ബുദ്ധവചനങ്ങൾ

ധമ്മചക്കപ്പവത്തന സുത്തം

ബുദ്ധന്റെ ഒന്നാം ധർമചക്ര പ്രവർത്തനം 

ആമുഖം –ബുദ്ധൻ സാരാനാഥിൽ വച്ച് നൽകിയ ധമ്മചക്കപ്പവത്തന സുത്തം (ധർമ്മചക്ര പ്രവർത്തന സൂത്രം) എന്ന ഈ ധർമ്മോപദേശമാണ് ആദ്യത്തെ ധമ്മചക്കപ്പവത്തനം (ധർമ്മചക്ര പ്രവർത്തനം) എന്ന് വിഖ്യാതമായത്. ചതുർ-ആര്യ-സത്യങ്ങൾ, നിർവാണത്തിനായുള്ള മദ്ധ്യമമാർഗ്ഗം, എന്നിവ ഈ സൂത്രത്തിൽ അവതരിപ്പിക്കപ്പെടുന്നു. (Dhammacakkappavattana Sutta – Malayalam translation)

Dharma Chakra Pravarthana Sutra - The First Turning of the Wheel of Dharma

 

ഏവം മേ സുതം, ഏകം സമയം ഭഗവാ ബാരാണസിയം വിഹരതി ഇസിപതനേ മിഗദായേ തത്ര ഖോ ഭഗവാ പഞ്ചവഗ്ഗിയേ ഭിക്ഖൂ ആമന്തേസി:

ഇപ്രകാരം, ഞാൻ കേട്ടു: ഒരിക്കൽ ഭഗവാൻ വാരണാസിയിൽ ഋഷിപ്പട്ടണത്തിലെ മൃഗദായയിൽ (deerpark) വിഹരിക്കുമ്പോൾ, ഭഗവാൻ പഞ്ചവർഗീയ ഭിക്ഷുക്കളോട് ആമാന്ത്രണം ചെയ്തു – 

തെറ്റായ വഴികൾ

ദ്വേ മേ ഭിക്ഖവേ, അന്താ പബ്ബജിതേന സേവിതബ്ബാ.  കതമേ ദ്വേ? യോചായം  കാമേസു കാമസുഖല്ലികാനുയോഗോ ഹീനോ ഗമ്മോ പോഥുജ്ജനികോ അനരിയോ അനത്ഥസംഹിതോ, യോചായം അത്തകിലമഥാനുയോഗോ ദുക്ഖോ അനരിയോ അനത്ഥസംഹിതോ, 

“ഭിക്ഷുക്കളേ, പരിവ്രാജകർ ചെയ്യരുതാത്ത രണ്ട് അന്തങ്ങൾ (extremes) ഉണ്ട്. ഏതൊക്കെയാണ് ആ രണ്ട്?  [ഒന്ന്,] കാമ്യവസ്തുക്കളിൽ കാമസുഖത്തിൽ മുഴുകിച്ചേരൽ – അത് ഹീനമാണ്, ഗ്രാമ്യമാണ് (പ്രാകൃതമാണ്), പൃഥഗ്ജനികമാണ് (ലൗകികരുടെ രീതി), അനാര്യമാണ് (ഉൽകൃഷ്ട മാർഗ്ഗം പിന്തുടരുന്നവരുടെ വഴിയല്ല), അനർത്ഥകരമാണ്. [രണ്ട്,] ആത്മപീഡനത്തിൽ മുഴുകൽ  – അത് ദുഃഖകരമാണ്, അനാര്യമാണ്, അനർത്ഥകരമാണ്.

മദ്ധ്യമ മാർഗ്ഗം

ഏതേ ഖോ ഭിക്ഖവേ, ഉഭോ അന്തേ അനുപഗമ്മ മജ്ഝിമാ പടിപദാ തഥാഗതേന അഭിസംബുദ്ധാ ചക്ഖുകരണീ ഞാണകരണീ ഉപസമായ അഭിഞ്ഞായ സംബോധായ നിബ്ബാനായ സംവത്തതി. 

ഈ രണ്ട് അന്തങ്ങളെ (extremes) ഒഴിവാക്കുന്നതാണ്, ഭിക്ഷുക്കളേ, തഥാഗതൻ പൂർണ്ണമായി സാക്ഷാത്കരിച്ച മദ്ധ്യമ മാർഗ്ഗം – അത് കണ്ണുതുറപ്പിക്കുന്നു, ജ്ഞാനം ജനിപ്പിക്കുന്നു, ശാന്തിയിലേക്കും അഭിജ്ഞാനങ്ങളിലേക്കും സംബോധിയിലേക്കും നിർവാണത്തിലേക്കും നയിക്കുന്നു.

അഷ്ടാംഗമാർഗ്ഗം 

കതമാ സാ ഭിക്ഖവേ, മജ്ഝിമാ പടിപദാ തഥാഗതേന അഭിസംബുദ്ധാ ചക്ഖുകരണീ ഞാണകരണീ ഉപസമായ അഭിഞ്ഞായ സംബോധായ നിബ്ബാനായ സംവത്തതി: അയമേവ അരിയോ അട്ഠംഗികോ മഗ്ഗോ സേയ്യഥീദം: സമ്മാദിട്ഠി സമ്മാസങ്കപ്പോ സമ്മാവാചാ സമ്മാകമ്മന്തോ സമ്മാജീവോ സമ്മാവായാമോ സമ്മാസതി സമ്മാസമാധി. അയം ഖോ സാ ഭിക്ഖവേ, മജ്ഝിമാ പടിപദാ തഥാഗതേന അഭിസംബുദ്ധാ ചക്ഖുകരണീ ഞാണകരണീ ഉപസമായ അഭിഞ്ഞായ സംബോധായ നിബ്ബാനായ സംവത്തതി.

