ചരിത്രം

കേരളത്തിലെ പുരാതന ബുദ്ധ വിഗ്രഹങ്ങൾ

Buddhism in Kerala
Ancient Buddha Statues of Kerala

നൂറ്റാണ്ടുകളോളം ഒരു ജനതയ്ക്ക് പ്രചോദനമായി നിലകൊണ്ട പുരാതനമായ ചില ബുദ്ധവിഗ്രഹങ്ങൾ കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി കണ്ടെത്തിയിട്ടുണ്ട്. സമാധാനത്തിന്റെയും ഉയർന്ന ചിന്താസരണിയുടെയും വൈജ്ഞാനിക മികവിന്റെയും പ്രതീകങ്ങളാണ് ശാന്തിസ്വരൂപവും കരുണാർദ്രവുമായ  അന്തരാളത്തിൽ നിന്ന് ലോകത്തോട് ഇന്നും പുഞ്ചിരിക്കുന്ന ഈ ബുദ്ധവിഗ്രഹങ്ങൾ.  മതങ്ങൾക്കും ജാതിക്കും അപ്പുറത്തേക്ക് ബൗദ്ധപ്രബോധനങ്ങൾ  ഉൾകൊണ്ട് നീങ്ങിയ ഒരു സംസ്കാരം ഈ കേരളത്തിലും ഉണ്ടായിരുന്നെന്ന് 6-ആം നൂറ്റാണ്ടു മുതലുള്ള ഈ വിഗ്രഹങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

തുടക്കത്തിലേ, ഒന്ന് വ്യക്തമാക്കട്ടെ. വിഗ്രഹങ്ങളിലല്ല ബൗദ്ധമാർഗത്തിന്റെ അടിത്തറ. മറിച്ച്, സ്വയം ബുദ്ധത്വത്തിലേക്ക് ഉണരുന്നതിലാണ്. അതാണ് ബോധോദയം. മതങ്ങളുടെ ചട്ടക്കൂടുകൾക്കപ്പുറം ഉണർന്ന ബോധത്തോടെയും വിടർന്ന ഹൃദയത്തോടെയും പ്രവർത്തിക്കുന്നതിലാണ് ബൗദ്ധമാർഗികൾ നിർവൃതി പൂകുന്നത്. ശ്രീബുദ്ധന്റെ ശാന്തിഭാവവും കരുണാഭാവവും ബോധത്തിന്റെ തെളിമയും വികാരങ്ങൾക്ക് മേലുള്ള വിജയവും മറ്റും നമ്മിൽ ഉദ്ദീപിപ്പിച്ച് വിഗ്രഹങ്ങൾ നമുക്ക്  മാർഗ്ഗത്തിൽ ഒരു പ്രചോദനമാകാം. അത്രമാത്രം. വിഗ്രഹങ്ങളേതുമില്ലാതെയും ഒരു ബൗദ്ധമാർഗിക്ക് തന്റെ സഞ്ചാരം പ്രാവർത്തികമാക്കാം. അതിനാൽ, ഈ പുരാതന വിഗ്രഹങ്ങളുടെ പ്രാധാന്യം ബൗദ്ധമാർഗ്ഗത്തിലേക്കാളേറെ കേരളത്തിന്റെ ചരിത്രം മനസ്സിലാക്കുന്നതിലാണ്. അവ ചരിത്രസ്മാരകങ്ങളായി സംരക്ഷിക്കപ്പെടേണ്ടവയാണ്.

