്കൾ കാനനവാസികളായ ദ്രാവിഡരായിരുന്നെന്ന്  ഇതിൽ നിന്ന് മനസ്സിലാക്കാം. അച്ഛന്റെ പേര് മറ്റൊരു ജീവചരിത്രകൃതിയായ ‘ദേ ഥർ ങ്ങോൻപോ’യിൽ തിബറ്റൻ ഭാഷയിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നത് ‘സോൻഡ്രു ഗോഛ’ എന്നാണ് . വീരൻ എന്ന അർത്ഥം വരുന്ന ഏതൊരു പേരുമാകാം അത്.

ചില കാലങ്ങളിൽ മാത്രം ലഭിക്കുന്ന ഹരിതകി എന്ന ഔഷധ സസ്യം ശേഖരിക്കാനായി ബന്ധുക്കൾക്കൊപ്പം അദ്ദേഹത്തിന്റെ അമ്മ ഉൾക്കാടുകളിൽ പോകാറുണ്ടായിരുന്നു. അങ്ങനെയൊരു യാത്രയിൽ ഒരു വട്ടം ചന്ദനവനത്തിൽ എത്തിയപ്പോൾ താരയുടെ ദർശനമുണ്ടതായി. അതിനു ശേഷം ബോധിസത്ത്വന്മാരായ വജ്രപാണി, മഞ്ജുശ്രീ, അവലോകിതേശ്വരൻ എന്നിവരെയും സ്വപ്നത്തിൽ ദർശിച്ചു. ഏഴാം ഭൂമിയിലെത്തിയ (മഹായാനമാർഗത്തിൽ ബുദ്ധത്വത്തിലേക്കുള്ള ജ്ഞാനത്തിന്റെ പടവുകളായ പത്തു ബോധിസത്ത്വഭൂമികളിൽ ഏഴാമത്തേത്) ഒരു ബോധിസത്ത്വൻ അവരുടെ മകനായി ജനിക്കുമെന്നും അവന് അജിതനാഥൻ എന്ന് പേരിടണമെന്നും അവലോകിതേശ്വരൻ അറിയിച്ചു. (പരമബുദ്ധൻ എന്നത് പിൽക്കാലത്തു തിബറ്റിൽ ലഭിച്ച വിളിപ്പേരാണ്. അജിതനാഥൻ എന്ന പേരാണ് പരമബുദ്ധർ തന്റെ കൃതികളിൽ സ്വയം ഉപയോഗിച്ചിരുന്നത്.) പരമബുദ്ധന്റെ അച്ഛനും അവലോകിതേശ്വരന്റെ ദർശനമുണ്ടായി.

ഗുരു ആര്യദേവൻ / അയ്യപ്പൻ 

Old Statue of Sabarimala Ayyappan
ശബരിമലയിലെ അയ്യപ്പൻറെ പഴയ വിഗ്രഹം
Old Statue of Sabarimala Ayyappan
(Picture courtesy: PK Sajeev)

ബൗദ്ധദർശനത്തിൽ ആകൃഷ്ടനായ പരമബുദ്ധൻ 54  ഗുരുക്കളിൽ നിന്നും ബൗദ്ധദർശനം, മഹായാനം,  വജ്രയാനം (താന്ത്രിക ബുദ്ധിസം) എന്നിവ അഭ്യസിച്ചു. അദ്ദേഹത്തിന്റെ ഗുരുക്കളിൽ 10 പേർ സ്ത്രീകളായിരുന്നു. അദ്ദേഹം തന്റെ പരമപ്രധാന ഗുരുവായി പറയുന്നത് മഹായോഗിയായ ആര്യദേവനെയാണ്.  (രണ്ടാം നൂറ്റാണ്ടിലെ നാഗാർജ്ജുന ശിഷ്യനായ ആര്യദേവൻ അല്ല.) പരമബുദ്ധന്റെ ജന്മദേശം മഹായാനബുദ്ധിസം വ്യാപകമായിരുന്ന നാട്ടിലെ അയ്യപ്പന്റെ കാട്ടിനടുത്തായിരുന്നു എന്നതുമായി കൂട്ടിവായിക്കുമ്പോൾ, പരമബുദ്ധന്റെ ഗുരുവായ ആര്യദേവൻ അയ്യപ്പൻ തന്നെയാകാം. (ആര്യ എന്ന സംസ്കൃതപദം തമിഴിൽ അയ്യ എന്നാകും.) ഗുരുവായ ആര്യദേവൻ പരമബുദ്ധന്റെ അമ്മാവനായിരുന്നെന്ന്  (അമ്മയുടെ സഹോദരൻ)  തിബറ്റൻ സ്രോതസ്സുകളിലുള്ള മറ്റൊരു പ്രതിപാദ്യവും. പരമബുദ്ധന്റെ ഗുരു ജന്മസ്ഥലത്തുതന്നെ ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന  അയ്യപ്പനാണ് എന്ന നിഗമനത്തിന് ശക്തി പകരുന്നു.

