കേരള ചരിത്രത്തിലെ ബൗദ്ധ ഏടുകൾ

 
The History of Buddhism in Kerala

BCE 3 -ആം നൂറ്റാണ്ട് മുതൽ CE 12 -ആം നൂറ്റാണ്ടു വരെ ബൗദ്ധമാർഗ്ഗം കേരളത്തിൽ നിലനിന്നിരുന്നതിനും, കേരളീയ സംസ്കാരത്തിൽ ബൗദ്ധദർശനം ശക്തമായ സ്വാധീനം ചെലുത്തിയിരുന്നതിനും തെളിവുകളുണ്ട്. കേരളത്തിന്റെ സംസ്കാരത്തിൽ ബൗദ്ധമാർഗ്ഗം ചെലുത്തിയ സ്വാധീനം ഇന്നും ദൃശ്യമാണ്. ബൗദ്ധ സന്ദേശങ്ങൾ ശ്രീലങ്കയിലും ചൈനയിലും മറ്റും വ്യാപിപ്പിക്കുന്നതിൽ കേരളത്തിൽ നിന്നുള്ള പണ്ഡിതന്മാർ പങ്കു വഹിച്ചിട്ടുണ്ട്. എന്നിട്ടും കേരളത്തിൽ പലരും തെറ്റിദ്ധരിക്കുന്നത്, ബുദ്ധിസം നമുക്ക് അന്യമായതും വൈദേശികവും ആണെന്നും,  ബുദ്ധിസം ഇവിടെ വന്നത് ചൈനയിൽ നിന്നോ ശ്രീലങ്കയിൽ നിന്നോ ഉള്ള ഒരു ഇറക്കുമതിയായിട്ടാണ് എന്നും ആണ്.

അശോകചക്രവർത്തിയുടെ കാലത്തുതന്നെ (BCE 3 -ആം നൂറ്റാണ്ടിൽ) കേരളത്തിൽ ബുദ്ധദർശനം എത്തിയിരുന്നു. “കേരളപുത്തോ” (കേരളപുത്രർ) എന്നാണ് അശോകന്റെ ശിലാ ലിഖിതങ്ങളിൽ ഈ ദേശവാസികളെ കുറിച്ച് പരാമർശിക്കുന്നത്. ബ്രാഹ്മണമതം കേരളത്തിൽ വേരുറപ്പിക്കുന്നതിന് മുമ്പ് തന്നെ ബൗദ്ധം, ജൈനം തുടങ്ങിയ ചിന്താധാരകൾ കേരളത്തിൽ വ്യാപിച്ചിരുന്നു എന്ന് ചരിത്രരേഖകളിൽ നിന്ന് വ്യക്തമാണ്. CE 2 -ആം നൂറ്റാണ്ടിൽ മണിമേഖലൈ എന്ന സംഘകാലകാവ്യപ്രകാരം, അക്കാലത്ത് ബൗദ്ധം, നിർഗ്രന്ഥം (ജൈനം), ആജീവികം, വേദവാദം, മീമാംസ, ശൈവവാദം, വൈഷ്ണവവാദം, സാംഖ്യം, വൈശേഷികം, ഭൂതവാദം (ചാർവാകം) തുടങ്ങി പല ചിന്താധാരകളും വഞ്ചിനാട്ടിലെ സർവകലാശാലകളിൽ പാഠ്യവിഷയമായിരുന്നു. വഞ്ചിനാട്ടിലെ ഒരു ബൗദ്ധസ്തൂപത്തെക്കുറിച്ചും മണിമേഖലയിൽ പ്രതിപാദിക്കുന്നുണ്ട്.