അതിപുരാതന കാലം മുതലേ കേരളത്തിന്റെ സംസ്കാരത്തിൽ ബൗദ്ധമാർഗ്ഗം ചെലുത്തിയ സ്വാധീനം ഇന്നും ദൃശ്യമാണ്. BCE 3 -ആം നൂറ്റാണ്ടിൽ അശോകചക്രവർത്തിയുടെ കാലത്തുതന്നെ കേരളത്തിൽ ബുദ്ധദർശനം എത്തിയിരുന്നു. ബ്രാഹ്മണമതം കേരളത്തിൽ വേരുറപ്പിക്കുന്നതിന് മുമ്പ് തന്നെ ബൗദ്ധം, ജൈനം തുടങ്ങിയ ചിന്താധാരകൾ കേരളത്തിൽ വ്യാപിച്ചിരുന്നു എന്ന് ചരിത്രരേഖകളിൽ നിന്ന് വ്യക്തമാണ്. CE 2 -ആം നൂറ്റാണ്ടിൽ മണിമേഖലൈ  എന്ന സംഘകാലകാവ്യപ്രകാരം, ആ കാലയളവിൽ  ബൗദ്ധം, നിർഗ്രന്ഥം (ജൈനം), ആജീവികം, വേദവാദം, മീമാംസ, ശൈവവാദം, വൈഷ്ണവവാദം, സാംഖ്യം, വൈശേഷികം, ഭൂതവാദം (ചാർവാകം) തുടങ്ങി പല ചിന്താധാരകളും വഞ്ചിനാട്ടിലെ സർവകലാശാലകളിൽ പാഠ്യവിഷയമായിരുന്നു. വഞ്ചിനാട്ടിലെ ഒരു ബൗദ്ധസ്തൂപത്തെക്കുറിച്ചും മണിമേഖലയിൽ പ്രതിപാദിക്കുന്നുണ്ട്. CE 6 -ആം നൂറ്റാണ്ടിൽ കേരളത്തിൽ നിന്നുള്ള ആചാര്യ ഭാവവിവേകൻ വിശ്വവിഖാതനായ ബൗദ്ധതത്വചിന്തകനായിരുന്നു. അദ്ദേഹത്തിന്റെ തത്വചിന്ത സ്വാതന്ത്രികമദ്ധ്യമകം എന്ന പേരിൽ പ്രഖ്യാതമാണ്.  ജപ്പാനിലും ചൈനയിലും വിഖ്യാതനായ CE  7 -ആം നൂറ്റാണ്ടിലെ ബൗദ്ധയോഗി വജ്രബോധിയും കേരളത്തിൽ നിന്നായിരുന്നു. ജപ്പാനിലെ ഷിൻഗോൺ ബുദ്ധിസം അദ്ധേഹത്തിന്റെ പിന്മുറക്കാരുടേതാണ്. CE 11 -ആം നൂറ്റാണ്ടു വരെയെങ്കിലും ശ്രീമൂലവാസം എന്ന പേരിൽ പ്രഖ്യാതമായ ഒരു മഹായാനബൗദ്ധവിഹാരം കേരളത്തിലെ ആയ് രാജ്യത്തിൽ നിലനിന്നതിനും കേരളത്തിലെ തന്നെ ഏഴിമലരാജ്യത്തെ ചില രാജാക്കന്മാർക്ക് ഈ വിഹാരവുമായുള്ള ബന്ധത്തിനും തെളിവുകളുണ്ട്. ഇത്ര വിപുലമായ തോതിൽ ഒരു സഹസ്രാബ്ദത്തിലേറെക്കാലം കേരളത്തിൽ നിറഞ്ഞു ‌നിന്ന ബൗദ്ധചിന്താധാര പിൽക്കാലത്ത് ഇവിടെ നിന്നും വേരറ്റു പോയി. അതിനാൽ ഇന്ന് പലരും കരുതുന്നത്, ബൗദ്ധദർശനവും മാർഗ്ഗവും കേരളത്തിന് അന്യമെന്നും വൈദേശികവുമെന്നാണ്.  ചൈനയിൽ നിന്നും ലങ്കയിൽ നിന്നും  ഇങ്ങോട്ട് ഇറക്കുമതി ചെയ്തതാണെന്ന് വരെ വാദിക്കുന്നവർ കേരളത്തിലുണ്ട്. ഈ സാഹചര്യത്തിലാണ്, ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഈ ശിലകളുടെ പ്രസക്തി.  കേരളത്തിന്റെ ബൗദ്ധ ചരിത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ കേരള ചരിത്രത്തിലെ ബൗദ്ധ ഏടുകൾ വായിക്കുക.

ഈ വിഗ്രഹങ്ങൾ പറയുന്ന ചില കഥകളുണ്ട്.