എന്താണ് ഭിക്ഷുക്കളേ, തഥാഗതൻ പൂർണമായി സാക്ഷാത്കരിച്ച, കണ്ണു തുറപ്പിക്കുന്ന, ജ്ഞാനം ജനിപ്പിക്കുന്ന, ശാന്തിയിലേക്കും അഭിജ്ഞാനങ്ങളിലേക്കും സംബോധിയിലേക്കും നിർവാണത്തിലേക്കും നയിക്കുന്ന മദ്ധ്യമ മാർഗ്ഗം?
അത് ആര്യ അഷ്ടാംഗ മാർഗ്ഗം തന്നെയാണ്. അതായത്, സമ്യഗ്ദൃഷ്ടി, സമ്യക്സങ്കല്പം, സമ്യഗ്-വാക്, സമ്യക്-കർമ്മാന്തം, സമ്യഗ്-ആജീവ, സമ്യഗ്-വ്യായാമം, സമ്യക്-സ്മൃതി, സമ്യക് -സമാധി.
ഇതുതന്നെയാണ്, ഭിക്ഷുക്കളേ, തഥാഗതൻ പൂർണമായി സാക്ഷാത്കരിച്ച, കണ്ണു തുറപ്പിക്കുന്ന, ജ്ഞാനം ജനിപ്പിക്കുന്ന, ശാന്തിയിലേക്കും അഭിജ്ഞാനങ്ങളിലേക്കും സംബോധിയിലേക്കും നിർവാണത്തിലേക്കും നയിക്കുന്ന മദ്ധ്യമ മാർഗ്ഗം.

ദുഃഖ ആര്യസത്യം

ഇദം ഖോ പന ഭിക്ഖവേ, ദുക്ഖം അരിയസച്ചം: ജാതിപി ദുക്ഖാ ജരാപി ദുക്ഖാ വ്യാധിപി ദുക്ഖോ മരണമ്പി ദുക്ഖം 

ഇതാണ്, ഭിക്ഷുക്കളേ, ദുഃഖത്തിന്റെ ആര്യസത്യം –

ജനനവും ദുഃഖം, ജരയും ദുഃഖം, വ്യാധിയും ദുഃഖം, മരണവും ദുഃഖം.

അപ്പിയേഹി സമ്പയോഗോ ദുക്ഖോ പിയേഹി വിപ്പയോഗോ ദുക്ഖോ  യംപിച്ഛം ലഭതി തംപി ദുക്ഖം 

അപ്രിയമായതുമായി ചേർന്നിരിക്കുന്നത് ദുഖമാണ്. പ്രിയമുള്ളതിന്റെ വിയോഗവും ദുഖമാണ്. ഇച്ഛിച്ചത് ലഭിക്കാതിരിക്കുന്നതും ദുഃഖമാണ്.

സംഖിത്തേന പഞ്ചുപാദാന ക്ഖന്ധാ ദുക്ഖാ“. 

ചുരക്കത്തിൽ, അഞ്ച് ഉപാദാന-സ്കന്ധങ്ങളും ദുഃഖമാണ്.

ദുഃഖസമുദയ ആര്യസത്യം 

ഇദം ഖോ പന ഭിക്ഖവേ, ദുക്ഖസമുദയോ അരിയസച്ചം: “യായം തൺഹാ പോനോഭവികാ നന്ദിരാഗസഹഗതാ തത്ര തത്രാഭിനന്ദിനീ, സേയ്യഥീദം: കാമതൺഹാ ഭവതൺഹാ വിഭവതൺഹാ“. 

ഇതാണ്, ഭിക്ഷുക്കളേ, ദു:ഖസമുദയ ആര്യസത്യം – പുനർഭവത്തിന് (പുനർജന്മം) ഇടയാക്കുന്ന വിധത്തിലുള്ള ആ തൃഷ്ണ (ദാഹം), ആനന്ദത്തോടും രാഗത്തോടും കൂടി, ഇവിടെയും അവിടെയും ഒക്കെ ആമോദിക്കുന്നത് – അതായത് – കാമതൃഷ്ണ (കാമ്യവസ്തുക്കളോടുള്ള ദാഹം), ഭവതൃഷ്ണ (നിൽനൽപ്പിനോടുള്ള ദാഹം), വിഭവതൃഷ്ണ (ഇല്ലാതാകാനുളള ദാഹം).

ദുഃഖനിരോധ ആര്യസത്യം

ഇദം ഖോ പന ഭിക്ഖവേ, ദുക്ഖനിരോധോ അരിയസച്ചം: യോ തസ്സായേവ തൺഹായ അസേസവിരാഗ നിരോധോ ചാഗോ പടിനിസ്സഗ്ഗോ മുത്തി അനാലയോ. 

ഇതാണ്, ഭിക്ഷുക്കളേ, ദു:ഖനിരോധ ആര്യസത്യം – ആ തൃഷ്ണയുടെ അശേഷമായ മാഞ്ഞുപോകലും (വിരാഗം) വിരാമവും (നിരോധം) – അതിന്റെ ഉപേക്ഷിക്കൽ (ത്യാഗം), അതിൽ താൽപര്യം ഇല്ലാതാകൽ (പ്രതിനിഃസർഗ്ഗം), അതിൽ നിന്നുള്ള മുക്തി, ഒന്നിലും വസിക്കാത്ത അവസ്ഥ (അനാലയം). 