ബൗദ്ധദാർശനിക പാരമ്പര്യത്തിലെ വിശ്വവിഖ്യാതരായ ചില പണ്ഡിതരും യോഗികളും കേരളത്തിൽ നിന്നാണെന്നത് ഇപ്പോൾ പൊതുസമൂഹവും ചരിത്രകാരന്മാർ പോലും അറിയാതെ പോകുന്നു. ഇവരുടെ ദർശനങ്ങളും മാർഗ്ഗങ്ങളും പിൽക്കാലത്തു ചൈനയിലും ജപ്പാനിലും മറ്റും പ്രചാരത്തിൽ വന്നു. എന്നിട്ടും കേരളത്തിൽ പലരും തെറ്റിദ്ധരിക്കുന്നത് ബുദ്ധിസം കേരളത്തിൽ വന്നത് ചൈനയിൽ നിന്നോ ശ്രീലങ്കയിൽ നിന്നോ ഉള്ള ഒരു ഇറക്കുമതിയായിട്ടാണ്.

കേരളത്തിൽ നിന്നുള്ള ആചാര്യ ഭാവവിവേകൻ, ടിബറ്റിലെ ബുദ്ധവിഹാരത്തിൽ നിന്നുള്ള ഒരു പ്രതിമ

CE 6 -ആം നൂറ്റാണ്ടിൽ കേരളത്തിൽ നിന്നുള്ള ആചാര്യ ഭാവവിവേകൻ വിശ്വവിഖാതനായ ബൗദ്ധതത്വചിന്തകനായിരുന്നു. ബൗദ്ധ മഹാചാര്യനായിരുന്ന നാഗാർജുനന്റെ പരമ്പരയിൽ പെടുന്ന ഭാവവിവേകന്റെ തത്വചിന്ത സ്വാതന്ത്രികമദ്ധ്യമകം എന്ന പേരിൽ പ്രഖ്യാതമാണ്. ബ്രഹ്മവാദത്തിൽ അധിഷ്ഠിതമായ ഗൗഡപാദന്റെ അജാതിവാദത്തെക്കാൾ ശൂന്യതാവാദത്തിൽ അധിഷ്ഠിതമായ നാഗാർജുനന്റെ മായാവാദം എങ്ങനെ ശ്രേഷ്ടമാകുന്നു എന്ന് അദ്ദേഹം തന്റെ മദ്ധ്യമകാ-ഹൃദയ-കാരിക എന്ന കൃതിയിൽ സ്ഥാപിച്ചിട്ടുണ്ട്. ഭാവവിവേകനിൽ തുടങ്ങുന്ന സ്വാതന്ത്രികമദ്ധ്യമകവും ചന്ദ്രകീർത്തിയുടെ പ്രാസംഗികമദ്ധ്യമകവും തമ്മിലുള്ള വാദപ്രതിവാദങ്ങളാണ് ബൗദ്ധതത്വചിന്താശ്രേണിയിൽ നൂറ്റാണ്ടുകളോളം നീണ്ടുനിന്ന ഒരു സംവാദ വിഷയം.

 

പശ്ചിമ ഘട്ടത്തിന്റെ തെക്കോട്ടുള്ള ഭാഗമായ മലയഗിരി പുരാതന കാലം മുതൽ ബൗദ്ധയോഗികൾ ധ്യാനത്തിന് തിരഞ്ഞെടുത്തിരുന്ന ഒരു സ്ഥലമാണ്. ഈ മലനിരകളുടെ തന്നെ ഭാഗമാണ് തമിഴർ പൊതികൈ / പൊതിയിൽ എന്ന് വിളിക്കുന്ന അഗസ്ത്യകൂടം. പൊതികൈ ആണ് അവലോകിതേശ്വരന്റെ പുണ്യ സ്ഥലമായ പൊതാലക എന്ന് ഹുയാങ് സാങ് എന്ന CE 7 -ആം നൂറ്റാണ്ടിലെ ചൈനീസ് ഭിക്ഷു അദ്ദേഹത്തിന്റെ വിഖ്യാതമായ യാത്രാവിവരണഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. പ്രജ്ഞാപാരമിതാ സൂത്രത്തിന്റെ നേപ്പാളിൽ നിന്നും ലഭിച്ച CE 11 -ആം നൂറ്റാണ്ടിലെ താളിയോല ഗ്രന്ഥത്തിൽ, “ശ്രീ പൊതാലകെ ലോകനാഥ” എന്നും “ശ്രീ പൊതാലകെ താര” എന്നും “ശ്രീ പൊതാലകെ ഭൃകുടി”എന്നും അടിക്കുറിപ്പോടു കൂടിയ ചിത്രങ്ങൾ കാണാം. ഇതിൽ നിന്നും ഈ സ്ഥലത്തു വിഖ്യാതമായ ചില മഹായാന ക്ഷേത്രങ്ങൾ (അഥവാ പീഠങ്ങൾ) ഉണ്ടായിരുന്നതായി അനുമാനിക്കാം. (ക്ഷേത്രം എന്ന പദം field എന്ന അർത്ഥത്തിൽ ബുദ്ധ-ക്ഷേത്രം, പുണ്യ-ക്ഷേത്രം എന്നിങ്ങനെ ബൗദ്ധകൃതികളിൽ ഉപയോഗിക്കാറുണ്ട്.)