The stories that the ancient Buddha statues of Kerala tell  – അതിലൊന്ന്, കണ്ടെടുത്ത ശില്പങ്ങളിൽ പലതും CE 6 – 9 നൂറ്റാണ്ടുകളിലേതാണ്. അതായത്, ശങ്കരാചാര്യന് മുമ്പും പിമ്പുമുള്ള ശില്പങ്ങൾ അവയിൽ പെടുന്നു. CE  11 -ആം നൂറ്റാണ്ടിലെ ശ്രീമൂലവാസം വിഹാരത്തിന്റെ ചരിത്രവുമായി ചേർത്ത് വായിക്കുമ്പോൾ, CE 8 -ആം നൂറ്റാണ്ടിൽ ശങ്കരാചാര്യൻ ബൗദ്ധരെ തത്വചിന്തയിൽ തോൽപിച്ചെന്നും കേരളത്തിൽ നിന്നും ആട്ടിപ്പായിച്ചെന്നും മറ്റുമുള്ള കഥകൾ വെറും കെട്ടുകഥകളാണെന്ന് കാണാം. (ഗ്രന്ഥങ്ങൾ പരിശോധിച്ചാലും ബൗദ്ധദർശനത്തിന്റെ മുനയൊടിക്കാൻ കഴിയുന്ന ഒരു വാദഗതിയും ശങ്കരൻ ഉന്നയിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.) ബുദ്ധധർമ്മം കേരളത്തിൽ നിന്ന് തുടച്ച്നീക്കപ്പെട്ടത് CE 12 – 14 നൂറ്റാണ്ട് കാലയളവിൽ ദക്ഷിണ കേരളത്തിലെ ആയ് രാജ്യം, മദ്ധ്യകേരളത്തിലെ കുലശേഖരന്മാർ, ഉത്തരകേരളത്തിലെ ഏഴിമല രാജ്യം, എന്നിവ ക്ഷയിച്ച കാലഘട്ടത്തിലാകാം.

മറ്റൊന്ന്, കണ്ടെടുത്ത വിഗ്രഹങ്ങളിൽ ഒട്ടുമിക്കതും അമ്പലക്കുളങ്ങളിൽ നിന്നാണ്. അമ്പലമെന്നാൽ (അൻപ് + അലം) അനുകമ്പയുടെ സ്‌ഥലം. ഒരു പക്ഷെ, കേരളം ജാതി ഭ്രാന്താലയമായിത്തീർന്ന കാലഘട്ടത്തിൽ ഈ വിഗ്രഹങ്ങൾ അമ്പലത്തിന്റെ നടുക്ക് നിന്ന് കുളത്തിലേക്ക് നീങ്ങിയതാകാം. കേരളത്തിലെ ദേവാലയങ്ങൾ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി അമ്പലമെന്നും ക്ഷേത്രമെന്നും അറിയപ്പെട്ടതും ഈ സംസ്കാരത്തിന്റെയും ഭാഷയുടെയും തുടർച്ചയിൽ നിന്നാകാം. മഹായാന-ബൗദ്ധസാഹിത്യത്തിൽ ക്ഷേത്രം (ഇടം / നിലം / വിഹാരസ്ഥലം) എന്ന പദം ‘ബുദ്ധന്മാർ വിഹരിക്കുന്ന ഇടം’, പുണ്യക്ഷേത്രം (പുണ്യപ്രവർത്തികൾ ചെയ്യുന്ന ഇടം) തുടങ്ങിയ അർത്ഥങ്ങളിൽ വ്യാപകമായി ഉപയോഗിക്കാറുണ്ട്. 