ദുഃഖനിരോധമാർഗ്ഗ ആര്യസത്യം 

ഇദം ഖോ പന ഭിക്ഖവേ, ദുക്ഖനിരോധഗാമിനീ പടിപദാ അരിയസച്ചം: അയമേവ അരിയോ അട്ഠംഗികോ മഗ്ഗോ, സേയ്യഥീദം: സമ്മാദിട്ഠി സമ്മാസങ്കപ്പോ സമ്മാവാചാ സമ്മാകമ്മന്തോ സമ്മാജീവോ സമ്മാവായാമോ സമ്മാസതി സമ്മാസമാധി.

ഇതാണ്, ഭിക്ഷുക്കളേ, ദു:ഖനിരോധത്തിലേക്ക് പോകാനുള്ള മാർഗ്ഗത്തിന്റെ ആര്യസത്യം – ഇതാണ്  ആര്യ അഷ്ടാംഗ മാർഗ്ഗം, അതായത്,  സമ്യഗ്ദൃഷ്ടി, സമ്യക്സങ്കല്പം, സമ്യഗ്-വാക്, സമ്യക്-കർമ്മാന്തം, സമ്യഗ്-ആജീവ, സമ്യഗ്-വ്യായാമം, സമ്യക്-സ്മൃതി, സമ്യക് -സമാധി.

ദുഃഖ സത്യംനന്നായി മനസ്സിലാക്കേണ്ടത് 

ഇദം ദുക്ഖം അരിയസച്ചന്തിമേ ഭിക്ഖവേ പുബ്ബേ അനനുസ്സുതേസു ധമ്മേസു ചക്ഖും ഉദപാദി ഞാണം ഉദപാദി പഞ്ഞാ ഉദപാദി വിജ്ജാ ഉദപാദി ആലോകോ ഉദപാദി. 

“ഇതാണ് ദു:ഖ ആര്യസത്യം.” എന്ന്, ഭിക്ഷുക്കളേ, മുമ്പ് ഞാൻ ശ്രവിച്ചിട്ടില്ലാത്ത ധർമ്മങ്ങളെ കുറിച്ച്, എന്നിൽ കാഴ്ചയുണ്ടായി, ജ്ഞാനം (അറിവ്) ഉണ്ടായി, പ്രജ്ഞ (മനസ്സിലാക്കൽ) ഉണ്ടായി, വിദ്യ (തിരിച്ചറിവ്) ഉണ്ടായി, തെളിച്ചം ഉണ്ടായി. 

തം ഖോ പന ഇദം ദുക്ഖം അരിയസച്ചം പരിഞ്ഞേയ്യന്തി മേ ഭിക്ഖവേ, പുബ്ബേ അനനുസ്സുതേസു ധമ്മേസു ചക്ഖും ഉദപാദി ഞാണം ഉദപാദി പഞ്ഞാ ഉദപാദി വിജ്ജാ ഉദപാദി ആലോകോ ഉദപാദി. 

“ഈ ദു:ഖ ആര്യസത്യത്തെകുറിച്ച് നന്നായി പരിജ്ഞാനം ഉണ്ടാകേണ്ടതുണ്ട്.” എന്ന്, ഭിക്ഷുക്കളേ, മുമ്പ് ഞാൻ ശ്രവിച്ചിട്ടില്ലാത്ത ധർമ്മങ്ങളെ കുറിച്ച്, എന്നിൽ കാഴ്ചയുണ്ടായി, ജ്ഞാനമുണ്ടായി, പ്രജ്ഞയുണ്ടായി, വിദ്യയുണ്ടായി, തെളിച്ചമുണ്ടായി. 

തം ഖോ പന ഇദം ദുക്ഖം അരിയസച്ചം പരിഞ്ഞാതന്തി മേ ഭിക്ഖവേ, പുബ്ബേ അനനുസ്സുതേസു ധമ്മേസു ചക്ഖും ഉദപാദി ഞാണം ഉദപാദി പഞ്ഞാ ഉദപാദി വിജ്ജാ ഉദപാദി ആലോകോ ഉദപാദി.

“ഈ ദു:ഖ ആര്യസത്യത്തെകുറിച്ച് നന്നായി പരിജ്ഞാനം ഉണ്ടായി.” എന്ന്, ഭിക്ഷുക്കളേ, മുമ്പ് ഞാൻ ശ്രവിച്ചിട്ടില്ലാത്ത ധർമ്മങ്ങളെ കുറിച്ച്, എന്നിൽ കാഴ്ചയുണ്ടായി, ജ്ഞാനമുണ്ടായി, പ്രജ്ഞയുണ്ടായി, വിദ്യയുണ്ടായി, തെളിച്ചമുണ്ടായി. 

ദുഃഖസമുദയ ആര്യ സത്യം വെടിയേണ്ടത് 

ഇദം ദുക്ഖസമുദയോ അരിയസച്ചന്തിമേ ഭിക്ഖവേ പുബ്ബേ അനനുസ്സുതേസു ധമ്മേസു ചക്ഖും ഉദപാദി ഞാണം ഉദപാദി പഞ്ഞാ ഉദപാദി വിജ്ജാ ഉദപാദി ആലോകോ ഉദപാദി. 

“ഇതാണ് ദു:ഖസമുദയ ആര്യസത്യം.” എന്ന്, ഭിക്ഷുക്കളേ, മുമ്പ് ഞാൻ ശ്രവിച്ചിട്ടില്ലാത്ത ധർമ്മങ്ങളെ കുറിച്ച്, എന്നിൽ കാഴ്ചയുണ്ടായി, ജ്ഞാനമുണ്ടായി, പ്രജ്ഞയുണ്ടായി, വിദ്യയുണ്ടായി, തെളിച്ചമുണ്ടായി. 