View of Mount Potalaka (Potikai/ Agasthyakoodam) from Trivandrum
അവലോകിതേശ്വരന്റെ പൊതാലക പർവതം (പൊതിയിൽ/ പൊതികെ/ അഗസ്ത്യകൂടം) – തിരുവനന്തപുരത്തു നിന്നുള്ള ദൃശ്യം
വജ്രബോധി  (picture courtesy chinese buddhist encyclopedia)

ജപ്പാനിലും ചൈനയിലും വിഖ്യാതനായ CE 7 -ആം നൂറ്റാണ്ടിലെ ബൗദ്ധയോഗി വജ്രബോധിയും കേരളത്തിൽ നിന്നായിരുന്നു. അദ്ദേഹവും ശിഷ്യനായ അമോഘവജ്രയും (ശ്രീലങ്ക) ആണ് ചൈനയിൽ താന്ത്രിക ബുദ്ധിസത്തിലെ യോഗതന്ത്രമാർഗ്ഗം സ്ഥാപിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത്. അദ്ദേഹം അന്നത്തെ ചൈനീസ് ചക്രവർത്തിയുടെ പ്രധാന ഗുരു ആയിരുന്നു. ഷിൻഗോൺ ബുദ്ധിസം എന്ന പേരിൽ ചൈനയിലും ജപ്പാനിലും പ്രചാരത്തിൽ ഉള്ളത് വജ്രബോധിയുടെ യോഗതന്ത്രത്തിന്റെ പിന്തുടർച്ചയാണ്.

CE 10  -ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശബരീശൻ (ശവരിപ/ ശബരിപാദ) എന്ന ബൗദ്ധ മഹാസിദ്ധന് ശബരിമലയുമായുള്ള ബന്ധത്തിന് തെളിവുകളുണ്ട്. അത് മറ്റൊരു പോസ്റ്റിൽ വിവരിക്കാം.

 

paramabuddha പരമബുദ്ധൻ
Paramabuddha image from a tibetan manuscript, Picture courtesy: Himalayan Art Resources

പരമബുദ്ധർ (CE 11 -ആം നൂറ്റാണ്ട്) എന്ന ബൗദ്ധ മഹാസിദ്ധൻ കേരളത്തിൽ നിന്നായിരുന്നു.  അദ്ദേഹമാണ് ടിബറ്റിൽ ശമനം (തിബറ്റനിൽ ‘ഷിജെ’) എന്ന മഹായാന സമ്പ്രദായം സ്ഥാപിച്ചത്. ടിബറ്റിലേക്കു ഇന്ത്യയിൽ നിന്നും പോയ എട്ടു പ്രധാന ബൗദ്ധസമ്പ്രദായങ്ങളിൽ ഒന്നാണ് ഇത്.  അജിതനാഥൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. തിബറ്റൻ ജനത അദ്ദേഹത്തെ ബഹുമാനപുരസ്സരം വിളിച്ച പേരാണ് പരമബുദ്ധൻ. തിബറ്റൻ ഭാഷയിലുള്ള പരമബുദ്ധന്റെ ജീവചരിത്രകൃതികൾ പരിശോധിക്കുമ്പോൾ ശബരിമലയിലെ അയ്യപ്പൻ പരമബുദ്ധന്റെ ഗുരുവും അമ്മാവനുമായ ബൗദ്ധമഹാസിദ്ധനായിരിക്കാൻ സാധ്യതയുണ്ട്. 