മഹാസിദ്ധന്മാരുടെ പേര് പലപ്പോഴും രണ്ട് തരത്തിൽ രേഖപ്പെടുത്താറുണ്ട്. ഒന്ന്, സംസ്കൃതീകരിച്ച ഒരു ഔപചാരിക നാമം. മറ്റൊന്ന് തദ്ദേശീയമായി ലോപിച്ച വിളിപ്പേര്. ഗുരുപരമ്പര നിരത്തിപ്പറയുമ്പോൾ ഔപചാരിക നാമമാണ് ഉപയോഗിക്കുക.  എന്നാൽ വിളിപ്പേരിലാണ് മഹാസിദ്ധന്മാർ പൊതുവെ അറിയപ്പെടുക. ഉദാഹരണമായി ബൗദ്ധമാർഗ്ഗത്തിലെ  മഹാസിദ്ധ ശബരീശനെ ശവരിപ്പ എന്നും,  മഹാസിദ്ധ കൃഷ്‌ണാചാര്യരെ  കണ്ണപ്പ എന്നും, മഹാസിദ്ധ തില്ലിപാദരെ തിലോപ്പ എന്നും വിളിച്ചുപോന്നു. അതേ രീതിയിൽ മഹാസിദ്ധ ആര്യദേവൻ / അയ്യദേവൻ എന്ന ഔപചാരിക നാമം പൊതുസംബോധനയിൽ അയ്യപ്പൻ എന്നാകും. CE 10 -ആം നൂറ്റാണ്ടിലെ മഹാസിദ്ധ ശബരീശനിൽ (അദ്ദേഹത്തെ കുറിച്ച് മറ്റൊരു പോസ്റ്റിൽ വിവരിക്കാം) നിന്നുള്ള ബൗദ്ധപാരമ്പര്യവും  മഹാസിദ്ധ മൈത്രിപ്പൻ  (അദ്വയവജ്രൻ) വഴി പരമബുദ്ധനിൽ എത്തുന്നുണ്ട്.

അയ്യപ്പന്റെ ബൗദ്ധപശ്ചാത്തലത്തെ കുറിച്ച് ഇതിനകം തന്നെ ചർച്ചചെയ്യപ്പെട്ടിട്ടുള്ള  മറ്റ് സൂചനകളും ചേർത്ത് വായിക്കുമ്പോൾ ഇത് വളരെ ശക്തമായ ഒരു സാധ്യതയാണ്. ശാസ്താ എന്നത് ബുദ്ധന്റെ പര്യായപദമായി  (അമരകോശം നിഘണ്ടുവിലും ബുദ്ധന്റെ അനേകം സൂത്രങ്ങളിലും) ഉപയോഗിക്കപ്പെടാറുണ്ടെങ്കിലും ബുദ്ധനെ മാത്രമല്ല, ബുദ്ധധർമ്മം പഠിപ്പിക്കുന്ന  ബോധിസത്ത്വന്മാരെയും മഹാസിദ്ധന്മാരെയും ശാസ്താ എന്ന് വിളിക്കാറുണ്ട്. അയ്യപ്പൻ ഇരിക്കുന്ന ആസനവും ധ്യാനപ്പട്ടയും പരിഗണിക്കുമ്പോൾ, അത് ഒരു ബുദ്ധവിഗ്രഹമാകാൻ തരമില്ല. എന്നാൽ  ബൗദ്ധമാർഗ്ഗമായ വജ്രയാനത്തിലെ മഹാസിദ്ധന്മാർക്ക്, പ്രത്യേകിച്ചും, പരമബുദ്ധൻ സ്വീകരിച്ച ‘ശമന’മാർഗ്ഗം അനുഷ്ഠിക്കുന്നവർക്ക് ഇത്തരം ആസനരീതിയുണ്ട്. അതിനാൽ, പരമബുദ്ധനെ ശമനമാർഗ്ഗം പഠിപ്പിച്ച മഹാസിദ്ധനാകാം അയ്യപ്പൻ. ശബരിമലയിലെ യോദ്ധാവായ അയ്യപ്പൻ പിൽക്കാലത്ത് അവിടെ തപസ്സനുഷ്ഠിച്ചെന്ന് പറയപ്പെടുന്നുണ്ടല്ലോ. അദ്ദേഹം തന്നെയാകാം മഹായോഗിയായി മാറിയത്. സ്ഥലം, കാലഘട്ടം, ആസനം, പേര്, കുലം, എന്നിവയിലെ സമാനതകൾ  അയ്യപ്പനും പരമബുദ്ധന്റെ ഗുരു ആര്യാദേവനും (അയ്യദേവൻ) ഒരേ വ്യക്തിയാണ് എന്ന സാധ്യത ശക്തമാക്കുന്നു.