തം ഖോ പന ഇദം ദുക്ഖസമുദയോ അരിയസച്ചം പഹാതബ്ബന്തി മേ ഭിക്ഖവേ, പുബ്ബേ അനനുസ്സുതേസു ധമ്മേസു ചക്ഖും ഉദപാദി ഞാണം ഉദപാദി പഞ്ഞാ ഉദപാദി വിജ്ജാ ഉദപാദി ആലോകോ ഉദപാദി. 

“ഈ ദു:ഖസമുദയ ആര്യസത്യം വെടിയേണ്ടതുണ്ട്.” എന്ന്, ഭിക്ഷുക്കളേ, മുമ്പ് ഞാൻ ശ്രവിച്ചിട്ടില്ലാത്ത ധർമ്മങ്ങളെ കുറിച്ച്, എന്നിൽ കാഴ്ചയുണ്ടായി, ജ്ഞാനമുണ്ടായി, പ്രജ്ഞയുണ്ടായി, വിദ്യയുണ്ടായി, തെളിച്ചമുണ്ടായി. 

തം ഖോ പന ഇദം ദുക്ഖസമുദയോ അരിയസച്ചം പഹീനന്തി മേ ഭിക്ഖവേ, പുബ്ബേ അനനുസ്സുതേസു ധമ്മേസു ചക്ഖും ഉദപാദി ഞാണം ഉദപാദി പഞ്ഞാ ഉദപാദി വിജ്ജാ ഉദപാദി ആലോകോ ഉദപാദി.

“ഈ ദു:ഖസമുദയ ആര്യസത്യം വെടിഞ്ഞു.” എന്ന്, ഭിക്ഷുക്കളേ, മുമ്പ് ഞാൻ ശ്രവിച്ചിട്ടില്ലാത്ത ധർമ്മങ്ങളെ കുറിച്ച്, എന്നിൽ കാഴ്ചയുണ്ടായി, ജ്ഞാനമുണ്ടായി, പ്രജ്ഞയുണ്ടായി, വിദ്യയുണ്ടായി, തെളിച്ചമുണ്ടായി. 

ദുഃഖനിരോധ ആര്യസത്യംസാക്ഷാത്കരിക്കേണ്ടത് 

ഇദം ദുക്ഖനിരോധോ അരിയസച്ചന്തിമേ ഭിക്ഖവേ പുബ്ബേ അനനുസ്സുതേസു ധമ്മേസു ചക്ഖും ഉദപാദി ഞാണം ഉദപാദി പഞ്ഞാ ഉദപാദി വിജ്ജാ ഉദപാദി ആലോകോ ഉദപാദി. 

“ഇതാണ് ദു:ഖനിരോധ ആര്യസത്യം.” എന്ന്, ഭിക്ഷുക്കളേ, മുമ്പ് ഞാൻ ശ്രവിച്ചിട്ടില്ലാത്ത ധർമ്മങ്ങളെ കുറിച്ച്, എന്നിൽ കാഴ്ചയുണ്ടായി, ജ്ഞാനമുണ്ടായി, പ്രജ്ഞയുണ്ടായി, വിദ്യയുണ്ടായി, തെളിച്ചമുണ്ടായി. 

തം ഖോ പന ഇദം ദുക്ഖനിരോധോ അരിയസച്ചം സച്ഛികാതബ്ബന്തി മേ ഭിക്ഖവേ, പുബ്ബേ അനനുസ്സുതേസു ധമ്മേസു ചക്ഖും ഉദപാദി ഞാണം ഉദപാദി പഞ്ഞാ ഉദപാദി വിജ്ജാ ഉദപാദി ആലോകോ ഉദപാദി. 

“ഈ ദു:ഖനിരോധ ആര്യസത്യം സാക്ഷാത്കരിക്കേണ്ടതാണ്.” എന്ന്, ഭിക്ഷുക്കളേ, മുമ്പ് ഞാൻ ശ്രവിച്ചിട്ടില്ലാത്ത ധർമ്മങ്ങളെ കുറിച്ച്, എന്നിൽ കാഴ്ചയുണ്ടായി, ജ്ഞാനമുണ്ടായി, പ്രജ്ഞയുണ്ടായി, വിദ്യയുണ്ടായി, തെളിച്ചമുണ്ടായി. 

തം ഖോ പന ഇദം ദുക്ഖനിരോധോ അരിയസച്ചം സച്ഛികതന്തി മേ ഭിക്ഖവേ, പുബ്ബേ അനനുസ്സുതേസു ധമ്മേസു ചക്ഖും ഉദപാദി ഞാണം ഉദപാദി പഞ്ഞാ ഉദപാദി വിജ്ജാ ഉദപാദി ആലോകോ ഉദപാദി.

“ഈ ദു:ഖനിരോധ ആര്യസത്യം സാക്ഷാത്കരിച്ചു.” എന്ന്, ഭിക്ഷുക്കളേ, മുമ്പ് ഞാൻ ശ്രവിച്ചിട്ടില്ലാത്ത ധർമ്മങ്ങളെ കുറിച്ച്, എന്നിൽ കാഴ്ചയുണ്ടായി, ജ്ഞാനമുണ്ടായി, പ്രജ്ഞയുണ്ടായി, വിദ്യയുണ്ടായി, തെളിച്ചമുണ്ടായി. 

ദുഃഖനിരോധമാർഗ്ഗ ആര്യസത്യംവളർത്തിയെടുക്കേണ്ടത്  

ഇദം ദുക്ഖനിരോധഗാമിനീ പടിപദാ അരിയസച്ചന്തിമേ ഭിക്ഖവേ പുബ്ബേ അനനുസ്സുതേസു ധമ്മേസു ചക്ഖും ഉദപാദി ഞാണം ഉദപാദി പഞ്ഞാ ഉദപാദി വിജ്ജാ ഉദപാദി ആലോകോ ഉദപാദി. 