മറ്റൊരു വിശേഷത, ഏറ്റവും അധികം ബുദ്ധവിഗ്രഹങ്ങൾ  കണ്ടെടുത്തത്  പഴയ ‘ഓണാ’ട്ടുകര ഭാഗത്തു നിന്നാണ് എന്നതാണ്. അതായത്, ‘മാവേലി’ക്കര തലസ്ഥാനമായ പഴയ ഓണാട്ടുകര എന്ന നാട്ടുരാജ്യത്തു നിന്ന്. മാവേലിയും ഓണവുമെല്ലാം സമത്വത്തിന്റെയും കള്ളവും ചതിയും ഇല്ലാത്ത സംസ്കാരത്തിന്റെയും ഓർമ്മയായി ഇന്നും കേരളീയ മനസ്സുകളിൽ നിറയുന്നത് യാദൃശ്ചികത മാത്രമാണോ? “തിന്മ ചെയ്യാതിരിക്കുക, അപരന് ഗുണകരമായത് ചെയ്യുക, സ്വന്തം മനസ്സിനെ ശാന്തവും തെളിമയുള്ളതുമാക്കുക” എന്നതാണല്ലോ ബൗദ്ധമാർഗ്ഗത്തിന്റെ അന്തഃസത്ത. ഒരു പക്ഷെ, കേരളത്തിൽ ബുദ്ധിസം പൂർണമായി അസ്തമിക്കുന്നതിന് മുമ്പ് അവസാനകാലം ശേഷിച്ചത് ഓണാട്ടുകര, കൊല്ലം എന്നീ ദേശങ്ങളിലാകാം.

കണ്ടുകിട്ടിയ പല വിഗ്രഹങ്ങളും അതാത് ദേശങ്ങളിലെ പള്ളിക്കൽ എന്ന സ്ഥലവുമായോ കുളവുമായോ ബന്ധപ്പെട്ടിരിക്കുന്നു. പുരാതനകാലത്ത് പള്ളി എന്ന വാക്ക് ബൗദ്ധവിഹാരങ്ങൾക്ക് ഉപയോഗിച്ചിരുന്നുവല്ലോ. പള്ളിക്കൽ എന്ന നാമധേയത്തിലുള്ള വേറെ മൂന്ന് സ്ഥലങ്ങളെങ്കിലും കേരളത്തിലുണ്ട്. അവിടെത്തെ കുളങ്ങളിൽ നിന്നും വേറെയും ബുദ്ധശിലകൾ കിട്ടാൻ സാധ്യതയുണ്ട്.

ഈ വിഗ്രഹങ്ങൾ എല്ലാം കഴിഞ്ഞ 70 വർഷങ്ങളിൽ കണ്ടെടുത്തതെന്നാണ് അറിയപ്പെടുന്നത്. പക്ഷെ, 1919 ൽ നിര്യാതനായ ടി എൻ ഗോപിനാഥറാവുവിന്റെ ട്രാവൻകോർ ആർക്കിയോളോജിക്കൽ സീരീസ് (vol 2 , part 2 ) ൽ ഇവയിൽ അഞ്ച്  വിഗ്രഹങ്ങൾ കണ്ടെടുത്തതിനെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ചിലതെങ്കിലും 150 വർഷങ്ങൾക്കുമുമ്പേ കണ്ടെത്തപ്പെട്ടതും അക്കാലത്ത് പല മിത്തുകളുമായി ബന്ധപ്പെട്ട് അറിയപ്പെട്ടു വരുന്നതുമായിരുന്നു. (ഉദാഹരണമായി, കരുമാടികുട്ടന് വില്വമംഗലം സ്വാമിയുമായി വന്നുചേർന്ന കെട്ടുകഥ. ബുദ്ധനെ അറിയാത്ത ഇടക്കാലത്ത് ഈ  വിഗ്രഹങ്ങൾ കണ്ടെടുത്തമ്പോൾ ഉടലെടുത്തതാണ് ഇത്തരം കെട്ടുകഥകൾ. )

മദ്ധ്യതിരുവിതാംകൂർ ഭാഗത്ത് കണ്ട വിഗ്രഹങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ചേർക്കുന്നു. (List of ancient Buddha statues of Kerala covered in detail here)