ബൗദ്ധരും അയ്യപ്പവിശ്വാസികളും തമ്മിൽ ശരണം വിളിയിലുള്ള സമാനത വളരെയേറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടല്ലോ. എന്നാൽ പൊതുവെ ബൗദ്ധമാർഗത്തിൽ പ്രചാരത്തിലുള്ളത് ത്രിശരണമാണ് – അതായത് ത്രിരത്നങ്ങളിലുള്ള ശരണം, “ബുദ്ധം ശരണം ഗച്ഛാമി, ധർമ്മം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി”. വജ്രയാന സമ്പ്രദായത്തിൽ ഗുരുവിനെ ത്രിരത്നങ്ങളുടെയും സമന്വയമായി കാണാറുണ്ട്.  അതായത്, ബോധോദയം നേടിയ ഗുരുവിന്റെ ബോധമണ്ഡലത്തെ ജീവിച്ചിരിക്കുന്ന ബുദ്ധനായും, ഗുരുവിന്റെ വചനങ്ങളെ ധർമ്മമായും, ഗുരുവിന്റെ ഭൗതിക ശരീരത്തെ ആര്യസംഘമായും കണക്കാക്കുന്നു. ആ രീതിയിൽ ത്രിശരണവും സമന്വയിപ്പിച്ച് ഗുരുവിലേക്ക് ശരണം തേടാറുണ്ട്.

പരമബുദ്ധനെ ചിത്രീകരിക്കുന്ന രീതി (iconography)

paramabuddha പരമബുദ്ധൻ

Paramabuddha,( Picture courtesy: Himalayan Art Resources) പരമബുദ്ധൻ – ശമനധ്യാന രീതിയിലുള്ള രൂപം ഒരു പുരാതന ഗ്രന്ഥത്താളിൽ നിന്ന്

പരമബുദ്ധനെ ചിത്രീകരിക്കുന്ന പല ആസനരീതികളുണ്ട്. അതിൽ ഏറ്റവും പ്രചാരം ധ്യാനപ്പട്ട ധരിച്ച യോഗിയുടെ രൂപത്തിനാണ്. അതിൽ തന്നെ, രണ്ടു തരം അംഗവിന്യാസരീതികളാണ് പരമബുദ്ധന് ഏറ്റവും പ്രശസ്തം. 

ഒന്ന്,  പാദങ്ങൾ നിലത്തൂന്നി, കാൽമുട്ടുകൾ രണ്ടും ഉയർത്തി ധ്യാനപ്പട്ടയിട്ട് സ്ഥിരപ്പെടുത്തിയ രീതിയിലാണ്. ശമന സമ്പ്രദായത്തിൽ ധ്യാനത്തിന് ഉപയോഗിക്കുന്ന ഒരു പ്രധാന ആസനമാണ് ഇത്. ഈ ആസനത്തിൽ പരമബുദ്ധനെ ചിത്രീകരിക്കുമ്പോൾ രണ്ടു കൈകളും പൊതുവെ ത്രിരത്നമുദ്രയിലായിരിക്കും (ബുദ്ധൻ, ധർമ്മം, സംഘം എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ശരണമുദ്രയാണിത്). അദ്ധ്യയനം നൽകുന്നതിന്റെ പ്രതീകമായ വിതർക്കമുദ്രയും ഇത് തന്നെ. ഈ രൂപത്തിന് ശബരിമലയിലെ അയ്യപ്പവിഗ്രഹത്തോടുള്ള സാദൃശ്യവും വ്യക്തമാണല്ലോ.

paramabuddha പരമബുദ്ധൻ
Paramabuddha
പരമബുദ്ധൻ – ച്യോ അനുഷ്ഠാനത്തിന്റെ രൂപം (picture courtesy Way of Bodhi)

പരമബുദ്ധന്റെ രണ്ടാമത്തെ രൂപം, ഒരു കാൽ  മടക്കിവച്ചും ഒരു കാൽ  ഉയർത്തിയും ധ്യാനപ്പട്ടയിട്ട് സ്ഥിരപ്പെടുത്തിയ രാജലീലാസനമാണ്. ഈ ആസനത്തിൽ പരമബുദ്ധനെ ചിത്രീകരിക്കുമ്പോൾ കൈകളിൽ പലപ്പോഴും  ച്യോ (വിച്ഛേദം) അനുഷ്ഠാനത്തിൽ ഉപയോഗിക്കുന്ന വലിയ ഡമരുവും കുഴൽവാദ്യവുമുണ്ടാകാറുണ്ട്. രാജലീലാസനം ബോധിസത്ത്വന്മാർക്കും മറ്റ് മഹാസിദ്ധന്മാർക്കും പതിവുള്ളതാണ്. എന്നാൽ ശമനമാർഗ്ഗത്തിലെ ആസനം പൊതുവെ പരമബുദ്ധന്റെ സമ്പ്രദായത്തിലേ പതിവുള്ളൂ.

Yogi Varkala

A Siddha statue from Varkala. Currently in Napier Museum, Trivandrum.