 

ശ്രീമൂലവാസം ചേപ്പേട്

Pointers to the history of buddhism in Kerala from the Srimoolavasam Copper Plates – ശ്രീമൂലവാസം എന്ന ഒരു വിഖ്യാതമായ മഹായാനബൗദ്ധവിഹാരം CE 11 -ആം നൂറ്റാണ്ടു വരെ കേരളത്തിലെ ചേര രാജ്യത്തിൽ (കുലശേഖരവംശം) നിലനിന്നതിനും തെളിവുകളുണ്ട്. ആയ് രാജാവായിരുന്ന (CE 9th – 10th നൂറ്റാണ്ട് ) വിക്രമാദിത്യ വരഗുണൻ ശ്രീമൂലവാസത്തിനു ഭൂദാനം കൊടുത്തതായുള്ള പരാമർശം പാലിയം ചേപ്പേടിൽ കാണാം. ഈ ചേപ്പേട് പ്രകാരം അദ്ദേഹം ശ്രീമൂലവസത്തെ ബുദ്ധനെയും ബോധിസത്ത്വ അവലോകതീശ്വരനെയും വന്ദിക്കുന്നതിങ്ങനെയാണ് –

ഓം സ്വസ്തി |
യഃ കല്യാണമയഃ സ്വയംവിതനുതേ യഃ കല്പകസ്യ സ്ഥിതിം
യസ്മാദഭ്യുദിതസ്തമാംസി ഹരതേ സദ്ധർമ്മഘർമദ്യുതിഃ |
യത്പാദാശ്രയിണേ ഭവന്തി സുഖിനസർവ്വേ ഗണഃപ്രാണിനാൻ –
ധേയാൻമേരുരിവാപരസ്ത്രിജഗതിം സർവ്വാം സ ശൗദ്ധോദനിഃ | |

ഓം സ്വസ്തി, ആരാണോ സ്വതേ മംഗളകാരനായ് വിഹരിക്കുന്നത്, ആരാണോ കല്പവൃക്ഷംപോൽ നിലകൊള്ളുന്നത്, ആരിൽനിന്നുണരുന്ന സദ്ധർമ്മത്തിന്റെ ഉജ്ജ്വലപ്രഭയാണോ അന്ധകാരത്തെ ഉന്മൂലനം ചെയ്യുന്നത്, ആരുടെ പാദങ്ങളെ ആശ്രയിച്ചാണോ സർവ്വവിധചരങ്ങളും സുഖത്തെ പ്രാപിക്കുന്നത്, ആ ശുദ്ധോധനപുത്രൻ (ശ്രീബുദ്ധൻ), മേരു പോലെ, ജഗത്രയത്തിലെ സർവ്വർക്കും തുണയാവട്ടെ!

ആത്മാകാരഗ്രഹണവിമുഖാവാഹൃതാപാങ്ഗലീലൗ
പ്രാപൗ നിത്യം ശ്രുതിമവിതൃഷാനേകരൂപാവബോധൗ |
ദേവ്യാ ഭൂമേന്നിഖില കുമതിവ്വാന്തരോധാന്വിതായാഃ
നേത്രായേതാം ജിതകുവലയൗ ധർമ്മസംഘൗ ചിരായ | |

ആത്മസങ്കല്പമെന്ന മിഥ്യാധാരണ വെടിഞ്ഞും, അശ്രദ്ധമായ കണ്ണോട്ടമില്ലാതെയും, ഔത്സുക്യത്തോടെ സദാ (ബൗദ്ധ) ശ്രുതിയെ പ്രാപിച്ചും, നാനാരൂപത്തിലെ അറിവ് ഉൾക്കൊണ്ടും നിലകൊള്ളുന്ന ധർമ്മവും സംഘവും, എന്നും, ബഹുവിധ മൂഢധാരണകളാൽ  ആലയം ചെയ്യപ്പെട്ട ഭൂമിദേവിക്ക് ആമ്പലിതളുകളെ വെല്ലുന്ന നേത്രങ്ങളാകട്ടെ!