  1. മരുതൂർകുളങ്ങരക്ക് സമീപമുള്ള പള്ളിക്കൽ കുളം (കൊല്ലം ജില്ല) – കായംകുളം ബുദ്ധൻ
  2. അടൂരിന് 11km പടിഞ്ഞാറുള്ള പള്ളിക്കൽ (കൊല്ലം ജില്ല) – നേപ്പിയർ ബുദ്ധൻ
  3. മണ്ണടിയിൽ താഴത്തുകുളക്കട (പത്തനംതിട്ട ജില്ല) – മണ്ണടി ബുദ്ധൻ
  4. കായംകുളത്തിന് 5.5km കിഴക്കുള്ള പള്ളിക്കൽ (ആലപ്പുഴ ജില്ല) – ഭരണിക്കാവ് ബുദ്ധൻ
  5. കണ്ടിയൂർ ക്ഷേത്രക്കുളത്തിൽ നിന്ന് (ആലപ്പുഴ ജില്ല) – മാവേലിക്കര ബുദ്ധൻ
  6. അമ്പലപ്പുഴക്ക് 4.7km കിഴക്ക് (ആലപ്പുഴ ജില്ല) – കരുമാടി ബുദ്ധൻ
  7. കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് നിന്നും അടുത്തിടെ കണ്ടെത്തിയത്

മരുതൂർകുളങ്ങര (കായംകുളത്തെ കൃഷ്ണപുരം പാലസ് മ്യൂസിയം)

Ancient Buddha Statue of Kerala - found from Maruthurkulangara  and currently kept at Krishnapuram Museun, Kayamkulam
മരുതൂർകുളങ്ങര ബുദ്ധൻ

ഏകദേശം നാലടി പൊക്കം വരുന്ന ഈ ബുദ്ധവിഗ്രഹം ഇപ്പോൾ കായംകുളത്തെ കൃഷ്ണപുരം പാലസ് മ്യൂസിയത്തിന്റെ ഉദ്യാനത്തിൽ നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. കരുനാഗപ്പള്ളിയിലെ മരുതൂർകുളങ്ങരയിലുള്ള പള്ളിക്കൽ കുളത്തിൽ (കൊല്ലം ജില്ല) നിന്ന് ഒരു നൂറ്റാണ്ട് മുമ്പാണ് ഇത് കണ്ടെടുത്തത്. പള്ളിക്കൽ പുത്രൻ എന്ന് വിളിക്കപ്പെട്ട ഈ വിഗ്രഹം അതിനു ശേഷം കുറേക്കാലം പടനായർ കുളങ്ങരയിൽ സ്ഥാപിച്ചിരുന്നു. പിൽക്കാലത്തു ഈ വിഗ്രഹം ആർക്കിയോളജി വകുപ്പിന് കൈമാറി. മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി ഉത്തരീയം തോളിൽ മടക്കി വയ്ക്കാതെ, ഗാന്ധാരദേശത്തെ ശില്പങ്ങളോട് സാമ്യം പുലർത്തുന്ന രീതിയിലാണ്. ശില്പകലാശൈലി വ്യക്തമാക്കുന്നത് ഈ വിഗ്രഹം CE  6 -7 ആം നൂറ്റാണ്ടിനോ അതിനു മുമ്പോ കൊത്തിയതാകണം എന്നാണ്. ഈ വിഗ്രഹം കിടന്നിരുന്ന മരുതൂർകുളങ്ങരയിലെ പള്ളിക്കൽ കുളം ഇപ്പോൾ കരുനാഗപ്പള്ളി നഗരസഭ ഒരു പൈതൃകകേന്ദ്രമായി വികസിപ്പിക്കുന്നു എന്ന് കേട്ടു. ( https://www.mathrubhumi.com/kannur/kazhcha/–1.2097721 )

പള്ളിക്കൽ (കറ്റാനം ഭരണിക്കാവ്)

Ancient Buddha Statue of Kerala - from Pallikkal, currently kept at Bharanikkavu Devi Temple, Kattanam-Bharanikkavu Road
കറ്റാനം ഭരണിക്കാവ് ബുദ്ധൻ