വർക്കലയിൽ നിന്ന് ലഭിച്ച വിഗ്രഹം. ഇപ്പോൾ തിരുവനന്തപുരം നേപ്പിയർ മ്യൂസിയത്തിലാണ്. ഇത് അഗസ്ത്യമുനിയുടേതാണെന്നാണ് ഇപ്പോൾ പുരാവസ്തുവകുപ്പ് കണക്കാക്കുന്നത്. എന്നാൽ അഗസ്ത്യമുനിയെക്കാൾ പരമബുദ്ധനോടാണ് സാമ്യം. അയ്യപ്പന്റെയും പരമബുദ്ധന്റേയും പരമ്പരയിൽ വരുന്ന ഒരു സിദ്ധന്റേതാകാം.

അയ്യമുനിയും ഗുരു ആര്യദേവനും ഒരേ വ്യക്തിയാണോ?

തിബറ്റൻ ജീവചരിത്രത്തിൽ അയ്യപ്പന്റെ പേര് രണ്ടു തരത്തിൽ ഉണ്ടെന്ന് പ്രതിപാദിച്ചല്ലോ. ഒന്ന്, ‘ഡ്രാങ്സോങ് അര്യ’യുടെ (അര്യമുനി  /  അയ്യമുനിയുടെ) കാട്,  രണ്ട്, ഗുരു ‘ആര്യദേവൻ’. സ്വാഭാവികമായും ഉദിക്കുന്ന ഒരു ചോദ്യം, ഇത് രണ്ടും ഒരേ വ്യക്തിയെക്കുറിച്ചുള്ള വിവരണമാണെങ്കിൽ എന്തുകൊണ്ട് രണ്ട് പേരുകൾ ഉപയോഗിച്ചു എന്നതാണ്. ആ സംശയം പൂർണമായി തള്ളിക്കളയാൻ തെളിവുകളില്ല. പക്ഷെ, ആര്യദേവൻ എന്നതാണ് സംസ്കൃതീകരിച്ച ഔപചാരിക നാമമെങ്കിൽ, അത് തദ്ദേശീയവാസികൾക്ക് അയ്യദേവനും ബഹുമാനപുരസ്സരം മുനി എന്ന് വിളിക്കുമ്പോൾ അയ്യാമുനിയും ആകാം. ജന്മദേശം വിവരിക്കുമ്പോൾ പരമബുദ്ധൻ തന്നെയാകാം തന്റെ തിബറ്റൻ ശിഷ്യരോട്  ആ നാട് ആരുടെ പേരിലാണ് അറിയപ്പെടുന്നത് എന്ന് പറഞ്ഞത്. അപ്പോൾ, സ്വാഭാവികമായും നാട്ടുകാർ അറിയുന്ന പേരായിരിക്കും ഉപയോഗിച്ചത്. പക്ഷെ, ഗുരുവിനെ കുറിച്ച് ഗുരുവന്ദനത്തിന്റെ ഭാഗമായി പറയുമ്പോൾ സംസ്കൃതീകരിച്ച ഔപചാരികനാമമാകും ഉപയോഗിക്കുക.

ആര്യദേവനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ

പരമബുദ്ധന്റെ ഗുരുവായ ആര്യദേവനെ (അയ്യപ്പനെ) കുറിച്ച് തിബറ്റൻ സ്രോതസ്സുകളിൽ ഉള്ള വിവരങ്ങൾ പരിമിതമാണ്. അവ, 

  1. അയ്യമുനിയുയുടെ (അയ്യപ്പന്റെ) വനം പൊതലയ്ക്ക് വടക്കും കൊങ്ങുനാടിന് തെക്കുമായി കേരളത്തിലുണ്ട്, 
  2. മഹായോഗി ആര്യദേവൻ (അയ്യപ്പൻ) പരമബുദ്ധന്റെ ഗുരുവും അമ്മാവനുമായിരുന്നു, 
  3. പരമബുദ്ധന്റെ ഗുരുവായ ആര്യദേവൻ (അയ്യപ്പൻ) രചിച്ച ഒരു മഹായാനബൗദ്ധകൃതി പരമബുദ്ധൻ തിബറ്റൻ ഭാഷയിൽ വിവർത്തനം ചെയ്ത് പഠിപ്പിച്ചിട്ടുണ്ട്,
  4. മഹാസിദ്ധ ശരാഹൻ,  യോഗിനി സുഖസിദ്ധി എന്നിവർ ആര്യദേവന്റെ പ്രധാന ഗുരുക്കളായിരുന്നു. 

പരമബുദ്ധനും അമ്മാവനായ ഗുരു ആര്യദേവനും വ്യക്തമായും ദ്രാവിഡകുടുംബത്തിൽ നിന്നാണ്. പരമബുദ്ധന്റെ ദ്രവീഡീയരൂപത്തിൽ നിന്നും അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ തൊഴിലിൽ നിന്നും അത് വ്യക്തമാണ്.