നിഷ്യന്ദമാന കരുണാമൃതവാരിപൂരഃ
നിർധൗതനിർമലതരേവ വിരാജമാനാ |
ലക്ഷ്മീഞ്ചിരായ ഭജതാം അവലോകിതസ്യ
ദിശ്യാത്തു നഃ ശിശിരദീധിതിതുല്യകാന്തിഃ ||

അണപൊട്ടിയൊഴുകുന്ന കരുണാമൃതപ്രവാഹത്താൽ ശുദ്ധീകൃതനായി, നിർമ്മലനായി, വിരാജിതനായ (ബോധിസത്ത്വ) അവലോകിതന്റെ, ശിശിരനിലാവിനൊത്ത കാന്തി, നമുക്ക് ചിരകാലം ഐശ്വര്യമരുളട്ടെ!

കേരളത്തിലെ അവലോകിതേശ്വര വിഗ്രഹം

Pointers to History of Buddhism in Kerala, from Prajnaparamita manuscript – പ്രജ്ഞാപാരമിതാ സൂത്രത്തിന്റെ നേപ്പാളിൽ നിന്നും പതിനൊന്നാം നൂറ്റാണ്ടിൽ ലഭിച്ച ഒരു താളിയോല ഗ്രന്ഥത്തിൽ ഇന്ത്യയിലും പുറത്തുമുള്ള വിഖ്യാതമായ ബുദ്ധ / ബോധിസത്ത്വ ബിംബങ്ങളുടെ ചിത്രങ്ങൾ കൊടുത്തിരിക്കുന്നു. (ഈ ഗ്രന്ഥം ഇപ്പോൾ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ സൂക്ഷിച്ചിരിക്കുന്നു.) അതിൽ “ദക്ഷിണാപഥേ മൂലവാസ ലോകനാഥ” എന്ന അടികുറിപ്പോടു കൂടി ശ്രീമൂലവാസം വിഹാരത്തിൽ അന്നുണ്ടായിരുന്ന ബോധിസത്ത്വ അവലോകതീശ്വര വിഗ്രഹത്തിന്റെ മനോഹരമായ ചിത്രം കാണാം.

ശ്രീമൂലവാസം വിഹാരത്തിൽ ഉണ്ടായിരുന്ന ബോധിസത്ത്വ അവലോകതീശ്വര വിഗ്രഹത്തിന്റെ ചിത്രം.
(ചിത്രത്തിന് കടപ്പാട്: കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി)

മൂഷകവംശം മഹാകാവ്യം

Pointers to the history of Buddhism in Kerala from the epic MushakaVamsam – വടക്കൻ കേരളത്തിലെ പുരാതനമായ ഏഴിമലരാജ്യത്തെ രാജാവായിരുന്ന ശ്രീകണ്ഠന്റെ രാജസഭാംഗമായിരുന്ന അതുല കവി എഴുതിയ മൂഷകവംശം എന്ന മഹാകാവ്യത്തിൽ ബൗദ്ധവുമായി ബന്ധപ്പെട്ട പല പരാമർശങ്ങളും ഉണ്ട്. ശ്രീമൂലവാസമെന്ന ബുദ്ധവിഹാരത്തെ കുറിച്ചും രണ്ടു രാജാക്കന്മാരുമായി ബന്ധപ്പെടുത്തി അതിൽ പരാമർശിക്കുന്നു. വിക്രമരാമനെന്ന രാജാവ് (104th ) ഒരു വലിയ കടൽ ഭിത്തി കെട്ടി, ശ്രീമൂലവാസത്തെ കടലാക്രമണത്തിൽ നിന്നും രക്ഷിച്ചതായും പിന്നീട് വല്ലഭ II (114th ) എന്ന രാജാവ്, ചേര രാജാവിനെ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ തെക്കോട്ടു പോകുന്ന വഴിയിൽ ശ്രീമൂലവാസത്തെ അതികാരുണികനായ ബുദ്ധനെ വന്ദിക്കുന്നതായും അതിൽ പറയുന്നു –