ഏകദേശം മൂന്നടി പൊക്കമുള്ള ഈ ബുദ്ധവിഗ്രഹം ഇപ്പോൾ കാറ്റാനം-കുറത്തിക്കാട് റോഡിലുള്ള ഭരണിക്കാവ് ദേവി ക്ഷേത്രത്തിലാണ്. കായംകുളത്തിന് 5.5km  കിഴക്കുള്ള പള്ളിക്കലിലെ ഒരു അമ്പലത്തിൽ നിന്നാണ് ഈ വിഗ്രഹം ലഭിച്ചത്. ഉത്തരീയത്തിന്റെ താഴ് ഭാഗം മടക്കി തോളിലോട്ട് അടുക്കിയ രീതിയിലുള്ള ഈ ശൈലിയിലാണ് കേരളത്തിലെ ബുദ്ധവിഗ്രഹങ്ങളിൽ  ഒട്ടുമിക്കതും കണ്ടത്. ശില്പകലാശൈലീപ്രകാരം ഈ വിഗ്രഹം ഏകദേശം CE 9 -10 ആം നൂറ്റാണ്ടുകളിൽ കൊത്തിയതാകണം. ഈ വിഗ്രഹം അത്ര നല്ല നിലയിലല്ല ഇപ്പോൾ സംരക്ഷിക്കപ്പെടുന്നത്.

മാവേലിക്കര

ഏകദേശം മൂന്നടി പൊക്കമുള്ള ഈ ബുദ്ധവിഗ്രഹം ഇപ്പോൾ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്തുള്ള ബുദ്ധ-ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്നു. കണ്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ അമ്പലക്കുളത്തിൽ നിന്നാണ് ഈ വിഗ്രഹം കണ്ടെത്തിയതെന്നാണ് അറിയാൻ കഴിഞ്ഞത്.  ഉത്തരീയത്തിന്റെ താഴ് ഭാഗം മടക്കി തോളിലോട്ട് അടുക്കിയ രീതിയിലുള്ള ഈ ശൈലിയിലാണ് കേരളത്തിലെ ബുദ്ധവിഗ്രഹങ്ങളിൽ  ഒട്ടുമിക്കതും കണ്ടത്. ശില്പകലാശൈലീപ്രകാരം ഈ വിഗ്രഹം ഏകദേശം CE 9 -10 ആം നൂറ്റാണ്ടുകളിൽ കൊത്തിയതാകണം.  ശ്രീലങ്കൻ മാതൃകയിൽ ഒരു ചെറിയ പഗോഡ പണിത് അവിടെയാണ് ഈ വിഗ്രഹം സൂക്ഷിച്ചിരിക്കുന്നത്.

Ancient Buddha Statue of Kerala - from Mavelikkara.
ലേഖികയും യോഗി പ്രബോധയും മാവേലിക്കര ബുദ്ധന്റെ മുൻപിൽ

അമ്പലപ്പുഴ കരുമാടി

കരുമാടിക്കുട്ടൻ എന്ന പേരിൽ വിഖ്യാതമായ ഈ പകുതി വിഗ്രഹമാണ് കേരളത്തിൽ ആദ്യമായി കണ്ടെത്തിയ പുരാതന ബുദ്ധവിഗ്രഹം. ശില്പകലാശൈലി വ്യക്തമാക്കുന്നത് ഈ വിഗ്രഹം ഏതാണ്ട് CE 8 -ആം നൂറ്റാണ്ടിൽ കൊത്തിയതാകുമെന്നാണ്. പുഞ്ചനെൽപാടങ്ങളിലെ കൃഷിക്ക് സംരക്ഷണം നൽകുന്ന ഒരു പ്രാദേശിക ദേവനായി കണക്കാക്കി കരുമാടിക്കുട്ടൻ എന്ന പേരിൽ തദ്ദേശികൾ പിൽക്കാലത്തു ആ വിഗ്രഹത്തെ ആരാധിച്ച്പോന്നു. അടുത്തകാലത്തായി മനോഹരമായ ഒരു പാർക്കിൽ  ഒരു സ്തൂപം പണിത് (ശ്രീലങ്കൻ രീതിയിൽ) ഈ ബുദ്ധവിഗ്രഹം അവിടെ സംരക്ഷിക്കപ്പെട്ടു.  പുഞ്ചപ്പാടങ്ങളുടെ ചാരുതയുമായി നന്നായി ഒത്തുപോകുന്ന തരത്തിലാണ് ഈ പുരാവസ്തു സംരക്ഷണ കേന്ദ്രം നിലനിൽക്കുന്നത്. നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്നതിനാൽ മറ്റ് വിഗ്രഹങ്ങളെ അപേക്ഷിച്ച്  ഈ പകുതി വിഗ്രഹത്തിന് സാംസ്കാരിക പ്രാധാന്യം കൈവന്നിട്ടുണ്ട്.