തിബറ്റിലേക്കുള്ള യാത്ര

paramabuddha പരമബുദ്ധൻ
Paramabuddha statue in the ancient Kumbum Monastery, Tibet
പരമബുദ്ധന്റെ വിഗ്രഹം പുരാതനമായ കുംബും ബൗദ്ധവിഹാരത്തിൽ നിന്ന് (ടിബറ്റ്)

തന്റെ പഠനത്തിന് ശേഷം വർഷങ്ങളോളം പരമബുദ്ധൻ ഇന്ത്യയിൽ പലയിടങ്ങളിലായി ധ്യാനത്തിൽ മുഴുകി. പിന്നീട്, ഒരു അവധൂതനായി, മുഷിഞ്ഞ വേഷത്തിൽ, അലക്ഷ്യമായി അലഞ്ഞുതിരിഞ്ഞു. ധ്യാനത്തിലൂടെ തന്റെ ഉള്ളിൽ ഉണർന്ന ബോധം ഏത് വിഷമഘട്ടത്തിലും അണയാതെ ഉറച്ചതാകാനാണിത്. സഹജമായ കരുണാപ്രവാഹത്തിൽ സ്ഥിതനാകാനും ഇത് ഉപകരിക്കും. അങ്ങനെ ജ്ഞാനത്തിന്റെ പ്രകാശവും കരുണയുടെ പ്രവാഹവും അവിരാമമായിത്തീരുമ്പോഴാണ് മഹാസിദ്ധനാകുന്നത്.

ഒരിക്കൽ. പരമബുദ്ധൻ പൊതല മലയിൽ (അഗസ്ത്യകൂടത്തിൽ) ധ്യാനിക്കവേ, മഹാകാരുണികനായ അവലോകിതേശ്വരന്റെ ദർശനമുണ്ടായി. ഹിമാലയത്തിലെ മഞ്ഞുമലകളിൾ പോയി അവിടുള്ളവർക്ക് ധർമ്മോപദേശം നൽകാൻ ലോകേശ്വരൻ അദ്ദേഹത്തോട് നിർദ്ദേശിച്ചു. പിന്നീട്, ഗുരുവായ ആര്യദേവനിൽ (അയ്യപ്പൻ) നിന്നും ഇതേ നിർദ്ദേശം ലഭിച്ചു. അങ്ങനെയാണ് അദ്ദേഹം തിബറ്റിലേക്ക് പോയത്.  

യോഗിയായ പരമബുദ്ധൻ തിബറ്റിലെ കൊടും തണുപ്പിലും ഒരു മുണ്ട് മാത്രമുടുത്താണ് നടന്നിരുന്നത്. പ്രതീകാത്മകമായ ആംഗ്യങ്ങളും ചുരുങ്ങിയ വാക്കുകളും വഴി മാർഗ്ഗോപദേശം നൽകുന്ന രീതിയാണ് അദ്ദേഹം മുഖ്യമായും സ്വീകരിച്ചത്. അനുഷ്ഠാനങ്ങൾക്ക് നാടൻ താളങ്ങളും മറ്റുമാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. തിബറ്റിൽ അവരുടേതായ നാടൻ രീതികളുമായി ചേരുന്ന വ്യതിയാനങ്ങളും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. 

തിബറ്റൻ ജനതയെ സംബന്ധിച്ചിടത്തോളം കറുത്ത് പൊക്കം കുറഞ്ഞ ആകാരമായിരുന്നു ദ്രാവിഡനായ പരമബുദ്ധന്റേത്. ഉത്തരേന്ത്യയിൽ നിന്ന് തിബറ്റിലെത്തിയ മറ്റ് ഇന്ത്യൻ മഹാസിദ്ധന്മാരെ അപേക്ഷിച്ചുള്ള ഈ വ്യത്യാസം തിബറ്റിൽ പരമബുദ്ധനെ (ചൈനയിൽ ബോധിധർമ്മനെയും) ചിത്രീകരിക്കുന്നതിൽ കാണാം.  തിബറ്റൻ സൗന്ദര്യസങ്കല്പത്തിന് ചേർന്നുപോകുന്ന ആകാരമല്ലെങ്കിലും ബോധോദയത്തിൽ ബുദ്ധന് തുല്യനാണ് കേരളത്തിൽ നിന്നെത്തിയ ഈ ഗുരു എന്ന് അവർ കണക്കാക്കി. അങ്ങനെയാണ് അജിതനാഥൻ എന്ന ഈ യോഗിയെ അവർ ‘പാ ദംപ സാംഗ്യേ’  (പിതൃതുല്യനായ പരമ ബുദ്ധൻ) എന്ന് വിളിച്ചത്. അവർ അദ്ദേഹത്തെ ഗുരുവായി സ്വീകരിച്ച് സ്വന്തം ശിരസ്സിനുമേൽ സങ്കല്പിച്ച് നമിച്ച് ശരണം പ്രാപിച്ചു.

