ബുദ്ധവചനങ്ങൾ

കരണീയ മേത്താ സൂത്തം (മൈത്രീ സൂത്രം)

– Karaṇīya Mettā sutta – മലയാള പരിഭാഷ

കരണീയം-അത്ഥ-കുസലേന,
യം തം സന്തം പദം അഭിസമേച്ച;
സക്കോ ഉജൂ ച സുജൂ ച,
സുവചോ ചസ്സ മുദു അനതിമാനീ. [1]

ഹിതകരമായതിൽ നിപുണനായ ഒരാൾ ചെയ്യേണ്ടത്,
ശാന്തിപദം സാക്ഷാത്കരിച്ച്,
ശക്തനായി, നേരുള്ളവനായി, തികച്ചും നേരുള്ളവനായി,
വചനങ്ങൾ നേരെയെടുക്കുന്നവനായി, മൃദുവായി, അഹങ്കാരമില്ലാതെ,

സന്തുസ്സകോ ച സുഭരോ ച,
അപ്പകിച്ചോ ച സല്ലഹുക-വുത്തി;
സന്തിന്ദ്രിയോ ച നിപകോ ച,
അപ്പഗബ്ഭോ കുലേസു അനനുഗിദ്ധോ. [2]

സന്തുഷ്ടനായി, പുലർത്താൻ എളുപ്പമുള്ളവനായി,
കുറച്ച് കാര്യങ്ങളിൽ മാത്രം വ്യാപരിച്ച്, ലളിതമായി ജീവിച്ച്,
ശാന്തമായ ഇന്ദ്രിയങ്ങളോടുകൂടി, വിവേകബുദ്ധിയോടെ,
ഒതുക്കത്തോടെ, കുലത്തോട് ബന്ധനമില്ലാത്തവനായി കഴിയണം.

ന ച ഖുദ്ദം സമാചരേ കിഞ്ചി,
യേന വിഞ്ഞൂ പരേ ഉപവദേയ്യും;
സുഖിനോ വ ഖേമിനോ ഹോന്തു,
സബ്ബേ സത്താ ഭവന്തു സുഖിതത്താ. [3]

ജ്ഞാനികൾ ദോഷം കണ്ടേക്കാവുന്ന
ഒരു ചെറിയ പ്രവൃത്തി പോലും അയാൾ ചെയ്യരുത്.
സുഖവും ക്ഷേമവും ഉണ്ടാകട്ടെ!
എല്ലാ ജീവജാലങ്ങളുടെയും ഉള്ളിൽ സുഖം നിറയട്ടെ!

യേ കേചി പാണ-ഭൂതത്ഥി,
തസാ വാ ഥാവരാ വാ അനവസേസാ;
ദീഘാ വാ യേ മഹന്താ വാ,
മജ്ഝിമാ രസ്സകാ അണുക-ഥൂലാ. [4]

എന്തൊക്കെ ജീവജാലങ്ങളുണ്ടോ,
ത്രസിക്കുന്നവയായാലും സ്ഥാവരമായാലും, ഒന്നൊഴിയാതെ,
ദീർഘമായാലും വലുതായാലും ഇടത്തരമായാലും
ചെറുതായാലും സൂക്ഷ്മമായാലും സ്ഥൂലമായാലും.

ദിട്ഠാ വാ യേവ അദിട്ഠാ,
യേ ച ദൂരേ വസന്തി അവിദൂരേ;
ഭൂതാ വാ സംഭവേസീ വാ,
സബ്ബേ സത്താ ഭവന്തു സുഖിതത്താ. [5]

കാണപ്പെടുന്നവയായാലും കാണാത്തവയായാലും
ദൂരെ വസിക്കുന്നവയായാലും അടുത്തുള്ളവയായാലും,
ജനിച്ചവയായാലും ജനനം തേടുന്നവയായാലും,
സർവ്വ ജീവജാലങ്ങളുടെയും ഉള്ളിൽ സുഖം നിറയട്ടെ!