പ്രഥിതമിഹ ജിനസ്യ ശ്രീനികേതം കദാചി-
ന്മുഷിത ജനവിപത്തേരാലയം മൂലവാസം |

ശ്രീമൂലവാസം എന്ന് വിഖ്യാതമായ, ജിനന്റെ (ശ്രീബുദ്ധന്റെ) ഈ ശ്രീനികേതം, ജനത്തെ എന്നും വിപത്തുകളിൽ നിന്ന് മുക്തമാക്കുന്ന അഭയസ്ഥാനമാണ്.

ഉപസൃത്യ നിത്യ സുസമൃദ്ധ –
വിഭവ ഗുരുധർമപാരഗം |
തത്ര സുഗതമതികാരുണികം
ശുചി മൂലവാസ ജുഷമഭ്യവന്ദത ||

ഗുരുധർമ്മോപദേശങ്ങളാൽ എന്നും സമൃദ്ധമായ ശുചി മൂലവാസത്തിൽ ചെന്ന് അവിടെ ശോഭിക്കുന്ന മഹാകാരുണികനായ സുഗതനെ (ശ്രീബുദ്ധനെ) വന്ദിച്ചു.

മൂഷകവംശത്തിലെ (49th ) രാജാവായിരുന്ന രാജവർമൻ, രാജാവിഹാരമെന്ന മനോഹരമായ ബൗദ്ധവിഹാരം നിർമിച്ചുവെന്നും അതിൽ പറയുന്നു.

മറ്റു ചില വിവരങ്ങൾ

പത്മനാഭപുരത്തിനു അടുത്തുള്ള മണലിക്കര മഠത്തിൽ നിന്നും കിട്ടിയ ആര്യമഞ്ജുശ്രീമൂലകൽപം എന്ന മഹായാന/ വജ്രയാന ബൗദ്ധ ഗ്രന്ഥത്തിന്റെ പകർപ്പും, മഹായാന ബുദ്ധിസത്തിന്റെ കേരളത്തിലെ സാന്നിധ്യത്തിലേക്ക് വിരൽ ചൂണ്ടുന്നു.

കേരളത്തിൽ മഹായാന ബുദ്ധിസത്തിന്റെ സാന്നിധ്യത്തിന്റെ മറ്റൊരു തെളിവാണ് ബീഹാറിലെ ഗയ്ക്കു അടുത്തുള്ള കുർകിഹാർ എന്ന സ്ഥലത്തെ ഒരു സ്‌തൂപയിൽ നിന്നും കിട്ടിയ ഒരു ശിലാലിഖിതം (CE 800 – 1000 ). ദക്ഷിണദേശത്തെ കേരളത്തിൽ നിന്നുള്ള “അഭയചന്ദ്ര മുനി” എന്നയാൾ “സുഗത ഗന്ധ കുടി” എന്ന ഈ ബുദ്ധ സ്‌തൂപം നിർമിച്ചതായി അതിൽ പറയുന്നു.

മറ്റൊരു പ്രധാന വിഷയം ധർമ്മശാസ്താവും ബൗദ്ധമാർഗവും തമ്മിലുള്ള ബന്ധം ആണ്. അനേകം പേർ ഇതിനോടകം ഈ വിഷയം പ്രതിപാദിച്ചിട്ടുണ്ടെന്നതിനാൽ ഇവിടെ വിസ്തരിക്കുന്നില്ല.  പ്രത്യേകം ഒരു ലേഖനത്തിൽ ഭാവിയിൽ കൂടുതൽ വിവരങ്ങൾ നൽകാം.