പ്രധാന ശിഷ്യ

പരമബുദ്ധന്റെ ശിഷ്യരിൽ പ്രധാനി  മാച്ചിഗ് ലാബ്ഡ്രോൺ എന്ന തിബറ്റൻ യോഗിനിയായിരുന്നു. അദ്ദേഹത്തിന്റെ പാഠങ്ങൾ ഏറ്റവും പ്രചരിപ്പിക്കപ്പെട്ടത് മാച്ചിഗിന്റെ ശിഷ്യപരമ്പരയിലൂടെയാണ്. ശമനസമ്പ്രദായം ഇന്ന് അത്ര പ്രചാരത്തിലില്ല. എന്നാൽ യോഗിനി മാച്ചിഗ് ലാബ്ഡ്രോൺ പ്രചരിപ്പിച്ച ച്യോ സമ്പ്രദായം ഇന്നും വളരെ പ്രചാരത്തിലുണ്ട്.  

പരമബുദ്ധന്റെ ഗുരുവായ ആര്യദേവന്റെ (അയ്യപ്പന്റെ) കൃതിയിൽ തന്നെ ച്യോ സമ്പ്രദായത്തിന്റെ ഒരു പ്രാഥമിക രൂപം കാണാം. പ്രജ്ഞാപാരമിതാ സൂത്രങ്ങളാണ് ആ കൃതിക്ക് ആധാരം എന്ന് ആര്യദേവൻ തന്നെ പ്രതിപാദിക്കുന്നുണ്ട്. പിന്നീട്, യോഗിനി മാച്ചിഗ് അത് വികസിപ്പിച്ച് തിബറ്റൻ നാടൻ താളങ്ങളും മറ്റുമായി തിബറ്റിൽ വളരെ പ്രശസ്തമായ സമ്പ്രദായമാക്കി മാറ്റി. വിഹാരങ്ങളിൽ കഴിയുന്ന ഭിക്ഷു ഭിക്ഷുണിമാരും ച്യോ അഭ്യസിക്കാറുണ്ടെങ്കിലും ഗ്രാമങ്ങളിലും മലമുകളിലും മറ്റും കഴിയുന്ന യോഗിമാരുടെ ഇടയിലാണ് ച്യോ സമ്പ്രദായത്തിന് ഏറ്റവും പ്രചാരം സിദ്ധിച്ചത്. പുള്ളുവൻ പാട്ട് പോലുള്ള ദ്രവീഡിയൻ ശൈലികളുമായി ച്യോ അനുഷ്ഠാനത്തിന്റെ ശൈലിക്ക് സാമ്യമുണ്ട്.

പരമബുദ്ധന്റെ മാർഗ്ഗം 

paramabuddha പരമബുദ്ധൻ
പരമബുദ്ധൻ – ലഡാക്കിലെ ചിത്രത്തിൽ (താങ്ഖ) നിന്ന്
Paramabuddha – A Tanka picture from a monastery in Ladakh

തന്റെ ഗുരുവായ അയ്യപ്പന്റെ ഉപദേശങ്ങളുടെ സാരാംശം പരമബുദ്ധൻ ശിഷ്യയായ യോഗിനി മാച്ചിഗിന് പകർന്നുകൊടുത്തത് ഇങ്ങനെയായിരുന്നു:

“തിന്മകളിൽ നിന്ന് പിൻതിരിയൂ.
പ്രതിബന്ധങ്ങളെ ഉന്മൂലനം ചെയ്യൂ.
എന്ത് അസാധ്യമെന്ന് തോന്നുന്നുവോ അത് വളർത്തിയെടുക്കൂ.
കുരുക്കുകളെല്ലാം വിച്ഛേദിക്കൂ.
വികാരങ്ങളെ തിരിച്ചറിയൂ.
ഭയാനകമായ ഇടങ്ങളിലൂടെ ഏകാന്തയായി അലഞ്ഞുതിരിയൂ.
സർവ്വചരങ്ങളും ആകാശം പോലെ ശൂന്യമെന്ന് അറിയൂ.
വനാന്തരങ്ങളിൽ അലയവേ നിന്നിലെ ബുദ്ധനെ തിരയൂ.
അപ്പോൾ, നിന്റെ പ്രബോധനങ്ങൾ –
മേഘങ്ങളൊഴിഞ്ഞ ആകാശത്തെ സൂര്യനെന്നപോലെ പ്രശോഭിതമാകും.”