ന പരോ പരം നികുബ്ബേഥ,
നാതിമഞ്ഞേഥ കത്ഥചി ന കഞ്ചി;
ബ്യാരോസനാ പടിഘ-സഞ്ഞ,
നാഞ്ഞം-അഞ്ഞസ്സ ദുക്ഖം-ഇച്ഛേയ്യ. [6]

ആരും ആരെയും ചതിക്കാതിരിക്കട്ടെ!
ഒരിടത്തും ആരെയും അപമാനിക്കാതിരിക്കട്ടെ!
കോപത്താലോ വെറുപ്പിനാലോ ആരും
മറ്റൊരാൾക്ക് ദുഃഖം കാംക്ഷിക്കാതിരിക്കട്ടെ!

മാതാ യഥാ നിയം പുത്തം
ആയുസാ ഏക-പുത്തം-അനുരക്ഖേ;
ഏവമ്പി സബ്ബ-ഭൂതേസു,
മാനസം ഭാവയേ അപരിമാണം. [7]

ഒരമ്മ തന്റെ സ്വന്തം കുഞ്ഞിനെ, തന്റെ ഏക കുഞ്ഞിനെ,
ജീവൻ കൊടുത്തും എങ്ങനെയാണോ പരിരക്ഷിക്കുന്നത്,
അതുപോലെ, സർവ്വ ജീവജാലങ്ങളോടും
അപരിമേയമായ മാനസം വളർത്തിയെടുക്കണം.

മേത്തഞ്-ച സബ്ബ-ലോകസ്മിം,
മാനസം ഭാവയേ അപരിമാണം;
ഉദ്ധം അധോ ച തിരിയഞ്-ച,
അസംബാധം അവേരം അസപത്തം. [8]

സർവ്വലോകരോടും അപരിമേയമായ മൈത്രി
മനസ്സിൽ വളർത്തിയെടുക്കണം.
മുകളിലേക്കും താഴേക്കും ചുറ്റിലും,
തടസ്സമില്ലാതെ, വെറുപ്പില്ലാതെ, ശത്രുതയില്ലാതെ.

തിട്ഠം ചരം നിസിന്നോ വാ,
സയാനോ യാവതാസ്സ വിഗത-മിദ്ധോ;
ഏതം സതിം അധിട്ഠേയ്യ,
ബ്രഹ്മം-ഏതം വിഹാരം-ഇധം-ആഹു. [9]

നിൽക്കുമ്പോഴും, നടക്കുമ്പോഴും, ഇരിക്കുമ്പോഴും,
കിടക്കുമ്പോഴും, ആലസ്യം ഇല്ലാത്തിടത്തോളം,
ഈ സ്മൃതി (mindfulness) നിലനിർത്തുക.
ഇതിനെ, ഇവിടെ, ബ്രഹ്മവിഹാരം എന്ന് വിളിക്കുന്നു.

ദിട്ഠിഞ്-ച അനുപഗ്ഗമ്മ,
സീലവാ ദസ്സനേന സമ്പന്നോ;
കാമേസു വിനയ ഗേധം,
ന ഹി ജാതുഗ്ഗബ്ഭസേയ്യ പുനരേതീതി. [10]

ദൃഷ്ടികോണങ്ങളിൽ പിടിച്ചുനിൽക്കാതെ,
[ശരിയായ] ശീലങ്ങൾ അനുഷ്ഠിച്ച്, തിരിച്ചറിവോടെ,
കാമ്യവസ്തുക്കളോടുള്ള ആർത്തി ഇല്ലാതാക്കി,
അയാൾ, പിന്നീടൊരിക്കലും ജഠരത്തിൽ ജനിക്കുന്നില്ല.

മേത്ത സുത്തം, ഖുദ്ദകനികായേ, ഖുദ്ദകപാഠപാലി

– പരിഭാഷ – യോഗിനി അഭയ ദേവി, യോഗി പ്രബോധ ജ്ഞാന

Leave a Reply

Your email address will not be published. Required fields are marked *