“ഇതാണ് ദു:ഖനിരോധത്തിലേക്ക് നയിക്കുന്ന മാർഗ്ഗത്തിന്റെ ആര്യസത്യം.” എന്ന്, ഭിക്ഷുക്കളേ, മുമ്പ് ഞാൻ ശ്രവിച്ചിട്ടില്ലാത്ത ധർമ്മങ്ങളെ കുറിച്ച്, എന്നിൽ കാഴ്ചയുണ്ടായി, ജ്ഞാനമുണ്ടായി, പ്രജ്ഞയുണ്ടായി, വിദ്യയുണ്ടായി, തെളിച്ചമുണ്ടായി. 

തം ഖോ പനിദം ദുക്ഖനിരോധഗാമിനീ പടിപദാ അരിയസച്ചം ഭാവേതബ്ബന്തി മേ ഭിക്ഖവേ, പുബ്ബേ അനനുസ്സുതേസു ധമ്മേസു ചക്ഖും ഉദപാദി ഞാണം ഉദപാദി പഞ്ഞാ ഉദപാദി വിജ്ജാ ഉദപാദി ആലോകോ ഉദപാദി. 

“ഈ ദു:ഖനിരോധത്തിലേക്ക് നയിക്കുന്ന മാർഗ്ഗത്തിന്റെ ആര്യസത്യം വളർത്തിയെടുക്കേണ്ടതാണ്.” എന്ന്, ഭിക്ഷുക്കളേ, മുമ്പ് ഞാൻ ശ്രവിച്ചിട്ടില്ലാത്ത ധർമ്മങ്ങളെ കുറിച്ച്, എന്നിൽ കാഴ്ചയുണ്ടായി, ജ്ഞാനമുണ്ടായി, പ്രജ്ഞയുണ്ടായി, വിദ്യയുണ്ടായി, തെളിച്ചമുണ്ടായി. 

തം ഖോ പനിദം ദുക്ഖനിരോധഗാമിനീ പടിപദാ അരിയസച്ചം ഭാവിതന്തി മേ ഭിക്ഖവേ, പുബ്ബേ അനനുസ്സുതേസു ധമ്മേസു ചക്ഖും ഉദപാദി ഞാണം ഉദപാദി പഞ്ഞാ ഉദപാദി വിജ്ജാ ഉദപാദി ആലോകോ ഉദപാദി.

“ഈ ദു:ഖനിരോധത്തിലേക്ക് നയിക്കുന്ന മാർഗ്ഗത്തിന്റെ ആര്യസത്യം വളർത്തിയെടുത്തു.” എന്ന്, ഭിക്ഷുക്കളേ, മുമ്പ് ഞാൻ ശ്രവിച്ചിട്ടില്ലാത്ത ധർമ്മങ്ങളെ കുറിച്ച്, എന്നിൽ കാഴ്ചയുണ്ടായി, ജ്ഞാനമുണ്ടായി, പ്രജ്ഞയുണ്ടായി, വിദ്യയുണ്ടായി, തെളിച്ചമുണ്ടായി. 

ജ്ഞാനദർശനചക്രങ്ങൾ

യാവകീവഞ്ച മേ ഭിക്ഖവേ, ഇമേസു ചതുസു അരിയസച്ചേസു ഏവം തിപരിവട്ടം ദ്വാദസാകാരം യഥാഭൂതം ഞാണദസ്സനം സുവിസുദ്ധം അഹോസി, നേവ താവാഹം ഭിക്ഖവേ, സദേവകേ ലോകേ സമാരകേ സബ്രഹ്മകേ സസ്സമണബ്രാഹ്മണിയാ പജായ സദേവമനുസ്സായ അനുത്തരം സമ്മാസംബോധിം അഭിസംബുദ്ധോ പച്ചഞ്ഞാസിം. 

എത്രകാലത്തോളം, ഭിക്ഷുക്കളേ, ഈ നാലു ആര്യസത്യങ്ങളിൽ, ഇങ്ങനെ മൂന്ന് വട്ടം പന്ത്രണ്ടാകാരങ്ങളിലുമായി, യഥാഭൂത ജ്ഞാനദർശനം സംശുദ്ധമായി ഉണ്ടായില്ലയോ, അത്രകാലത്തോളം, ഭിക്ഷുക്കളേ ,ദേവന്മാരും മാരന്മാരും ബ്രഹ്മാക്കളും, ശ്രമണരും ബ്രാഹ്മണരും [ആയ അന്വേഷികളും], ദേവമനുഷ്യ പ്രജകളും ഉള്ള ഈ ലോകത്ത്, ഞാൻ അനുത്തര സമ്യക്‌സംബോധി പ്രാപിച്ചതായി പ്രഖ്യാപിച്ചിട്ടില്ല.

യതോ ഖോ മേ ഭിക്ഖവേ, ഇമേസു ചതുസു അരിയസച്ചേസു ഏവം തിപരിവട്ടം ദ്വാദസാകാരം യഥാഭൂതം ഞാണദസ്സനം സുവിസുദ്ധം അഹോസി, അഥാഹം ഭിക്ഖവേ, സദേവകേ ലോകേ സമാരകേ സബ്രഹ്മകേ സസ്സമണബ്രാഹ്മണിയാ പജായ സദേവമനുസ്സായ അനുത്തരം സമ്മാസംബോധിം അഭിസംബുദ്ധോ പച്ചഞ്ഞാസിം. ഞാണഞ്ച പന മേ ദസ്സനം ഉദപാദി അകുപ്പാ മേ ചേതോവിമുത്തി, അയമന്തിമാ ജാതി നത്ഥിദാനി പുനബ്ഭവോതി. 