ധ്യാനത്തിലൂടെ നേടിയ മനസ്സിന്റെ വിശാലതയുമായി, കഠിനമായ വഴികളിലൂടെ അലഞ്ഞ്, അസഹ്യമായതെന്തോ അതിന്റെ അസഹ്യതയെ തരണം ചെയ്യുന്ന മാർഗ്ഗമാണ്  ശമനം. ഭയപ്പെടുത്തുന്നത് എന്തുതന്നെയായാലും അതിനെ ഒഴിവാക്കുന്നതിന് പകരം  സധൈര്യം അഭിമുഖീകരിച്ച്, ഭയത്തിന്റെ വേരുകൾ മനസ്സിൽ കണ്ടെത്തി ഉന്മൂലനം ചെയ്യുന്നതും ഈ മാർഗത്തിന്റെ പ്രത്യേകതയാണ്. മനസ്സ് ആകാശം പോലെ തുറന്നതാണെന്ന തിരിച്ചറിവിലൂടെയാണ് ഇത് പ്രാവർത്തികമാക്കാൻ സാധിക്കുക. അതിരുകളില്ലാത്ത ആകാശം പോലുള്ള മനസ്സിന് വേദനിക്കാനും വ്രണപ്പെടാനും ഇടയാക്കുന്ന തരത്തിലുള്ള ഘനീഭൂതമായ വരമ്പുകൾ ഉണ്ടാകില്ലല്ലോ. പ്രതിബന്ധമുണ്ടാക്കുന്നവരോടുപോലും സാധകൻ / സാധിക വളർത്തിയെടുക്കുന്ന മഹാകരുണയും ഏതു മഹായാന മാർഗ്ഗത്തിലെയും പോലെ ഈ മാർഗ്ഗത്തിലും പ്രധാനമാണ്. ബുദ്ധന്റെ പ്രജ്ഞാപാരമിതാ സൂത്രങ്ങൾ ഉപയോഗിച്ചാണ് പരമബുദ്ധൻ തന്റെ ശിഷ്യരെ മാർഗ്ഗത്തിലേക്ക് അഭിഷിക്തരാക്കിയിരുന്നത്.

ശമനത്തിന്റെ ഉപമാർഗ്ഗമായ ‘ച്യോ’യിൽ  (വിച്ഛേദം) സാധിക ചുടലക്കാടുകളിലൂടെ ഏകാന്തയായി സഞ്ചരിക്കുന്നു. ഉള്ളിൽ മഹാകരുണ നിറയുമ്പോഴും ബാഹ്യരൂപത്തിൽ ഡമരുവും ചുടലയിൽ നിന്നെടുത്ത എല്ലുകൊണ്ട് നിർമ്മിച്ച   കുഴൽവാദ്യവുമായി അറപ്പും ഭയവും വെടിഞ്ഞ് ആരിലും ഏതിലും ബുദ്ധത്വം ദർശിച്ച്  സമചിത്തതയോടെ അലഞ്ഞ് തിരിയുന്നു. രാത്രികാലങ്ങളിൽ ഭയപ്പെടുത്തുന്ന ഭൂതങ്ങളും പ്രേതങ്ങളും ഉണ്ടെന്ന് തോന്നുന്ന ചുടലകളിൽ മഹാകാരുണ്യം ഒഴുക്കി തന്റെ ശരീരം തന്നെ അവർ ഭക്ഷണമാക്കിക്കൊള്ളട്ടെ എന്ന് ചിന്തിക്കുന്നു. തന്റെ പ്രവൃത്തികളാൽ ഒരു ജീവിയെപ്പോലും ഹിംസിക്കില്ല എന്ന് മാത്രമല്ല, തന്റെ കാരുണ്യപ്രവാഹത്തിൽ അവരുടെ വേദനകളെ ശമിപ്പിക്കാനും അവർക്ക് വേണ്ടത് നിറവേറ്റിക്കൊടുക്കാനുമുള്ള മനോഭാവം സാധിക / സാധകൻ നിലനിർത്തുന്നു. ആ മഹാകാരുണ്യത്തിന്റെ പ്രകടനത്തിലൂടെ സകല പ്രകൃതിശക്തികളെയും ശമിപ്പിച്ച് സ്വരച്ചേർച്ചയിലാക്കുന്നു. സർവ്വ ഭൂതപ്രേതങ്ങളുടെയും സർവ്വചരങ്ങളുടെയും ശൂന്യത അനുഭവിച്ചറിഞ്ഞ്, അതിലൂടെ  ഭയത്തെയും സകല വികാരങ്ങളെയും തരണം ചെയ്‌ത്‌, തെളിഞ്ഞ ആകാശത്തിലെ സൂര്യനെന്ന പോലെ തന്റെ ബോധത്തെ പ്രതിബന്ധങ്ങളില്ലാത്ത തെളിമയിൽ എത്തിക്കുന്നു. പ്രജ്ഞാപാരമിതാ സൂത്രങ്ങളുടെ അർത്ഥം മനസ്സിലാക്കുമ്പോഴാണ് ഈ ശൂന്യതാദർശനം സാധ്യമാകുന്നത്.

ഭയത്തിന്റെ വേരുകൾ മാത്രമല്ല, ദ്വന്ദ്വങ്ങളിൽ വിഹരിക്കുന്ന സാംസാരികമനസ്സുതന്നെ  ഇത്തരത്തിൽ വിച്ഛേദിക്കപ്പെടുന്നു. (മുന്നറിയിപ്പ്: ഗുരുവിന്റെ ശിക്ഷണത്തിൽ ദീർഘകാലം പരിശീലനം നേടിയിട്ടാണ് ഒരു സാധകൻ ഇത് ചെയ്യുന്നത്. പലവിധ പ്രാഥമിക പരിശീലനങ്ങൾ വഴി പുരോഗമിച്ചതിന് ശേഷമാണ് ഇത്തരം പരിശീലനങ്ങൾ. അല്ലെങ്കിൽ പെട്ടെന്നുള്ള ഭയപ്പാടുകൾ മനോനിലത്തന്നെ തെറ്റിക്കാം. അതിനാൽ ഇത് സ്വയം പരീക്ഷിക്കരുത്.)