കുന്നത്തൂർ പള്ളിക്കൽ (തിരുവന്തപുരത്തെ നേപ്പിയർ ആർട് മ്യൂസിയം)

Ancient Buddha Statue of Kerala - from Kunnathur, currently at Napier Museum, Thiruvananthapuram
കുന്നത്തൂർ ബുദ്ധൻ

അടൂരിന് 11km പടിഞ്ഞാറുള്ള പള്ളിക്കൽ  (കുന്നത്തൂർ താലൂക്ക്)  നിന്നും ലഭിച്ചതാണ് രണ്ടര അടി പൊക്കം വരുന്ന ഈ ബുദ്ധവിഗ്രഹം. ഈ വിഗ്രഹത്തിന്റെ തല ആർക്കിയോളജി വകുപ്പ് പുനർനിർമ്മിച്ചതാണ്.  ശില്പകലാശൈലീപ്രകാരം ഈ വിഗ്രഹം ഏകദേശം CE 9 -10 ആം നൂറ്റാണ്ടുകളിൽ കൊത്തിയതാകണം. ഇപ്പോൾ തിരുവന്തപുരത്തെ നേപ്പിയർ ആർട് മ്യൂസിയത്തിലാണ് ഇത് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.

മണ്ണടി

മണ്ണടിക്ക് സമീപം കല്ലടയാറ്റിൽ മണൽവാരൽ തൊഴിലാളികൾ കണ്ടെടുത്തതാണ് ഈ വിഗ്രഹം. പിന്നീട് താഴത്തുകുളക്കട പബ്ലിക് ലൈബ്രറി അങ്കണത്തിൽ സൂക്ഷിച്ചിരുന്ന ഈ വിഗ്രഹം 2010 ൽ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് ഇപ്പോൾ മണ്ണടി വേലുത്തമ്പി ദളവ സ്മാരകത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഏകദേശം രണ്ടടി പൊക്കം വരും ഈ വിഗ്രഹത്തിന്. പുരാവസ്തു വകുപ്പ് ഇതൊരു ബുദ്ധവിഗ്രഹമാണെന്നാണ് കണക്കാക്കുന്നതെങ്കിലും, ബോധിസത്ത്വ വിഗ്രഹങ്ങളോടാണ് ഇതിന്റെ ചില ലക്ഷണങ്ങൾക്ക് സാമ്യം. ഒരു കൈ ഇടുപ്പിൽ കുത്തി അർദ്ധപത്മാസനത്തിലാണ് ഇരിക്കുന്നത്. ഒടിഞ്ഞു പോയ വലതു കൈ വരദമുദ്രയിലായിരിക്കാനാണ് സാധ്യത. ബുദ്ധന് പൊതുവെയുള്ള ഉത്തരീയം ഈ വിഗ്രഹത്തിലില്ല. പകരം ബോധിസത്ത്വന്മാരും ബൗദ്ധയോഗികളും ഉപയോഗിക്കുന്ന തരത്തിലുള്ള ധ്യാനപ്പട്ടയും (meditation belt) ബോധിസത്ത്വന്മാരുടെ കർണ്ണകുണ്ഡലവും ഈ വിഗ്രഹത്തിൽ കാണാം. ഒരു പത്മത്തിലാണ് ആസനഷ്ടനായിരിക്കുന്നതെന്ന് അവ്യക്തമായി കാണാം. ഒഴുക്കുള്ള ആറ്റിൽ മണലിൽപൂഴ്ന്ന് കിടന്നതുകൊണ്ടാകാം, ഈ വിഗ്രഹത്തിന് കൂടുതൽ തേയ്മാനം സംഭവിച്ചിട്ടുണ്ട്.