എപ്പോഴാണോ, ഭിക്ഷുക്കളേ, ഈ നാലു ആര്യസത്യങ്ങളിൽ, ഇങ്ങനെ മൂന്ന് വട്ടം പന്ത്രണ്ടാകാരങ്ങളിലുമായി, യഥാഭൂത ജ്ഞാനദർശനം സംശുദ്ധമായി ഉണ്ടായത്, അപ്പോൾ, ഭിക്ഷുക്കളേ ,ദേവന്മാരും മാരന്മാരും ബ്രഹ്മാക്കളും, ശ്രമണരും ബ്രാഹ്മണരും [ആയ അന്വേഷികളും], ദേവമനുഷ്യ പ്രജകളും ഉള്ള ഈ ലോകത്ത്, ഞാൻ അനുത്തര സമ്യക്‌സംബോധി പ്രാപിച്ചതായി പ്രഖ്യാപിച്ചു.

എന്നിൽ ജ്ഞാനദർശനം ഉണ്ടായി, “എന്റെ ചിത്തത്തിന്റെ വിമുക്തി അസംക്ഷുബ്ദമാണ്. ഇത് എന്റെ അവസാന ജന്മമാണ്. ഇനി ഒരു പുനഃഭാവം (പുനർജന്മം) ഇല്ല.”

ഇദമവോച ഭഗവാ അത്തമനാ പഞ്ചവഗ്ഗിയാ ഭിക്ഖൂ ഭഗവതോ ഭാസിതം അഭിനന്ദുന്തി.

ഭഗവാൻ ഇപ്രകാരം അരുളിചെയ്തു. നിറഞ്ഞമനസ്സോടെ പഞ്ചവർഗ്ഗീയ ഭിക്ഷുക്കൾ ഭവാന്റെ വാക്കുകളിൽ ആമോദിച്ചു. 

കോണ്ഡഞ്ഞന്റെ സാക്ഷാത്കാരം

ഇമസമിഞ്ച പന വേയ്യാകരണസ്മിം ഭഞ്ഞമാനേ ആയസ്മതോ കോണ്ഡഞ്ഞസ്സ വിരജം വീതമലം ധമ്മചക്ഖും ഉദപാദി: “യം കിഞ്ചി സമുദയധമ്മം സബ്ബന്തം നിരോധധമ്മന്തി“. 

ഈ ഭാഷണം അരുളിചെയ്യുമ്പോൾ തന്നെ ആയുഷ്മാൻ കോണ്ഡഞ്ഞന് വിരജവും (spotless) വീതമലവുമായ (നിർമ്മലം) ധർമ്മചക്ഷു ഉത്പന്നമായി, “ഏതൊക്കെയാണോ സമുദയമായ (ഉദ്പാദിത്തമായ) ധർമ്മങ്ങൾ, അതൊക്കെ  നിരോധമാകുന്ന ധർമ്മങ്ങളുമാണ്.”

ലോകത്തിന്റെ അനുമോദനം

പവത്തിതേ പന ഭഗവതാ ധമ്മചക്കേ ഭുമ്മാ ദേവാ സദ്ദമനുസ്സാവേസു: “ഏതം ഭഗവതാ ബാരാണസിയം ഇസിപതനേ മിഗദായേ അനുത്തരം ധമ്മചക്കം പവത്തിതം അപ്പതിവത്തിയം സമണേന വാ ബ്രാഹ്മണേന വാ ദേവേന വാ മാരേന വാ ബ്രഹ്മുനാ വാ കേനചി വാ ലോകസ്മിന്തി“. 

ഭഗവാൻ ധർമ്മചക്രം പ്രവർത്തിപ്പിച്ചപ്പോൾ ഭൂമിയിലെ ദേവന്മാർ ഘോഷം മുഴക്കി, “വാരാണസിയിലെ ഋഷിപട്ടണത്തിലെ മൃഗദായത്തിൽ ഭഗവാൻ അനുത്തരമായ  ധർമ്മചക്രം ചലിപ്പിച്ചു. അതിനെ തടയാൻ ശ്രമണർക്കോ, ബ്രാഹ്മണർക്കോ, ദേവന്മാർക്കോ, മാരൻമാർക്കോ, ബ്രഹ്മാക്കൾക്കോ, ആർക്കും കഴിയില്ല.’”

ഭുമ്മാനം ദേവാനം സദ്ദം സുത്വാ ചാതുമ്മഹാരാജികാ ദേവാ സദ്ദമനുസ്സാവേസും: “ഏതം ഭഗവതാ ബാരാനസിയം ഇസിപതനേ മിഗദായേ അനുത്തരം ധമ്മചക്കം പവത്തിതം അപ്പതിവത്തിയം സമണേന വാ ബ്രാഹ്മണേന വാ ദേവേന വാ മാരേന വാ ബ്രഹ്മുനാ വാ കേനചി വാ ലോകസ്മിന്തി“. 

ഭൂദേവന്മാരുടെ ശബ്ദം കേട്ട്, ചതുർമഹാരാജിക ദേവന്മാർ ഘോഷം മുഴക്കി, “വാരാണസിയിലെ ഋഷിപട്ടണത്തിലെ മൃഗദായത്തിൽ ഭഗവാൻ അനുത്തരമായ  ധർമ്മചക്രം ചലിപ്പിച്ചു. അതിനെ തടയാൻ ശ്രമണർക്കോ, ബ്രാഹ്മണർക്കോ, ദേവന്മാർക്കോ, മാരൻമാർക്കോ, ബ്രഹ്മാക്കൾക്കോ, ആർക്കും കഴിയില്ല.’”