ഉപസംഹാരം

പരമബുദ്ധന്റെ ജീവചരിത്രത്തോടൊപ്പം  11-ആം നൂറ്റാണ്ടിലെ കേരളത്തെ സംബന്ധിക്കുന്ന ചരിത്രപരമായ ചില വസ്തുതകളും രണ്ട് സാധ്യതകളും  ഈ ലേഖനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

വസ്തുതകൾ

1. അവലോകിതേശ്വരന്റെ പുണ്യസ്ഥലമായ പൊതലയ്ക്കും (അഗസ്ത്യകൂടം) താരയുടെ  കൊങ്ങുനാട്ടിലുള്ള  പുണ്യസ്ഥലത്തിനും ഇടയ്ക്ക് അയ്യമുനിയുടെ പുണ്യസ്ഥലം എന്ന് അറിയപ്പെടുന്ന ഒരു കാട് കേരളത്തിൽ ഉണ്ടായിരുന്നു.

2. അയ്യമുനിയുടെ കാടുള്ള പ്രദേശത്ത് അന്ന് മഹായാനം വ്യാപകമായിരുന്നു.

3. ലോകപ്രശസ്ത ബൗദ്ധമഹാസിദ്ധനായ പരമബുദ്ധൻ കേരളത്തിൽ നിന്നാണ്.

4. പരമബുദ്ധൻ അയ്യമുനിയുടെ കാടിനടുത്ത് ഒരു ദ്രാവിഡ കുടുംബത്തിലാണ് ജാതനായത്.

5. പരമബുദ്ധന്റെ പ്രധാന ഗുരു അദ്ദേഹത്തിന്റെ അമ്മാവനും  ബൗദ്ധമഹാസിദ്ധനുമായ ആര്യദേവൻ ആയിരുന്നു.

സാധ്യതകൾ

1. ‘അയ്യമുനിയുടെ കാട്’ എന്നത് അയ്യപ്പന്റെ ശബരിമലയെ കുറിച്ചുള്ള പ്രതിപാദ്യമാകാം.

2. പരമബുദ്ധന്റെ അമ്മാവനും ഗുരുവുമായ ആര്യദേവൻ അയ്യപ്പൻ തന്നെയാകാം..

ഈ വസ്തുതകളെയും സാധ്യതകളെയും ചരിത്രപരമായ ഒരന്വേഷണത്തിന്റെ ഭാഗമായി കണ്ടാൽ മതി. സ്ഥലങ്ങളോടോ വിഗ്രഹങ്ങളോടോ ഉള്ള അവകാശവാദങ്ങൾക്ക് ബൗദ്ധമാർഗ്ഗത്തിൽ പ്രസക്തിയില്ല. അത്തരം വൈകാരികതകൾ ബുദ്ധന്റെ മാർഗ്ഗമല്ല. പക്ഷെ ഇത്തരം ചരിത്രം അറിയുന്നത് നല്ലതാണ്. ചരിത്രപരമായി ബൗദ്ധദർശനത്തിനും ബൗദ്ധമാർഗത്തിനും കേരളത്തിൽ ഉണ്ടായിരുന്ന പ്രസക്തിയും, അത് സംസ്കാരത്തിലും മറ്റ്  സമ്പ്രദായങ്ങളിലും ചെലുത്തിയ സ്വാധീനവും, ബൗദ്ധമാർഗ്ഗം തന്നെ പ്രാദേശിക സംസ്കാരം ഉൾകൊണ്ട് പുതിയ സമ്പ്രദായങ്ങളിലൂടെ ഉരുത്തിരിയുന്ന കാഴ്ചയും വളരെ മൂല്യവത്തായ പാഠങ്ങൾ ആണ്. പാരമ്പര്യങ്ങളോടും സമ്പ്രദായങ്ങളോടും ഉള്ള അമിതാസക്തി ഒഴിവാക്കി, ബഹുസ്വരമായി ചിന്തിക്കുന്നതിനും, ഭൂതകാലത്തിൽ കുടുങ്ങിക്കിടക്കാതെ യുക്തിപൂർവ്വമായി മുന്നോട്ട് പോകുന്നതിനും ഇത്തരം ചരിത്ര അപഗ്രഥനങ്ങൾ ഉപയോഗപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

– യോഗി പ്രബോധ & യോഗിനി അഭയദേവി  (Yogi Prabodha Jnana & Yogini Abhaya Devi)

Leave a Reply

Your email address will not be published. Required fields are marked *