കോട്ടപ്പുറം, കൊടുങ്ങല്ലൂർ

കൊടുങ്ങല്ലൂരിലെ കോട്ടാപുരത്ത് നിന്നും കണ്ടെത്തിയ പുരാതന ബുദ്ധ പ്രതിമ (തൃശൂർ ജില്ല, കേരളം)
കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് നിന്നും കണ്ടെത്തിയ പുരാതന ബുദ്ധ പ്രതിമ (തൃശൂർ ജില്ല, കേരളം)

തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് നിന്നും അടുത്തിടെ കണ്ടെത്തിയ ബുദ്ധ പ്രതിമ. പുരാതന കേരളത്തിലെ പ്രശസ്ത ബൗദ്ധ കേന്ദ്രമായ വഞ്ചിയുടെ സ്ഥലമായാണ് കൊടുങ്ങല്ലൂർ കണക്കാക്കപ്പെടുന്നത്. ഏകദേശം 1.5 അടി ഉയരമുള്ള ഈ ചെറിയ പ്രതിമ എ.ഡി എട്ടാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനും ഇടയിൽ നിന്നാണെന്ന് കരുതപ്പെടുന്നു. ഇത് ഇപ്പോൾ തിരുവനന്തപുരം ഡയറക്ടറേറ്റ് ഓഫ് ആർക്കിയോളജിയിൽ സൂക്ഷിച്ചിരിക്കുന്നു.

കേരളത്തിൽ കണ്ടെടുത്തിട്ടുള്ള മറ്റു ചില പുരാതന ബുദ്ധ പ്രതിമകളും ശകലങ്ങളും.

കേരളത്തിൽ കണ്ടെടുത്തിട്ടുള്ള മറ്റു ചില പുരാതന ബുദ്ധ പ്രതിമകളും ശകലങ്ങളും. ഇവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നേരിട്ട് പരിശോധിച്ച ശേഷം നൽകാം. (List of other ancient Buddha statues of Kerala)

  1. ചെങ്ങന്നൂരിനടുത്ത് മംഗലം തേവാർക്കാട് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം വരട്ടാർ നദിയുടെ തീരത്ത് നിന്നും കണ്ടെത്തിയ ബുദ്ധ ശിൽപം (ആലപ്പുഴ ജില്ല).
  2. മറയൂർ കോവിൽകടവ് ശ്രീ തെങ്കാശിനാഥൻ ക്ഷേത്രത്തിലെ ബുദ്ധ പ്രതിമ (ഇടുക്കി ജില്ല).
  3. കോട്ടയം ജില്ലയിലെ വെള്ളിലാപ്പള്ളിയിൽ നിന്ന് കണ്ടെടുത്ത ബുദ്ധ പ്രതിമ. ഇപ്പോൾ തൃശൂരിലെ ശക്തി തമ്പുരൻ ആർക്കിയോളജിക്കൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
  4. കോട്ടയം ജില്ലയിലെ വെള്ളിലാപ്പള്ളിയിൽ നിന്ന് കണ്ടെടുത്ത ബുദ്ധ പ്രതിമയുടെ തല. ഇപ്പോൾ എറണാകുളത്തെ ഹിൽ പാലസ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
  5. കാലടി ഓണംപിള്ളിയിലെ ഒരു വീട്ടിൽ വച്ചിരിക്കുന്ന ബുദ്ധ പ്രതിമ (എറണാകുളം ജില്ല) .
  6. പട്ടണം നിലേശ്വരത്ത് ഒരു ക്ഷേത്രത്തിന് പുറത്ത് ഇരിക്കുന്ന ബുദ്ധ പ്രതിമയുടെ ശകലം (എറണാകുളം ജില്ല).
കേരളത്തിന്റെ ബൗദ്ധ ചരിത്രത്തെ കുറിച്ച് അറിയാൻ –

കേരള ചരിത്രത്തിലെ ബൗദ്ധ ഏടുകൾ

The History of Buddhism in Kerala BCE 3 -ആം നൂറ്റാണ്ട് മുതൽ CE 12 -ആം നൂറ്റാണ്ടു വരെ ബൗദ്ധമാർഗ്ഗം കേരളത്തിൽ നിലനിന്നിരുന്നതിനും, കേരളീയ ...

Leave a Reply

Your email address will not be published. Required fields are marked *