ചാതുമ്മഹാരാജികാനം ദേവാനം സദ്ദം സുത്വാ താവതിംസാ ദേവാ സദ്ദമനുസ്സാവേസും: “ഏതം ഭഗവതാ ബാരാണസിയം ഇസിപതനേ മിഗദായേ അനുത്തരം ധമ്മചക്കം പവത്തിതം അപ്പതിവത്തിയം സമണേന വാ ബ്രാഹ്മണേന വാ ദേവേന വാ മാരേന വാ ബ്രഹ്മുനാ വാ കേനചി വാ ലോകസ്മിന്തി“. 

ചതുർമഹാരാജിക ദേവന്മാരുടെ ശബ്ദം കേട്ട്, ത്രായസ്ത്രിംശാ ദേവന്മാർ ഘോഷം മുഴക്കി, “വാരാണസിയിലെ ഋഷിപട്ടണത്തിലെ മൃഗദായത്തിൽ ഭഗവാൻ അനുത്തരമായ  ധർമ്മചക്രം ചലിപ്പിച്ചു. അതിനെ തടയാൻ ശ്രമണർക്കോ, ബ്രാഹ്മണർക്കോ, ദേവന്മാർക്കോ, മാരൻമാർക്കോ, ബ്രഹ്മാക്കൾക്കോ, ആർക്കും കഴിയില്ല.’”

താവതിംസാനം ദേവാനം സദ്ദം സുത്വാ യാമാ ദേവാ സദ്ദമനുസ്സാവേസും: “ഏതം ഭഗവതാ ബാരാണസിയം ഇസിപതനേ മിഗദായേ അനുത്തരം ധമ്മചക്കം പവത്തിതം അപ്പതിവത്തിയം സമണേന വാ ബ്രാഹ്മണേന വാ ദേവേന വാ മാരേന വാ ബ്രഹ്മുനാ വാ കേനചി വാ ലോകസ്മിന്തി“. 

ത്രായസ്ത്രിംശാ ദേവന്മാരുടെ ശബ്ദം കേട്ട്, യാമ ദേവന്മാർ ഘോഷം മുഴക്കി, “വാരാണസിയിലെ ഋഷിപട്ടണത്തിലെ മൃഗദായത്തിൽ ഭഗവാൻ അനുത്തരമായ  ധർമ്മചക്രം ചലിപ്പിച്ചു. അതിനെ തടയാൻ ശ്രമണർക്കോ, ബ്രാഹ്മണർക്കോ, ദേവന്മാർക്കോ, മാരൻമാർക്കോ, ബ്രഹ്മാക്കൾക്കോ, ആർക്കും കഴിയില്ല.’”

യാമാനം ദേവാനം സദ്ദം സുത്വാ തുസിതാ ദേവാ സദ്ദമനുസ്സാവേസും: “ഏതം ഭഗവതാ ബാരാണസിയം ഇസിപതനേ മിഗദായേ അനുത്തരം ധമ്മചക്കം പവത്തിതം അപ്പതിവത്തിയം സമണേന വാ ബ്രാഹ്മണേന വാ ദേവേന വാ മാരേന വാ ബ്രഹ്മുനാ വാ കേനചി വാ ലോകസ്മിന്തി“. 

യാമ ദേവന്മാരുടെ ശബ്ദം കേട്ട്, തുഷിതയിലെ ദേവന്മാർ ഘോഷം മുഴക്കി, “വാരാണസിയിലെ ഋഷിപട്ടണത്തിലെ മൃഗദായത്തിൽ ഭഗവാൻ അനുത്തരമായ  ധർമ്മചക്രം ചലിപ്പിച്ചു. അതിനെ തടയാൻ ശ്രമണർക്കോ, ബ്രാഹ്മണർക്കോ, ദേവന്മാർക്കോ, മാരൻമാർക്കോ, ബ്രഹ്മാക്കൾക്കോ, ആർക്കും കഴിയില്ല.’”

തുസിതാനം ദേവാനം സദ്ദം സുത്വാ നിമ്മാണരതീ ദേവാ സദ്ദമനുസ്സാവേസും: “ഏതം ഭഗവതാ ബാരാണസിയം ഇസിപതനേ മിഗദായേ അനുത്തരം ധമ്മചക്കം പവത്തിതം അപ്പതിവത്തിയം സമണേന വാ ബ്രാഹ്മണേന വാ ദേവേന വാ മാരേന വാ ബ്രഹ്മുനാ വാ കേനചി വാ ലോകസ്മിന്തി“. 

തുഷിതയിലെ ദേവന്മാരുടെ ശബ്ദം കേട്ട്, നിർമ്മാണരതയയിലെ ദേവന്മാർ ഘോഷം മുഴക്കി, “വാരാണസിയിലെ ഋഷിപട്ടണത്തിലെ മൃഗദായത്തിൽ ഭഗവാൻ അനുത്തരമായ  ധർമ്മചക്രം ചലിപ്പിച്ചു. അതിനെ തടയാൻ ശ്രമണർക്കോ, ബ്രാഹ്മണർക്കോ, ദേവന്മാർക്കോ, മാരൻമാർക്കോ, ബ്രഹ്മാക്കൾക്കോ, ആർക്കും കഴിയില്ല.’”