കേരളം സമൂഹത്തിലെ ബൗദ്ധസംസ്‌കാരിക പാരമ്പര്യത്തിന്റെ അവശേഷിപ്പുകൾ

കേരളം സമൂഹത്തിൽ ഇപ്പോഴും പഴയ ബൗദ്ധസംസ്‌കാരിക പാരമ്പര്യത്തിന്റെ അവശേഷിപ്പുകൾ പലതും കാണാം. ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലും നിന്നും വ്യത്യസ്തമായി ആയുർവേദം, കളരിപ്പയറ്റ് എന്നിവയ്ക്ക് കേരളത്തിലുള്ള പ്രചാരവും കേരളത്തിന്റെ ബൗദ്ധ പാരമ്പര്യത്തെ സൂചിപ്പിക്കുന്നു. കേരളത്തിൽ ഏറെ പ്രചരിച്ച‌ അഷ്‌ടാംഗഹൃദയ ചികിത്സാസമ്പ്രദായത്തിന്റെ ഉപജ്ഞേതാവായ വാഗ്ഭടൻ ഒരു ബൗദ്ധനായിരുന്നു എന്നതും ഇവിടെ പ്രസക്തമാണ്. ആയുർവേദവും കളരിപ്പയറ്റും, കേരളം കഴിഞ്ഞാൽ ഏറ്റവും പ്രചാരത്തിലുള്ള മറ്റൊരു സ്‌ഥലം ശ്രീലങ്കയാണെന്നുള്ളതും ശ്രദ്ധേയമായ കാര്യമാണ്. ശ്രീലങ്കയിൽ കളരിപ്പയറ്റ് അങ്കംപൊറ എന്ന പേരിലാണ് അറിയപ്പെടുന്നത്.

വടക്കൻ കേരളത്തിലെ കളമെഴുത്തിന് വജ്രയാന ചടങ്ങുകൾക്ക് വൈവിധ്യമാർന്ന നിറക്കൂട്ടുകൾ ചേർത്ത മണൽ ഉപയോഗിച്ച് നിർമ്മിക്കുന്ന മണ്ഡലങ്ങളുമായി വളരെ സാമ്യമുണ്ട്.

ആദ്യകാല കൂടിയാട്ടങ്ങൾക്ക് ബൗദ്ധ പ്രമേയങ്ങളും ഉപയോഗിച്ചിരുന്നു. ജീമൂതവാഹനനെന്ന ബോധിസത്വന്റെ കഥ പറയുന്ന ഹർഷന്റെ (ഏഴാം നൂറ്റാണ്ടു) നാഗനന്ദ എന്ന ബൗദ്ധ സംസ്‌കൃത കൃതി കേരളത്തിൽ ഏറ്റവും ആദ്യം അവതരിക്കപ്പെട്ട നാടകങ്ങളിൽ (കൂടിയാട്ടം) പെടും.

കേരളത്തിലെ ചെട്ടികുളങ്ങര മുതലായ ചില ക്ഷേത്രങ്ങളിലെ കെട്ടുകാഴ്ചയ്ക്ക് (കെട്ടുകുതിര / എടുപ്പ് കുതിര) ബൗദ്ധപാരമ്പര്യം ഉണ്ടെന്നു അനുമാനിക്കാം. കെട്ടുകാഴ്ചയിലെ തേരുകൾ ബൗദ്ധ പഗോഡകളുമായി വളരെയധികം സാമ്യം പുലർത്തുന്നു. ബുദ്ധന്റെയും ബോധിസത്വന്മാരുടെയും വിഗ്രഹങ്ങളും സ്തൂപങ്ങളും ഗ്രന്ഥങ്ങളും തേരിലേറ്റി നഗര പ്രദക്ഷിണം ചെയ്യുന്നത് ബൗദ്ധ സംസ്കാരത്തിൽ പതിവാണ്. വിഗ്രഹങ്ങളും ഗ്രന്ഥങ്ങളും സ്തൂപങ്ങളും യഥാക്രമം ബുദ്ധന്റെ കായ-വാക്-ചിത്തം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. ബൗദ്ധസന്ദേശങ്ങളുടെ ഓർമ്മ ജനങ്ങൾക്കിടയിൽ പുതുക്കാനാണ് ഇത്തരം വാർഷിക നഗരപ്രദക്ഷിണങ്ങൾ നടത്തിയിരുന്നത്.

ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രോത്സവത്തിലെ കെട്ടുകാഴ്ച.
(ചിത്രത്തിന് കടപ്പാട് : www.keralatourism.org)

കേരളത്തിലെ ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പ് മുൻപറഞ്ഞ ബൗദ്ധരുടെ നഗര പ്രദക്ഷിണത്തിൽ നിന്നും ഉടലെടുത്തതാകാം. ശ്രീലങ്കയിലെ ബൗദ്ധവിഹാരങ്ങളിലെ ആന എഴുന്നള്ളിപ്പ് ഇതിനു ദൃഷ്ടാന്തമാണ്‌. ശ്രീബുദ്ധന്റെ തിരുശേഷിപ്പുമായി (പല്ല്) ശ്രീലങ്കയിലെ കാന്റിയിൽ എല്ലാ വർഷവും ഒരു നഗരപ്രദക്ഷണം നടത്താറുണ്ട്. ശ്രീലങ്കയും കേരളവും തമ്മിലുള്ള സാംസ്കാരിക സാമ്യം കേരളത്തിന്റെ ബൗദ്ധ പാരമ്പര്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. ശ്രീബുദ്ധന്റെ കിരീടവുമായി അത്തരം ഒരു ആഘോഷം ഇന്ത്യയിൽ കൊങ്കണപുരത്തിൽ (മംഗലാപുരം ആകാം) കണ്ടതായി ചൈനീസ് യാത്രികൻ ഹുയാങ് സാങ്ങും രേഖപ്പെടുത്തിയിട്ടുണ്ട്. 

ബുദ്ധന്റെ തിരുശേഷിപ്പുമായി (പല്ല്) ശ്രീലങ്കയിലെ കാന്റിയിൽ നടത്തുന്ന ഘോഷയാത്ര.
(ചിത്രത്തിന് കടപ്പാട് :ceylonone.com)

ഇത്ര വിപുലമായതോതിൽ ഒരു സഹസ്രാബ്ദത്തിലേറെക്കാലം കേരളത്തിൽ നിറഞ്ഞു ‌നിന്ന ബൗദ്ധചിന്താധാര പിൽക്കാലത്ത് ഇവിടെ നിന്നും വേരറ്റു പോയി. എന്നാലും ആ ചരിത്രത്തിന്റെ ശേഷിപ്പുകളായ ഒരുപാട് ബുദ്ധവിഗ്രഹങ്ങൾ കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിൽ കണ്ടെടുത്തിട്ടുണ്ട്. (കൂടുതൽ വിവരങ്ങൾക്ക് “” വായിക്കുക.) ശാന്തിയുടെ പ്രഭചൊരിഞ്ഞ് മൃദുമന്ദഹാസവുമായി ആ ശിലകൾ ഇന്നും കേരളഭൂവിനെ ധന്യമാക്കുന്നു.

Thus concludes the article on history of Buddhism in Kerala.

ലേഖകർ : യോഗിനി അഭയദേവി, യോഗി പ്രബോധ ജ്ഞാന

കേരളത്തിലെ പുരാതനമായ ബുദ്ധ പ്രതിമകളെ കുറിച്ചറിയാൻ –
Buddhism in Kerala

കേരളത്തിലെ പുരാതന ബുദ്ധ വിഗ്രഹങ്ങൾ

Ancient Buddha Statues of Kerala നൂറ്റാണ്ടുകളോളം ഒരു ജനതയ്ക്ക് പ്രചോദനമായി നിലകൊണ്ട പുരാതനമായ ചില ബുദ്ധവിഗ്രഹങ്ങൾ കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി കണ്ടെത്തിയിട്ടുണ്ട്. സമാധാനത്തിന്റെയും ഉയർന്ന ചിന്താസരണിയുടെയും ...
Read More

3 thoughts on “കേരള ചരിത്രത്തിലെ ബൗദ്ധ ഏടുകൾ

  • Avatar
    December 16, 2018 at 10:32 am
    Permalink

    അത്യന്തം പ്രാധാനപ്പെട്ട പോസ്റ്റ് !

    Reply

Leave a Reply

Your email address will not be published. Required fields are marked *