നിമ്മാണരതീനം ദേവാനം സദ്ദം സുത്വാ പരനിമ്മിതവസവത്തീ ദേവാ സദ്ദമനുസ്സാവേസും: “ഏതം ഭഗവതാ ബാരാണസിയം ഇസിപതനേ മിഗദായേ അനുത്തരം ധമ്മചക്കം പവത്തിതം അപ്പതിവത്തിയം സമണേന വാ ബ്രാഹ്മണേന വാ ദേവേന വാ മാരേന വാ ബ്രഹ്മുനാ വാ കേനചി വാ ലോകസ്മിന്തി“. 

നിർമ്മാണരതയയിലെ ദേവന്മാരുടെ ശബ്ദം കേട്ട്, പരനിർമിതവശവർതിൻ ദേവന്മാർ ഘോഷം മുഴക്കി, “വാരാണസിയിലെ ഋഷിപട്ടണത്തിലെ മൃഗദായത്തിൽ ഭഗവാൻ അനുത്തരമായ  ധർമ്മചക്രം ചലിപ്പിച്ചു. അതിനെ തടയാൻ ശ്രമണർക്കോ, ബ്രാഹ്മണർക്കോ, ദേവന്മാർക്കോ, മാരൻമാർക്കോ, ബ്രഹ്മാക്കൾക്കോ, ആർക്കും കഴിയില്ല.’”

പരനിമ്മിതവസവത്തീനം ദേവാനം സദ്ദം സുത്വാ ബ്രഹ്മകായികാ ദേവാ സദ്ദമനുസ്സാവേസും: “ഏതം ഭഗവതാ ബാരാണസിയം ഇസിപതനേ മിഗദായേ അനുത്തരം ധമ്മചക്കം പവത്തിതം അപ്പതിവത്തിയം സമണേന വാ ബ്രാഹ്മണേന വാ ദേവേന വാ മാരേന വാ ബ്രഹ്മുനാ വാ കേനചി വാ ലോകസ്മിന്തി“.

പരനിർമിതവശവർതിൻ ദേവന്മാരുടെ ശബ്ദം കേട്ട്, ബ്രഹ്മകായിക ദേവന്മാർ ഘോഷം മുഴക്കി, “വാരാണസിയിലെ ഋഷിപട്ടണത്തിലെ മൃഗദായത്തിൽ ഭഗവാൻ അനുത്തരമായ  ധർമ്മചക്രം ചലിപ്പിച്ചു. അതിനെ തടയാൻ ശ്രമണർക്കോ, ബ്രാഹ്മണർക്കോ, ദേവന്മാർക്കോ, മാരൻമാർക്കോ, ബ്രഹ്മാക്കൾക്കോ, ആർക്കും കഴിയില്ല.’”

ഇതിഹ തേന ഖണേന തേന മുഹുത്തേന യാവ ബ്രഹ്മലോകാ സദ്ദോ അബ്ഭുഗ്ഗഞ്ഛി. 

ഇപ്രകാരം ആ ക്ഷണത്തിൽ തന്നെ, ആ മുഹൂർത്തത്തിൽ തന്നെ, ആ ശബ്ദം ബ്രഹ്മലോകം വരെയും മുഴങ്ങി.

പ്രകൃതിയുടെ പ്രതികരണം

അയഞ്ച ദസസഹസ്സീ ലോകധാതു സങ്കമ്പി സമ്പകമ്പി സമ്പവേധി. 

ഈ ദശസഹസ്രി ലോകധാതു (പതിനായിരം ലോകങ്ങൾ അടങ്ങിയ ലോകവ്യവസ്ഥ) കമ്പിച്ചു, പ്രകമ്പനം കൊണ്ടു, ആ സ്പന്ദനം എങ്ങും നിറഞ്ഞു (സംപ്രവിദ്ധ).

അപ്പമാണോ ഉളാരോ ഓഭാസോ ലോകേ പാതുരഹോസി: അതിക്കമ്മ ദേവാനം ദേവാനുഭാവന്തി. 

അപ്രമാണമായ, ഉദാരമായ, പ്രകാശം ലോകത്ത് പ്രത്യക്ഷമായി, ദേവന്മാരുടെ തേജസ്സിനെയും മറികടന്ന്.

നാമകരണം

അഥ ഖോ ഭഗവാ ഉദാനം ഉദാനേസി: “അഞ്ഞാസി വത ഭോ കോണ്ഡഞ്ഞോ, അഞ്ഞാസി വത ഭോ കോണ്ഡഞ്ഞോതി“. ഇതിഹിദം ആയസ്മതോ കോണ്ഡഞ്ഞസ്സ അഞ്ഞാകോണ്ഡഞ്ഞോത്ഥേവ നാമം അഹോസീതി.

അപ്പോൾ ഭഗവാൻ ഉദാനം ചൊല്ലി, “കോണ്ഡഞ്ഞൻ അറിഞ്ഞു! കോണ്ഡഞ്ഞൻ അറിഞ്ഞു!”

അങ്ങനെ, ആയുഷ്മാൻ കോണ്ഡഞ്ഞന്റെ പേര് “അഞ്ഞാ കോണ്ഡഞ്ഞൻ”(അറിഞ്ഞ കൊണ്ഡഞ്ഞൻ) എന്ന് പ്രസിദ്ധമായി.

(കുറിപ്പ്: ധമ്മചക്കപ്പവത്തന സുത്തത്തിന്റെ ഈ മലയാള പരിഭാഷ ചെയ്തത് യോഗി പ്രബോധജ്ഞാനയും യോഗിനി അഭയാദേവിയും. സർവ്വ മംഗളം)


(For an English translation of this Sutta see Dhammacakkappavattana Sutta )

 

Leave a Reply

Your email address will not be published. Required fields are marked *